| Thursday, 30th April 2026, 10:18 pm

294ല്‍ 226ഉം നേടും, അധികാരം നിലനിര്‍ത്തും; 'ബി.ജെ.പി ഓഫീസില്‍ തയ്യാറാക്കിയ' എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മമത

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) അധ്യക്ഷയുമായ മമത ബാനര്‍ജി.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ചവിജയം നേടുമെന്നും 294 അംഗ നിയമസഭയില്‍ 226ലധികം സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നും അവര്‍ അവകാശപ്പെട്ടു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മമത ആരോപിച്ചു. ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുന്ന കണക്കുകള്‍ ബി.ജെ.പി ഓഫീസില്‍ നിന്ന് തയ്യാറാക്കി നല്‍കിയവയാണെന്നും ഇതിനായി പണം നല്‍കിയിട്ടുണ്ടെന്നും മമത ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് 226 സീറ്റുകള്‍ കടക്കുമെന്നും ചിലപ്പോള്‍ അത് 230 വരെ എത്താമെന്നുമാണ് മമത ബാനര്‍ജി പ്രതീക്ഷിക്കുന്ന്. ജനങ്ങള്‍ നല്‍കിയ വന്‍ ജനവിധിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര സേന ബി.ജെ.പിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് മമത ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മെയ് നാലിന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. പ്രകോപനമുണ്ടായാലും സമാധാനപരമായി ഇരിക്കണമെന്നും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും ബി.ജെ.പിക്ക് വലിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്.

ടുഡേയ്‌സ് ചാണക്യ: ബി.ജെ.പി – 192, ടി.എം.സി – 100, ചാണക്യ സ്ട്രാറ്റജീസ്: ബി.ജെ.പി 150-160, ടി.എം.സി 130-140, മാട്രിസ്: ബി.ജെ.പി 146-161, ടി.എം.സി 125-140, പോള്‍ ഡയറി: ബി.ജെ.പി 142-171, ടി.എം.സി 95-110 എന്നീ നാല് സര്‍വേ ഫലങ്ങളും ബി.ജെപിക്ക് സാധ്യത പ്രവചിച്ചപ്പോള്‍ പീപ്പള്‍സ് പള്‍സ് മാത്രമാണ് മമതയുടെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം (177-187 സീറ്റുകള്‍) പ്രവചിച്ചത്.

Content Highlight: Mamata Banerjee has completely rejected the exit poll results predicting victory for the BJP in West Bengal

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more