കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് പോകുമെന്ന ആശങ്ക ഉയരുന്നതിനിടെ പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ ഏകദിന പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ബി.ജെ.പിയെയും പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്ന എം.എല്‍.എമാരെയും മമത രൂക്ഷമായി വിമര്‍ശിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് രണ്ട് തൃണമൂല്‍ എം.എല്‍.എമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കഴിഞ്ഞ ദിവസം മമത പുറത്താക്കിയിരുന്നു. എന്റലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്ദീപന്‍ സാഹ, ഉലുബേരിയ പൂര്‍ബ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി വിജയം സ്വന്തമാക്കിയ റിതാബ്രത ബാനര്‍ജി എന്നിവരെയായിരുന്നു മമത പുറത്താക്കിയത്. ഇവര്‍ക്കൊപ്പം കൂടുതല്‍ എം.എല്‍.എമാര്‍ അണിചേര്‍ന്നതായാണ് അഭ്യൂഹങ്ങള്‍.
റിതാബ്രത ബാനര്‍ജിയാണ് പാര്‍ട്ടി പിളര്‍ത്താന്‍ നേതൃത്വം നല്‍കുന്നതെന്ന് മമത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ചത്തെ റാലിയിലും റിതാബത്രക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ഉന്നയിച്ചത്.
സി.പി.ഐ.എം പുറത്താക്കിയതിനെ തുടര്‍ന്ന് തൃണമൂലിലെത്തിയ നേതാവാണ് റിതാബത്ര. റിതാബത്രയെ പുറത്താക്കിയ സി.പി.ഐ.എം നിലപാടാണ് ശരിയെന്നും അയാളെ സ്വീകരിച്ചത് തൃണമൂല്‍ ചെയ്ത തെറ്റായിരുന്നെന്നും മമത പറഞ്ഞു.
‘ധാര്‍മികതയില്ലാത്ത ഒരാള്‍ മുമ്പ് സി.പി.എമ്മിലുണ്ടായിരുന്നു. അയാള്‍ ഞങ്ങളുടെ അടുത്ത് ടിക്കറ്റിനായി യാചിച്ചു. അയാള്‍ക്ക് ടിക്കറ്റ് കൊടുത്തത് ഞങ്ങളുടെ തെറ്റാണ്. അയാളെ പുറത്താക്കിയ സി.പി.ഐ.എം നിലപാടായിരുന്നു ശരിയായിരുന്നത്,’ മമത പറഞ്ഞു.
ഇവര്‍ ഇപ്പോള്‍ ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ ബി.ജെ.പിപറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും റിതാബത്ര അടക്കമുള്ളവരെക്കുറിച്ച് മമത പറഞ്ഞു.
അതേസമയം, അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 294ല്‍ 177 സീറ്റിലും ബി.ജെ.പി തിരിമറി നടത്തിയതായി മമത ആരോപിച്ചു. ഈ വിഷമ ഘട്ടത്തിലും താന്‍ ടി.എം.സി പ്രവര്‍ത്തകരെ ഉപേക്ഷിക്കില്ലെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ ദല്‍ഹിയില്‍ ഒരു ബി.ജെ.പി വിരുദ്ധ യോഗം ചേരുമെന്നും മമത റാലിയില്‍ പറഞ്ഞു. യോഗത്തില്‍ ബി.ജെ.പിക്കെതിരെ രാജ്യവ്യാപകമായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
അടുത്തിടെ മമത ബാനര്‍ജി വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ ആകെയുള്ള 80 എം.എല്‍.എമാരില്‍ 60 പേരും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രണ്ട് എം.എല്‍.എമാരെ പുറത്താക്കിയത്. പാര്‍ട്ടി നേതൃത്വം വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുകയും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
Content Highlight: Mamata Againts Ritabathra Banerjee