കൊല്‍ക്കത്ത: ഓഗസ്റ്റ് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൊല്‍ക്കത്ത മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നേക്കും. സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഈ കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മമത ബാനര്‍ജി ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരുപാട് സംസ്ഥാനങ്ങളില്‍ ബംഗാളികള്‍ ഭാഷാപരമായ വിവേചനവും ഉപദ്രവവും നേരിടുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണയോടെയാണ്.
ബംഗാളി കുടിയേറ്റക്കാരോട് ഇത്തരം വിവേചനപരമായ പെരുമാറ്റം നടത്തുന്നതിന് എതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വേദി പങ്കിടാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഗ്രഹിക്കുന്നില്ല,’ സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ഉദ്ഘാടനം ചെയ്യുന്നത് അതിന് ക്രെഡിറ്റ് അവകാശപ്പെടാനാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്ത് വഴി പതിവ് ക്ഷണം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആഗസ്റ്റ് 14നായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കത്തിലൂടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തിന് മമതയെ ക്ഷണിച്ചത്.
അതേസമയം ബംഗാളി സ്വത്വം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത നേരത്തെ നേരിട്ട് വിമര്‍ശിച്ചിരുന്നു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ബംഗാളികള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും എന്തിനാണ് ഇത്രമാത്രം വെറുപ്പ് മനസില്‍ കൊണ്ടുനടക്കുന്നതെന്നും മമത ബാനര്‍ജി ചോദിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 1.5 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ ബംഗാളിന് സ്വീകരിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന 22 ലക്ഷം ബംഗാളി കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും മമത കേന്ദ്ര സര്‍ക്കാരിനോട് ചോദ്യമുയര്‍ത്തിയിരുന്നു.
Content Highlight: Mamata Banarjee skip Narendra Modi’s Kolkata Metros inauguration