മലയാളത്തില്‍ ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ – മോഹന്‍ലാല്‍ ചിത്രമായിരുന്ന എമ്പുരാന്‍. ആ സമയത്ത് സംവിധായകനും ബി.ജെ.പി നേതാവുമായ മേജര്‍ രവി പറഞ്ഞിരുന്നത് മോഹന്‍ലാല്‍ റിലീസിന് മുമ്പ് എമ്പുരാന്‍ പൂര്‍ണമായും കണ്ടിട്ടില്ലെന്നും ചിത്രം കണ്ട് മോഹന്‍ലാലിന് മാനസികമായി വളരെ വിഷമമായെന്നുമാണ്.
ഇപ്പോള്‍ വെര്‍ച്വല്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവിയെ കുറിച്ചും എമ്പുരാനെ ചുറ്റിപറ്റി വന്ന വിവാദത്തെ കുറിച്ചും പറയുകയാണ് മല്ലിക സുകുമാരന്‍. മോഹന്‍ലാലോ ആന്റണി പെരുമ്പാവൂരോ തന്റെ മകനെ കുറിച്ച് ഒരക്ഷരവും പറയില്ലെന്നും എന്നാല്‍ പ്രശ്‌നങ്ങളെല്ലാം എമ്പുരാനിലാണ് തുടങ്ങിയതെന്നും അവര്‍ പറയുന്നു.
എമ്പുരാന്‍ പ്രശ്‌നമില്ലാതെ നാല് ദിവസം തിയേറ്ററില്‍ കളിച്ചതാണെന്നും സെന്‍സര്‍ ബോര്‍ഡുകാര്‍ ഒന്നും പറയാതെ സര്‍ട്ടിഫിക്കറ്റ് കൊടുത്തതാണെന്നും മല്ലിക പറഞ്ഞു. എന്നാല്‍ ആ പടം തിയേറ്ററില്‍ ഓടി കൊണ്ടിരിക്കുമ്പോളാണ് ‘ഒരുത്തന്‍’ അതിലെന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു വരുന്നതെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അന്ന് എമ്പുരാന്‍ വീണ്ടും കണ്ടതാണ്. ഒരു പത്രവാര്‍ത്ത വരുന്നു. അതില്‍ അപകടത്തില്‍ പെട്ടവര്‍ എന്തോ റൈറ്റപ്പ് എഴുതുന്നു. അത് നമ്മുടെ നാട്ടില്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതൊരിക്കലും പുതിയ സംഭവമൊന്നുമല്ല. ആ അപകടത്തില്‍ നിന്നുള്ളവരെ രക്ഷിക്കുന്നത് ഒരു ഹിന്ദു മഹാറാണിയാണ്. അവര്‍ക്ക് ഉറങ്ങാന്‍ സ്ഥലവും കഴിക്കാന്‍ ഭക്ഷണവും കൊടുക്കുന്നു.
എന്നാല്‍ അവരുടെ മകന് അത് ഇഷ്ടപ്പെടുന്നില്ല. ഹിന്ദുവായ മഹാറാണിയുടെ മകന്‍ തന്നെ അവരെ കൊല്ലുകയാണ്. ഇത് കണ്ടുകൊണ്ട് ഒരു കുട്ടി നില്‍ക്കുന്നു. സ്വാഭാവികമായും ആ കുട്ടിയുടെ പ്രായത്തില്‍ ജാതിയും മതവുമൊന്നുമില്ല. എന്നാല്‍ അത് പിന്നീട് മറ്റു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണ്. ഇത്രയുമാണ് സിനിമയിലുള്ളത്.
പൃഥ്വിരാജിനെ അദ്ദേഹം കുറ്റം പറഞ്ഞില്ല എന്നത് ശരിയാണെന്നും പകരം പൃഥ്വി മറ്റുള്ളവര്‍ അറിയാതെ ചെയ്ത സംഭവമാണെന്നാണ് അയാള്‍ പറഞ്ഞതെന്നും മല്ലിക അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നൊക്കെ പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സത്യത്തില്‍ ഇതൊക്കെ കഴിഞ്ഞ കഥകളാണെന്നും വീണ്ടും പറയേണ്ട കാര്യമേയില്ലെന്നും മല്ലിക പറയുന്നുണ്ട്.
‘അതൊട്ടും ഫെയറല്ലാത്തത് കൊണ്ടാണ് ഞാന്‍ അന്ന് പ്രതികരിച്ചത്. അതൊട്ടും ശരിയല്ല. അദ്ദേഹം മേജറാണെന്നൊക്കെ പറയുന്നത് സ്ഥിതിക്ക് ഒട്ടും ശരിയല്ല. അതിന്റെയൊരു ചിട്ട കാണിക്കണ്ടേ. അദ്ദേഹത്തിന്റെ വിചാരം, മേജറെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ മാത്രമേ ഞങ്ങള്‍ക്ക് അറിയുള്ളൂ എന്നാണ്.
അദ്ദേഹത്തിന്റെ സീനിയേര്‍സ് ആയിട്ടുള്ള ഒരുപാട് ആളുകള്‍ എന്റെ കുടുംബത്തിലുണ്ട്. കേണല്‍മാരും കമാന്‍ഡര്‍മാരും മേജര്‍മാരുമുണ്ട്. ഇപ്പോള്‍ മേജര്‍മാരായി മൂന്നുപേരുണ്ട്. അദ്ദേഹം അന്ന് ‘എന്റെ ഗ്രൂപ്പിലുള്ള പട്ടാളക്കാര്‍’ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ പട്ടാളക്കാരുടെ ഒമ്പതോളം മെസേജുകള്‍ എന്റെ കയ്യിലുണ്ട്.
ഞാന്‍ ഇപ്പോള്‍ കാണിക്കുന്നില്ല. കാണിക്കേണ്ട സമയം വരുമ്പോള്‍ ഞാന്‍ കാണിക്കാം. അതൊന്നും ഞാന്‍ കളയില്ല. അത് ഫയല് ചെയ്തിടും. എന്നിട്ട് പറയേണ്ട സമയത്ത് പറയുകയും ചെയ്യും. അത് ഞാന്‍ അഹങ്കാരം കൊണ്ട് പറയുകയല്ല. അത്രയും വിഷമിച്ചു പോയിരുന്നു. ആരും പറയാത്ത ഒരു പോയിന്റെടുത്ത് വെച്ച് അഞ്ചാം ദിവസം അതൊരു പ്രശ്‌നമാക്കിയില്ലേ,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Talks About Major Ravi And Empuraan Movie