| Tuesday, 19th August 2025, 12:26 pm

ബംഗാളിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് 5000 രൂപ; പ്രഖ്യാപനവുമായി മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികളായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരുവര്‍ഷത്തേക്ക് എല്ലാമാസവും 5000 രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളി സംസാരിക്കുന്നതിന്റെ പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിനും വിവേചനത്തിനും വിധേയരായതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് മടങ്ങുന്ന ബംഗാളി കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഇത്. ശ്രംശ്രീം എന്നാണ് പദ്ധതിയുടെ പേര്.

‘ബംഗാളി സംസാരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങള്‍ അവരെ കുറ്റവാളികള്‍ ആയി പ്രഖ്യാപിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള 22 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. ഇന്ന് ബംഗാളി സംസാരിക്കുന്നതിന്റെ പേരില്‍ അവരെ കഷ്ടപ്പെടുത്തുകയാണ്.

കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു പുതിയ പദ്ധതിയായ ശ്രംശ്രീം എന്ന പുതിയ പദ്ധതി പശ്ചിമബംഗാളില്‍ ആരംഭിക്കും. കുടിയേറ്റതൊഴിലാളികള്‍ ബംഗാളിലേക്ക് മടങ്ങും, സര്‍ക്കാര്‍ അവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 5000 രൂപ സാമ്പത്തിക സഹായം നല്‍കും. തൊഴില്‍ വകുപ്പിന് കീഴിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇത് ബംഗാളി കുട്ടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്,’ കഴിഞ്ഞദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മമത സംസാരിച്ചു.

മന്ത്രിസഭായോഗത്തിനുശേഷമായിരിക്കും പുതിയ പദ്ധതിയുടെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിലായി 2700 കുടുംബാംഗങ്ങളാണ് പല തരത്തിലുള്ള ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

മടങ്ങുന്നവര്‍ക്ക് യാത്രാസൗകര്യമൊരുക്കുകയും എത്തിയാലുടന്‍ 5000 രൂപ നല്‍കുകയും ചെയ്യും. തുടര്‍ന്ന്, ഒരുവര്‍ഷത്തേക്ക് എല്ലാമാസവും 5000 വെച്ച് നല്‍കും. തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് നൈപുണിപരിശീലനം നല്‍കി തൊഴില്‍ കണ്ടെത്തിക്കൊടുക്കും. ഇവര്‍ക്ക് തൊഴില്‍കാര്‍ഡ് ലഭ്യമാക്കുകയും ചെയ്യും.

തൊഴില്‍ വകുപ്പിന്റെ കീഴിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ‘ശ്രംശ്രീ’ പോര്‍ട്ടലില്‍ പേരുചേര്‍ക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ അംഗമാകാനും കഴിയും. സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മമത അറിയിച്ചു.

Content Highlight: Mamata Banerjee says Rs 5000 will be given to workers returning to West Bengal

We use cookies to give you the best possible experience. Learn more