| Tuesday, 29th July 2025, 6:59 am

മുയിസുവിനെ കെട്ടിപിടിക്കുമ്പോള്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മതം നോക്കിയിരുന്നോ? മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ കെട്ടിപിടിക്കുമ്പോള്‍ നരേന്ദ്ര മോദി മതം നോക്കിയിരുന്നോ എന്ന് മമത ചോദിച്ചു. ബോള്‍പൂരില്‍ നടന്ന ‘ഭാഷ ആന്ദോളന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

മാലിദ്വീപിന് 4850 കോടി രൂപ വായ്പ നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മമതയുടെ പരാമര്‍ശം. മാലിദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരം, പ്രതിരോധം, മാരിടൈം സെക്യൂരിറ്റി അടക്കം തന്ത്രപ്രധാനമായ പല മേഖലകളുമായി ബന്ധപ്പെട്ട് മുയിസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് മമതയുടെ വിമര്‍ശനം.

‘അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ നിങ്ങള്‍ ഷെയ്ഖുകളെ കെട്ടിപ്പിടിക്കുന്നു. അവര്‍ ഹിന്ദുക്കളാണോ മുസ്ലിങ്ങളാണോയെന്ന് നിങ്ങള്‍ ചോദിക്കാറുണ്ടോ? മാലിദ്വീപ് പ്രസിഡന്റിന് കെട്ടിപ്പിടിച്ച ശേഷം 5000 കോടി രൂപ വായ്പ നല്‍കാമെന്ന് പറയുമ്പോഴൊക്കെ നിങ്ങള്‍ മതം ഏതെന്ന് തിരക്കിയോ?,’ മമത പറഞ്ഞു.

ബംഗാളി സ്വത്വം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ബംഗാളികള്‍ പീഡിപ്പിക്കപ്പെടുകയാണ്. എന്തിനാണ് ഇത്രമാത്രം വെറുപ്പ് മനസില്‍ കൊണ്ടുനടക്കുന്നതെന്നും മമത ബാനര്‍ജി ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1.5 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ ബംഗാളിന് സ്വീകരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന 22 ലക്ഷം ബംഗാളി കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും മമത കേന്ദ്ര സര്‍ക്കാരിനോട് ചോദ്യമുയര്‍ത്തി.

ബംഗാളി കുടിയേറ്റക്കാരോട് തിരിച്ചുവരാന്‍ ആവശ്യപ്പെടുമെന്നും അവര്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ തയ്യാറാക്കുമെന്നും പറഞ്ഞ മമത, ബംഗാളില്‍ നിന്നുള്ളവര്‍ ഗുജറാത്തിലേക്കോ രാജസ്ഥാനിലേക്കോ പോകരുതെന്നും പറഞ്ഞു.

മതിയായ തിരിച്ചറിയല്‍ രേഖകളുണ്ടായിട്ടും ബംഗാളി കുടിയേറ്റക്കാരെ കേന്ദ്രം ആക്രമിക്കുകയാണെന്നും മമത പറഞ്ഞു. ബംഗാളില്‍ 1.5 കോടി റോഹിങ്ക്യകള്‍ ഉണ്ടെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷേ ബംഗാളിന്റെ ഭൂമിശാസ്ത്രം നിങ്ങള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ബംഗ്ലാദേശില്‍ ഒമ്പത് ലക്ഷം റോഹിങ്ക്യകള്‍ മാത്രമേയുള്ളുവെന്നും മമത ചൂണ്ടിക്കാട്ടി

കൂടാതെ ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു.

Content Highlight: Did the Prime Minister consider Muizzu’s religion while hugging him? Mamata

We use cookies to give you the best possible experience. Learn more