| Tuesday, 14th July 2026, 9:01 pm

അവര്‍ നമ്മുടെ പരിചയക്കാരെ കൊല്ലുകയാണ്; ഐ.സി.ഇ ഇല്ലാതാക്കണമെന്ന് മംദാനി

റെന്വര്‍ പി

ന്യൂയോര്‍ക്ക്: യു.എസിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐ.സി.ഇ) പിരിച്ചുവിടണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനി. യു.എസിലെ മെയ്ന്‍ സംസ്ഥാനത്തെ ബിദെര്‍ഫോര്‍ഡില്‍ ഐ.സി.ഇ ഏജന്റുമാര്‍ ഒരു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ പ്രതികരണം.

‘ഇന്ന് രാവിലെ ബിദ്ദേര്‍ഫോര്‍ഡില്‍ ഒരു 26 വയസ്സുകാരന്‍ ഭാര്യയോടും മകളോടും യാത്ര പറഞ്ഞ് ജോലിക്കായി ഇറങ്ങി. മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം കൊല്ലപ്പെട്ടു. ഐ.സി.ഇ. ഏജന്റുമാര്‍ അദ്ദേഹത്തിന്റെ തലയില്‍ വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് രണ്ടാമത്തെ മനുഷ്യനെയാണ് ഐ.സി.ഇ കൊലപ്പെടുത്തുന്നത്,’ മംദാനി കുറിച്ചു.

‘ഐ.സി.ഇ നമ്മുടെ അയല്‍ക്കാരെ കൊല്ലുകയാണ്. ഐ.സി.ഇയെ പരിഷ്‌കരിക്കാനാവില്ല. ഐ.സി.ഇ ഇല്ലാതാക്കുക,’ മംദാനി അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല മംദാനി ഐ.സി.ഇ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നത്. ഈ മാസം ഏഴിന് ടെക്‌സസിലെ ഹൂസ്റ്റണില്‍ മെക്‌സികന്‍ കുടിയേറ്റക്കാരനായ ലൊറെന്‍സോ അറാജുവോ എന്നയാളെ ഐ.സി.ഇ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഐ.സി.ഇ പിരിച്ചുവിടണമെന്ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മംദാനി ആവശ്യപ്പെട്ടത്.

‘ലൊറെന്‍സോ അറാജുവോ 35 വര്‍ഷമായി ഹൂസ്റ്റണെയാണ് സ്വന്തം നാടായി കാണുന്നത്. ചൊവ്വാഴ്ച ഐ.സി.ഇ ഏജന്റ് അദ്ദേഹത്തെ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബം മരണവാര്‍ത്ത അറിഞ്ഞത് ഒരു വീഡിയോയിലൂടെയാണ്,’ എന്നാണ് അന്ന് മംദാനി പറഞ്ഞത്.

‘നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം… ഐ.സി.ഇ പിരിച്ചുവിടണം,’ എന്നും മംദാനി അന്ന് പറഞ്ഞിരുന്നു.

Content Highlight: Mamdani demands end to ICE after Maine shooting

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more