| Thursday, 14th May 2026, 10:17 pm

മമതയുടെ അഭിഭാഷക വേഷം; എൻറോൾമെന്റ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

മുഹമ്മദ് നബീല്‍

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭിഭാഷകയുടെ വേഷത്തിൽ കൽക്കട്ട ഹൈക്കോടതിയിൽ ഹാജരായതിനെത്തുടർന്ന് അവരുടെ അഭിഭാഷക എൻറോൾമെന്റ് സംബന്ധിച്ച വിവരങ്ങൾ തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബാർ കൗൺസിലിനെ സമീപിച്ചു.

സംസ്ഥാന ബാർ കൗൺസിൽ സെക്രട്ടറിക്ക് അയച്ച കത്തിൽ മെയ് 16 നകം ഈ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) നിർദേശിച്ചു.

അഭിഭാഷകയുടെ വേഷമണിഞ്ഞ് മമത ബാനർജി ഹൈക്കോടതിയിൽ ഹാജരായതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായി ബി.സി.ഐ അറിയിച്ചു.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങളിൽ അഭിഭാഷകർ പാലിക്കേണ്ട തൊഴിൽപരമായ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും നിഷ്കർഷിക്കുന്നുണ്ട്. അതിൽ സുപ്രീം കോടതി, ഹൈക്കോടതികൾ, കീഴ്കോടതികൾ, ട്രൈബ്യൂണലുകൾ അല്ലെങ്കിൽ മറ്റ് അതോറിറ്റികൾ എന്നിവയ്ക്ക് മുന്നിൽ ഹാജരാകുമ്പോൾ അഭിഭാഷകർ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ബാൻഡുകളും അഡ്വക്കേറ്റ് ഗൗണുകളും നിശ്ചിത രീതിയിൽ ധരിക്കണമെന്ന നിർദേശവും ഉൾപ്പെടുന്നതായി ബി.സി.ഐ പറഞ്ഞു. മമത ഈ രീതികൾ പാലിക്കാത്തതിനാലാണ് ബംഗാൾ ബാർ കൗണ്സിലിനോട് വിശദീകരണം ചോദിച്ച് കത്തയച്ചത്.

മമത പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബാർ കൗൺസിലിൽ എൻറോൾ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ എൻറോൾമെന്റ് നമ്പർ, എൻറോൾ ചെയ്ത തീയതി, നിലവിൽ സ്റ്റേറ്റ് ബാർ കൗൺസിൽ സൂക്ഷിക്കുന്ന അഭിഭാഷകരുടെ പട്ടികയിൽ അവരുടെ പേരുണ്ടോ എന്നീ കാര്യങ്ങൾ ചോദിച്ചാണ് ബി.സി.ഐയുടെ കത്ത്.

ആവശ്യപ്പെട്ട വിവരങ്ങൾ സ്റ്റേറ്റ് റോൾ, എൻറോൾമെന്റ് രജിസ്റ്റർ, പ്രാക്ടീസ് സർട്ടിഫിക്കറ്റ് രേഖകൾ, പ്രാക്ടീസ് താൽക്കാലികമായോ സ്ഥിരമായോ നിർത്തിവെച്ചതുമായി ബന്ധപ്പെട്ട രേഖകൾ, പ്രാക്ടീസ് പുനരാരംഭിച്ചതിന്റെ രേഖകൾ, ഇതുമായി ബന്ധപ്പെട്ട ഫയൽ കുറിപ്പുകൾ തുടങ്ങിയ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് ഉറപ്പുവരുത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ബാർ കൗൺസിലിനോട് ആവശ്യപ്പെട്ടു.

എല്ലാ രേഖകളുടെയും പകർപ്പുകൾ നൽകണമെന്നും ബി.സി.ഐ സംസ്ഥാന സംസ്ഥാന ബാർ കൗൺസിലിനോട് ആവശ്യപെട്ടിട്ടുണ്ട്.

Content Highlight: Mamata’s lawyer role; Bar Council of India asks to produce enrollment documents

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more