| Tuesday, 23rd June 2026, 4:10 pm

വിമത നീക്കത്തിന് മമതയുടെ തിരിച്ചടി; ഫിര്‍ഹാദ് ഹക്കിമിനെയും അരൂപ് വിശ്വാസിനെയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജിക്കതിരെ ഉയര്‍ന്ന അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് മുന്‍ കൊല്‍ക്കത്ത മേയറും മമതയുടെ വിശ്വസ്തനുമായിരുന്ന ഫിര്‍ഹാദ് ഹക്കിം, മുന്‍ മന്ത്രി അരൂപ് വിശ്വാസ് എന്നിവരടക്കം എട്ട് പ്രമുഖ വിമത നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം പുറത്താക്കി.

മമത ബാനര്‍ജിയെ പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് നീക്കിയതായി വിമത വിഭാഗം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം കടുത്ത നടപടിയുമായി രംഗത്തെത്തിയത്.

ഫിര്‍ഹാദ് ഹക്കിം, അരൂപ് വിശ്വാസ് എന്നിവര്‍ക്ക് പുറമെ വിമത നീക്കത്തില്‍ പങ്കാളികളായ ജാവേദ് അഹമ്മദ് ഖാന്‍, അരൂപ് റോയ്, രതിന്‍ ഘോഷ്, വിപ്ലബ് മിത്ര, സബീന യാസ്മിന്‍, സ്‌നേഹാസിസ് ചക്രവര്‍ത്തി എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഔദ്യോഗിക വിഭാഗം അറിയിച്ചു.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മമത ബാനര്‍ജിയെ മാറ്റി മുതിര്‍ന്ന എം.എല്‍.എ ആയ അരൂപ് റോയിയെ പുതിയ ചെയര്‍പേഴ്സണായി വിമതര്‍ തിരഞ്ഞെടുത്തിരുന്നു.

ഇതിന് പുറമെ 30 അംഗങ്ങളുള്ള പുതിയ നാഷണല്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കുകയും ഫിര്‍ഹാദ് ഹക്കിം, അരൂപ് വിശ്വാസ് എന്നിവരെ വൈസ് ചെയര്‍പേഴ്സണ്‍മാരായി നിയമിക്കുകയും ചെയ്തു. ഇതാണ് ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചത്.

ബോധപൂര്‍വം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, പുതിയ സമിതി പ്രഖ്യാപനത്തോടെ പുറത്താക്കല്‍ നടപടി വേഗത്തിലാക്കുകയായിരുന്നു.

പാര്‍ട്ടിയിലെ 80 എം.എല്‍.എമാരില്‍ 60 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. മമത ബാനര്‍ജി പാര്‍ട്ടിയുടെ ‘മെന്റര്‍’ (ഉപദേശക) ആയി തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹം എന്നാണ് വിമതപക്ഷത്തിന്റെ അവകാശവാദം.

1998-ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് മമത ബാനര്‍ജിക്ക് സ്വന്തം അണികളില്‍ നിന്ന് ഇത്ര വലിയൊരു വെല്ലുവിളി നേരിടേണ്ടി വരുന്നത്. നേരത്തെ പാര്‍ട്ടിയുടെ 28 ലോക്സഭാ എം.പിമാരില്‍ 20 പേരും മമത പക്ഷത്തുനിന്ന് വിട്ടുമാറി ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ’യില്‍ ലയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അവകാശപ്പെട്ടുകൊണ്ട് വിമത വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.

എന്നാല്‍ മമത ബാനര്‍ജി തന്നെയാണ് ഇപ്പോഴും പാര്‍ട്ടി അധ്യക്ഷയെന്ന് വ്യക്തമാക്കി ഔദ്യോഗിക വിഭാഗം പുതിയ ഭാരവാഹി പട്ടിക ഇതിനകം തന്നെ കമ്മീഷന് കൈമാറിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാകും ഈ അധികാര തര്‍ക്കം.

Content Highlight: Mamata’s retaliation for rebel move; Firhad Hakim and Arup Vishwas expelled from Trinamool Congress

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more