ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ നടപടികളെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹാജരായി. ചിഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിലെ ആശങ്കകള്‍ മമത വിശദീകരിച്ചു.
ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളെയാണ് നീക്കം ചെയ്തിരിക്കുന്നത്. ആശങ്കകള്‍ പങ്കുവെച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആറ് കത്തുകള്‍ എഴുതിയിട്ടും ഒന്നിനുപോലും മറുപടി ലഭിച്ചില്ലെന്ന് മമത കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാട്‌സ്ആപ്പ് കമ്മീഷനായി മാറിയെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും നിയോഗിക്കപ്പെട്ട മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഏകപക്ഷീയമായി വോട്ടര്‍മാരെ പുറന്തള്ളുകയാണെന്നും അവര്‍ ആരോപിച്ചു.
വിവാഹത്തിന് പിന്നാലെ കുടുംബപ്പേരുകളില്‍ വന്ന മാറ്റങ്ങള്‍ കാരണം സ്ത്രീകളെ കൂട്ടത്തോടെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തുവെന്ന് മമത വിശദീകരിച്ചു.
തിടുക്കപ്പെട്ടാണ് ബംഗാളില്‍ എസ്.ഐ.ആര്‍ നടപ്പാക്കുന്നത്. രണ്ട് വര്‍ഷമെടുക്കുന്ന പ്രക്രിയ മൂന്ന് മാസത്തിനുള്ളില്‍ തീര്‍ക്കാനാണ് ശ്രമം. നൂറിലധികം പേരാണ് എസ്.ഐ.ആര്‍ സമയത്ത് ജീവനൊടുക്കിയതെന്നും ബി.എല്‍.ഒമാരുടെ ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ട് മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബംഗാളിനെ ലക്ഷ്യം വെയ്ക്കുന്നത് എന്തിനാണെന്നും ബി.ജെ.പി ഭരിക്കുന്ന അസമില്‍ എസ്.ഐ.ആര്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദ്യം ചെയ്തു. നീതിക്ക് വേണ്ടിയാണ് പോരാട്ടമെന്നും പക്ഷെ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും മമത പറഞ്ഞു.
ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതിയോട് നന്ദി അറിയിച്ച മമത ബാനര്‍ജി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആവശ്യം പരിഗണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
അതേസമയം, മമത ബാനര്‍ജി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കുകയും കേസ് അടുത്തയാഴ്ചയിലേക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവെയ്ക്കുകയും ചെയ്തു. മമതയ്ക്ക് മറുപടി നല്‍കാനായി ഒരാഴ്ച സമയം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെയും സുപ്രീം കോടതി തള്ളി.
Content Highlight: Mamata Banerjee represented as a lawyer; Supreme Court issues notice to Election Commission