കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പേരിനും തെരഞ്ഞെടുപ്പ് ചിഹ്നത്തിനും മേലുള്ള അവകാശവാദം ശക്തിപ്പെടുത്തുന്നതിനായി വിമത വിഭാഗമായ ഡെമോക്രാറ്റിക് ടി.എം.സി വ്യാജ സത്യവാങ്മൂലങ്ങൾ ഉണ്ടാക്കിയെന്ന് ആരോപിച്ച് മമത ബാനർജി വിഭാഗം പൊലീസിൽ പരാതി നൽകി.
ഡെമോക്രാറ്റിക് ടി.എം.സി അധ്യക്ഷൻ അരൂപ് റോയ്, പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി, നാനൂർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മമത വിഭാഗം ടി.എം.സി ട്രഷററും മുൻ എം.പിയുമായ സുഭാഷിഷ് ചക്രവർത്തി നവംബർ 20-ന് കൊൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പിനെ തുടർന്നാണ് നേതൃത്വത്തെയും പാർട്ടി ചിഹ്നത്തെയും ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ആരംഭിച്ചത്.
പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് വിമത വിഭാഗത്തിന് വേണ്ടി വ്യാജ സത്യവാങ്മൂലങ്ങൾ തയ്യാറാക്കാൻ ആസൂത്രിതമായ ശ്രമം നടന്നതായി തന്റെ കൈവശമുള്ള തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് ചക്രവർത്തി പരാതിയിൽ ആരോപിച്ചു. ഒക്ടോബർ 23-നും 27-നും ഇടയിൽ നാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സിവിക് വോളണ്ടിയർമാരും ചേർന്ന് സമീപ ഗ്രാമങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും മുൻകൂട്ടി തയ്യാറാക്കിയ സത്യവാങ്മൂല ഫോർമാറ്റുകളിൽ അവ പൂരിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം.
സത്യവാങ്മൂലം തയ്യാറാക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകുകയോ, ഒപ്പിടാൻ ആരെയും അധികാരപ്പെടുത്തുകയോ ചെയ്യാത്ത വ്യക്തികളുടെ പേരിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നും ഇവരുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്നും പരാതിയിൽ പറയുന്നു.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ നേതാവായി അരൂപ് റോയിയെ നാമനിർദ്ദേശം ചെയ്യുന്നുവെന്നും, മമത ബാനർജിയെ പാർട്ടി നേതാവായി അംഗീകരിക്കുന്നില്ലെന്നുമാണ് ഈ വ്യാജ സത്യവാങ്മൂലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.
നിലവിൽ പാർട്ടി സംബന്ധിച്ച തർക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. മമത ബാനർജി പാർട്ടി അധ്യക്ഷയല്ലെന്നും ഹൗറ മധ്യ എം.എൽ.എ അരൂപ് റോയ് ആണ് അധ്യക്ഷനെന്നുമാണ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ വാദം.
ഇരുവിഭാഗങ്ങളും തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സത്യവാങ്മൂലങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിച്ചു വരികയാണ്. ഇതിൽ കൃത്രിമ പിന്തുണ കാണിക്കാനാണ് വിമത വിഭാഗം ശ്രമിച്ചതെന്നാണ് മമത വിഭാഗത്തിന്റെ ആരോപണം.
ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ പൊലീസിന് കൈമാറാൻ തയ്യാറാണെന്ന് സുഭാഷിഷ് ചക്രവർത്തി അറിയിച്ചു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം നേതാവ് സുജൻ ചക്രവർത്തി ആവശ്യപ്പെട്ടു.
അതേസമയം, ആരോപണവിധേയരായ നേതാക്കളുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Content Highlight:Mamata faction approaches police against the rebel group, alleging the use of forged affidavits to claim the TMC name and symbol.