എമ്പുരാന്‍ തിയേറ്ററില്‍ എത്തിയതിന് പിന്നാലെ പല വിവാദങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് സംവിധായകനും ബി.ജെ.പി നേതാവുമായ മേജര്‍ രവി, മോഹന്‍ലാല്‍ റിലീസിന് മുമ്പ് സിനിമ പൂര്‍ണമായും കണ്ടിട്ടില്ലെന്നും ചിത്രം കണ്ട് മോഹന്‍ലാലിന് മാനസികമായി വളരെ വിഷമമായെന്നും പറഞ്ഞിരുന്നു.
ഇതിനുപുറമെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനും നായകനായ മോഹന്‍ലാലും തിരക്കഥാകൃത്തായ മുരളി ഗോപിയും സംഘപരിവാറില്‍ നിന്ന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.
എമ്പുരാനോട് അനുബന്ധിച്ച് സംഘികള്‍ അല്ലെങ്കില്‍ ആര്‍.എസ്.എസ് അനുഭാവികള്‍ പറഞ്ഞ കാര്യങ്ങളൊന്നും താന്‍ അത്ര കാര്യമാക്കിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. വെര്‍ച്വല്‍ മീഡിയ എന്റര്‍ടൈമെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സംസാരിച്ചത്.
തനിക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട വലിയ ഒരുപാട് ആളുകളെ അറിയാമെന്നും അവരൊന്നും തങ്ങളൊക്കെ വിരോധികളാണെന്ന് പറയില്ലെന്നും മല്ലിക സുകുമാരന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ ചിലപ്പോള്‍ ‘അയ്യോ കണ്ടോ മോഹന്‍ലാലിനെ കുറ്റം പറയുന്നു’വെന്ന് പറഞ്ഞേക്കാം. അതല്ലാതെ ജാതീയമായ ഒരു ആരോപണങ്ങളും ഞങ്ങള്‍ക്ക് എതിരെ കേരളം വിട്ട് പുറത്തേക്ക് വന്നിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ കാണിച്ചു തരട്ടെ,’ മല്ലിക സുകുമാരന്‍ പറയുന്നു.
അന്ന് എമ്പുരാന്‍ ഇറങ്ങിയ ശേഷം മേജര്‍ രവി ഇല്ലാവചനം പറഞ്ഞതും താന്‍ ഓര്‍ത്തത് ‘അഞ്ച് ദിവസം ഓടിയ പടത്തിനെ പറ്റി ഇങ്ങനെ പറയാന്‍ മാത്രം ഇങ്ങേര്‍ക്കിത് എന്ത് കാര്യമാണെന്നാണ്’ എന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതൊക്കെ കേട്ടിട്ട് ഇവിടുത്തെ സിനിമാ സംഘടനകള്‍ മിണ്ടാതെ ഇരുന്നേക്കാമെന്നും പണ്ടേ സുകുമാരന്‍ എന്ന വ്യക്തിയെ ഒറ്റപ്പെട്ട ഒരു ജീവി ആയിട്ടാണ് കണക്കാക്കിയതെന്നും മല്ലിക പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ മക്കളുടെയോ ഭാര്യയുടേയോ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആരും ഇടപ്പെടാറോ ചോദിക്കാറോ ഇല്ലെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mallika Sukumaran Talks About Empuraan Issue