| Monday, 4th May 2026, 10:16 pm

സ്റ്റാലിന് പിറകെ മമതയും; ബി.ജെ.പി തരംഗത്തിൽ ദീദിക്കും കാലിടറി

മുഹമ്മദ് നബീല്‍

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപുർ മണ്ഡലത്തിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. മമതയുടെ കോട്ടയായി കരുതപ്പെടുന്ന ഈ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.

15105 വോട്ടിനാണ് മമത സുവേന്ദു അധികാരിയോട് തോറ്റത്. സുവേന്ദു അധികാരി 73917 വോട്ടുനേടിയപ്പോൾ മമതയ്ക്ക് 58812 വോട്ടുകൾ മാത്രമാണ് നേടാനായത്. 2021 ൽ നടന്ന തെരഞ്ഞെടുപ്പിലും മമത സുവേന്ദു അധികാരിയെ തന്നെയാണ് നേരിട്ടത്. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മമത വിജയിച്ചെങ്കിലും ഇത്തവണ മമതയ്ക്ക് കാലിടറി.

തുടക്കത്തിൽ മമതാ ബാനർജി മുന്നിലായിരുന്നുവെങ്കിലും, അവസാന റൗണ്ടുകളിൽ സുവേന്ദു അധികാരി ലീഡ് ചെയ്യാൻ തുടങ്ങി. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തന്റെ പാർട്ടിയിൽ നിന്ന് വോട്ടുകൾ മോഷ്‌ടിക്കുകയാണെന്ന് മമത ആരോപിച്ചു.

നേരത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്നും ഫലസൂചനകളിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മമത ബാനർജി തന്റെ പോളിംഗ് ഏജന്റുമാർക്ക് സന്ദേശം നൽകിയിരുന്നു.

‘ഞങ്ങൾ 100 ലധികം സീറ്റുകളിൽ മുന്നിലാണ്, എന്നാൽ ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. പുറത്തുവരുന്നതെല്ലാം തെറ്റായ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സേനയും പോലീസും അവർക്കൊപ്പമാണ്,’ മമത ബാനർജി ആരോപിച്ചു.

ബിജെപിക്ക് ഗുണകരമാകുന്ന രീതിയിൽ പലയിടത്തും വോട്ടെണ്ണൽ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും അവർ ആരോപിച്ചു.

‘കൗണ്ടിംഗ് ഏജന്റുമാരും സ്ഥാനാർത്ഥികളും വോട്ടെണ്ണൽ കേന്ദ്രം വിട്ടുപോകരുത്. ഇത് ബി.ജെ.പിയുടെ പദ്ധതിയാണ്, അവർ ആദ്യം മുന്നിലെത്തുമെന്ന് ഞാൻ ഇന്നലെ മുതൽ പറയുന്നുണ്ട്. പലയിടത്തും അവർ വോട്ടെണ്ണൽ നിർത്തിവെച്ചിരിക്കുകയാണ്. ക്രമക്കേടുകളുള്ള വോട്ടിംഗ് മെഷീനുകൾ കണ്ടെത്തിയിട്ടുണ്ട്, കേന്ദ്ര സേനയെ ഉപയോഗിച്ച് എല്ലാ ഭാഗത്തുനിന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണ്,’ മമത പറഞ്ഞു.

Content Highlight: Mamata follows Stalin; Didi also stumbles in BJP wave

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more