| Wednesday, 5th November 2025, 1:24 pm

തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം നില്‍ക്കും; കറുത്ത വര്‍ഗക്കാര്‍, കുടിയേറ്റക്കാര്‍, മുസ്‌ലിങ്ങള്‍, ജൂതന്മാര്‍ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തും: മംദാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തില്‍ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള മറുപടിയും വിജയ പ്രസംഗത്തില്‍ മംദാനി നല്‍കി.

ട്രംപിനെ ജനിപ്പിച്ച നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്തുമെന്ന് ഈ തെരഞ്ഞെടുപ്പ് കാണിച്ചുകൊടുത്തെന്ന് മംദാനി പറഞ്ഞു.

‘ട്രംപ്, നിങ്ങള്‍ എന്നെ കേള്‍ക്കുന്നുണ്ടെന്ന് അറിയാം. എനിക്ക് ചിലത് നിങ്ങളോട് പറയാനുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളില്‍ ഒരാളെ മാത്രമായി പരാജയപ്പെടുത്താനാവില്ല. അതിനായി ഞങ്ങള്‍ എല്ലാവരേയും നിങ്ങള്‍ക്ക് പരാജയപ്പെടുത്തേണ്ടി വരും.

ട്രംപിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ക്ക് നികുതി ഒഴിവാക്കാനും, നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം ഞങ്ങള്‍ അവസാനിപ്പിക്കും.

യൂണിയനുകള്‍ക്കൊപ്പം നില്‍ക്കുകയും തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ലഭിക്കുമ്പോള്‍, അവരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന മുതലാളിമാര്‍ പരാജയപ്പെടുമെന്ന് ട്രംപിനെപ്പോലെത്തന്നെ
നമുക്കുമറിയാം.’മംദാനി പറഞ്ഞു.

രാഷ്ട്രീയ അന്ധകാരം മാറി ന്യൂയോര്‍ക്ക് വെളിച്ചത്തിലേക്ക് നീങ്ങുകയാണെന്നും കറുത്ത വര്‍ഗക്കാര്‍, കുടിയേറ്റക്കാര്‍, മുസ്ലിങ്ങള്‍, ജൂതന്മാര്‍ ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും സൊഹ്റാന്‍ മംദാനി പറഞ്ഞു.

നിങ്ങള്‍ ഒരു കുടിയേറ്റക്കാരനായിക്കോട്ടെ, ട്രാന്‍സ് കമ്മ്യൂണിറ്റി അംഗമായിക്കോട്ടെ, ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ കറുത്ത വംശജരായ സ്ത്രീകളില്‍ ഒരാളായാളിക്കോട്ടെ, പലചരക്ക് സാധനങ്ങളുടെ വില കുറയാന്‍ കാത്തിരിക്കുന്ന ഒരു സിംഗിള്‍ പാരന്റായിക്കോട്ടെ, മറ്റാരുമായിക്കോട്ടെ, നിങ്ങളുടെ പോരാട്ടം ഞങ്ങളുടേതാണ്, സൊഹ്റാന്‍ മംദാനി പറഞ്ഞു.

ജൂത ന്യൂയോര്‍ക്കുകാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജൂതവിരോധം എന്ന മഹാവിപത്തിനെതിരായ പോരാട്ടത്തില്‍ പതറാതെ നിലകൊള്ളുമെന്നും അവിടെ, പത്ത് ലക്ഷത്തിലധികം വരുന്ന മുസ്‌ലിങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

രാഷ്ട്രീയം, അധികാരഭാവത്തോടെയല്ലാതെ നിങ്ങളോട് സംസാരിക്കുമ്പോള്‍ ഇവിടെ ഒരു പുതിയ നേതൃത്വം സാധ്യമാണെന്ന് കാണിച്ചുതന്നതിന് നന്ദി. സെനഗലിലെ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ ഉസ്ബെക്കിലെ നഴ്‌സുമാര്‍ മുതല്‍ ട്രിനി ലൈന്‍ പാചകക്കാര്‍ വരെയുള്ള, ഈ നഗരത്തിന്റെ രാഷ്ട്രീയം തന്നെ മറന്നുപോയവരുടെ വിജയമാണ് ഇത്.

ഈ നഗരം നിങ്ങളുടേതാണ്, ഇവിടുത്തെ ജനാധിപത്യവും നിങ്ങളുടേതാണ്. യു.എസിന്റെ ഭാവി നമ്മുടെ കൈകളിലാണ്. നമ്മള്‍ ഒരു രാഷ്ട്രീയ കുടുംബാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നു. മാറ്റത്തിനായുള്ള ജനവിധിയാണ് ഇത്. പുതിയൊരു രാഷ്ട്രീയത്തിനായുള്ള ജനവിധി. അതുപോലെ നമുക്ക് താങ്ങാന്‍ കഴിയുന്ന, ഒരു നഗരത്തിനായുള്ള ജനവിധി കൂടിയാണ് ഇത്.

നിങ്ങളെ നയിക്കാന്‍ ഞാന്‍ യോഗ്യനാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കിയതിന് നന്ദി. എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് ഒരു ലക്ഷ്യത്തോടെയാണ്. ഈ നഗരത്തെ തൊട്ടു മുന്‍പുള്ള ദിവസത്തേക്കാള്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന ഞാന്‍ പ്രത്യാശിക്കുന്നു. അതുപോലെ ‘പുരോഗതിയുടെ ഒരു നവയുഗം’ സൃഷ്ടിക്കാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മംദാനി പറഞ്ഞു.

ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി. 1969ന് ശേഷം ഏറ്റവും കൂടുതല്‍ പോളിങ് നടന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ന്യൂയോര്‍ക്കിലേത്.

20 ലക്ഷത്തിലധികം വോട്ടുകളാണ് പോള്‍ ചെയ്തത്. വലിയൊരു ശതമാനം യുവാക്കളുടെ വോട്ടുകളാണ് മംമാദിയ്ക്ക് ഇത്രയും വലിയൊരു വിജയം സമ്മാനിച്ചത്.

Content Highlight: Mamdani promises to fight for Black, immigrant, Jewish and Muslim New Yorkers

We use cookies to give you the best possible experience. Learn more