| Saturday, 26th September 2026, 4:47 pm

മമതയുടെ റാലി: കുനാല്‍ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ്; ചില്ല് തകര്‍ത്തു

അഞ്ജു ചന്ദ്രന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷിന്റെ കാറിന് നേരെ കല്ലും മുട്ടയും എറിഞ്ഞ് ചില്ലുകള്‍ തകര്‍ത്തതായും ഒരു സംഘം ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട്.

ശനിയാഴ്ച ഹൂഗ്ലിയിലെ സെറാംപൂരില്‍ മമത ബാനര്‍ജി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ എത്തുന്നതിനിടെയാണ് സംഭവം. ഉത്തര്‍പാര മേഖലയിലായിരുന്നു ആക്രമണം.

കറുത്ത കൊടികളുമായി എത്തിയ സംഘം കുനാല്‍ ഘോഷിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് കാറിന് നേരെ മുട്ടയും കല്ലും എറിഞ്ഞു. ആക്രമണത്തില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് അവിടെ പൊലീസുകാരുണ്ടായിരുന്നില്ലെന്നാണ് കുനാല്‍ ഘോഷിന്റെ പ്രതികരണം.

സംഭവത്തെ ‘ജംഗിള്‍ രാജ്’ എന്ന് വിശേഷിപ്പിച്ച കുനാല്‍ ഘോഷ് കാറിന് നേരെ കല്ലും മുട്ടയും എറിഞ്ഞതായും റോഡ് തടഞ്ഞതായും ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കുന്നതിനായി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാദം. അതേസമയം, മമത ബാനര്‍ജി പങ്കെടുക്കുന്ന സെറാംപൂര്‍ റാലിക്ക് നേരത്തെ തന്നെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു.

റാലിക്ക് മുന്നോടിയായി തൃണമൂല്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും 150ലധികം പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയതായും നേതാക്കള്‍ പറഞ്ഞു.

Content Highlights: Mamata’s rally: Eggs hurled at Kunal Ghosh’s car; window shattered.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more