കൊല്‍ക്കത്ത: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ഈ ആഴ്ച മാള്‍ഡയിലും മുര്‍ഷിദാബാദിലുമായി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലികള്‍ നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂനപക്ഷക്കാര്‍, കുടിയേറ്റക്കാര്‍, പലായനം ചെയ്തവര്‍ എന്നിവര്‍ തിങ്ങിപ്പാര്‍ക്കുന്ന അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള മൂന്ന് അതിര്‍ത്തി ജില്ലകളിലാണ് റാലികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ മൂന്നിന് മാള്‍ഡയിലെ ഗാജോലിലും, നാലിന് മുര്‍ഷിദാബാദിലെ ബെഹറാംപൂര്‍ സ്റ്റേഡിയത്തിലും, ഡിസംബര്‍ ഒമ്പതിന് കൂച്ച് ബീഹാറിലെ ചരിത്രപരമായ റാഷ് മേള മൈതാനത്തുമാണ് റാലികള്‍ നടക്കുക.
കഴിഞ്ഞയാഴ്ച അഭയാര്‍ഥികള്‍ കൂടുതലുള്ള മതുവ മേഖലയിലെ ബോംഗാവോണ്‍ റാലിയില്‍ മമത തന്റെ ആദ്യഘട്ട പ്രതിഷേധ റാലിക്ക് തുടക്കമിട്ടിരുന്നു. എസ്.ഐ.ആര്‍ പ്രക്രിയയിലൂടെ അതിര്‍ത്തിയിലെ ജനങ്ങളെ ബി.ജെ.പി ഭയപ്പെടുത്തുകയാണെന്നും ദുരുപയോഗം ചെയ്യുകയാണെന്നും മമത ആരോപിച്ചിരുന്നു.
എന്നാല്‍ എസ്.ഐ.ആര്‍ സൃഷ്ടിക്കുന്ന പൗരത്വഭീതിയെ മുന്‍നിര്‍ത്തി, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ന്യൂനപക്ഷങ്ങളെയും, കുടിയേറ്റ അതിര്‍ത്തി ജനതയെയും ഒപ്പം നിര്‍ത്താനുള്ള തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
വടക്കന്‍ ബംഗാളില്‍ അടുത്തിടെ നടന്നതില്‍ ഏറ്റവും വലിയ ശക്തിപ്രകടനമായിരിക്കും ഡിസംബര്‍ ഒമ്പതിന് കൂച്ച് ബീഹാറില്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ദിന്‍ഹട്ട, സിതായ്, സിതല്‍കുച്ചി, മേഖ്‌ലിഗഞ്ച് എന്നിവിടങ്ങളിലെ ഗ്രാമീണ കുടുംബങ്ങള്‍ക്കിടയില്‍ എസ്.ഐ.ആര്‍ സൃഷ്ടിച്ച ഭയമാണ് ഈ റാലിയിലേക്ക് വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കാനുള്ള പ്രധാന കാരണം.
കൂച്ച് ബീഹാര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ ഒന്നിന് ബ്ലോക്ക് പ്രസിഡന്റുമാരുമായി അടിയന്തര യോഗവും രണ്ടിന് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന യോഗവും നടക്കും.
എന്നാല്‍, തൃണമൂലിന്റെ നടപടിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്ന നിയമപരമായ പ്രക്രിയയെ എതിര്‍ക്കുകയും നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുകയാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
Content Highlight: Mamata to intensify protests against SIR; Mega rallies in Malda, Murshidabad and Cooch Behar