| Tuesday, 25th August 2026, 2:02 pm

ബി.ജെ.പി വാഗ്ദാനം ലംഘിച്ചു; അന്നപൂർണ പദ്ധതിയിൽനിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതായി മമത ബാനർജി

ശ്രീലക്ഷ്മി പി.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ സ്ത്രീകൾക്കും അന്നപൂർണ യോജനയിലൂടെ സാമ്പത്തിക സഹായം നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ബി.ജെ.പി ലംഘിച്ചതായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി.

അർഹതയില്ലെന്ന കാരണം കാട്ടി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്നും, സർക്കാരിന്റെ ‘അന്നപൂർണ ഭണ്ഡാർ’ പദ്ധതി വഴി സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ടി.എം.സി പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് മമതയുടെ വിമർശനം.

നേരത്തെ ടി.എം.സിയുടെ ‘ലക്ഷ്മിർ ഭണ്ഡാർ’ പദ്ധതിയിലൂടെ സഹായം ലഭിച്ചിരുന്ന സ്ത്രീകളെ എന്തുകൊണ്ടാണ് പുതിയ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതെന്ന് അവർ ചോദിച്ചു. ‘തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞാൻ ഉറപ്പാക്കിയതനുസരിച്ച് സ്ത്രീകൾക്ക് ഞങ്ങളുടെ ലക്ഷ്മിർ ഭണ്ഡാർ പദ്ധതിയിലൂടെ തുടർച്ചയായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു,’ എന്ന് മമത വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം കൃത്യമായ സർവേ നടത്താതെ നിരവധി പേരെ ക്ഷേമപദ്ധതികളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തതായും അവർ ആരോപിച്ചു.

‘തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യുകയും യാതൊരു നിബന്ധനകളുമില്ലാതെ അന്നപൂർണ പദ്ധതിയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ന് സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയും ജാതിയുടെയും മതത്തിന്റെയും പേരിൽ കാവിപ്പാർട്ടി വിവേചനം കാണിക്കുകയും ചെയ്യുന്നു,’ എന്ന് അവർ പറഞ്ഞു. മാൽഡയിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ഒരു സ്ത്രീ ആത്മഹത്യ ചെയ്ത സംഭവവും അവർ ചൂണ്ടിക്കാട്ടി.

പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക രേഖപ്പെടുത്തിയ മമത, ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണെന്ന് വിമർശിച്ചു. കൊലപാതകം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ള വ്യാജ കേസുകളിൽ 12,000 മുതൽ 14,000 വരെ ടി.എം.സി പ്രവർത്തകർ കുടുങ്ങിക്കിടക്കുകയാണെന്നും ബി.ജെ.പിയിൽ ചേരാൻ സമ്മർദം ചെലുത്താനാണ് ഇതെന്നും അവർ പറഞ്ഞു.

റാലികൾക്കും രാഷ്ട്രീയ യോഗങ്ങൾക്കും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കെതിരെയും അവർ ആഞ്ഞടിച്ചു. ‘യോഗങ്ങൾ നടത്താൻ എനിക്ക് അനുമതി നിഷേധിച്ചതുകൊണ്ട് ഞാൻ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് കരുതുന്നവർക്ക് തെറ്റി. ബി.ജെ.പി തന്നെ രാഷ്ട്രീയ വിരമിക്കലിന് നിർബന്ധിതമാകുന്നതുവരെ ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല,’ എന്ന് മമത വ്യക്തമാക്കി.

സെൻസസ്, എൻ.ആർ.സി വിവരശേഖരണം ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ അവർ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

Content Highlight:Mamata Banerjee alleges BJP broke its promise; women being excluded from Annapurna scheme.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more