| Sunday, 14th September 2025, 3:13 pm

ആ സീൻ കണ്ട് കണ്ണുനിറഞ്ഞ് പോയി; മക്കളുടെ ഇഷ്ട സിനിമയെക്കുറിച്ച് മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ സജീവമാണ്. അന്തരിച്ച നടൻ സുകുമാരന്റെ പങ്കാളിയും കൂടിയാണ് അവർ.

അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇപ്പോൾ മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഇഷ്ട സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

‘ഇന്ദ്രന്റെ എനിക്കൊരുപാട് ഇഷ്ടപ്പെട്ട സിനിമകളുണ്ട്.  ഈ തണുത്ത വെളുപ്പാൻ കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇതൊക്കെയാണ് എന്റെ ഫേവറൈറ്റ് സിനിമ. പിന്നെ രാജുവിന്റെ ആദ്യ സിനിമയായ നന്ദനം മുതൽ എനിക്ക് വലിയ ഇഷ്ടമാണ്.

വല്യ അടികളൊന്നും ഇല്ലാതെ തമാശയും അടിയും ഒക്കെ കൂടി കണ്ട പടമാണ് മണിയൻപിള്ള രാജു സംവിധാനം ചെയ്ത പാവാട. സത്യം പറഞ്ഞാൽ എനിക്ക് ആ കഥാപാത്രത്തിനോട് വലിയ സ്‌നേഹമാണ്. ആ ലാസ്റ്റിൽ വരുന്ന കോടതി സീനിലൊക്കെ എന്റെ കണ്ണ് നിറഞ്ഞു,’ മല്ലിക പറയുന്നു.

ഇന്ദ്രജിത്തിന്റെ സിനിമ കണ്ട് തനിക്ക് വിഷമം തോന്നിയത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണെന്നും അതിലെ സീനുകളൊക്കെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

പൃഥ്വിരാജ് നന്നായി പാട്ട് പാടുമെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ നന്നായി പാട്ട് പാടുമായിരുന്നെന്നും മല്ലിക കൂട്ടിച്ചേർത്തു. എന്നാൽ ഇന്ദ്രജിത്ത് ഇപ്പോഴും പാട്ട് നന്നായി പാടുമെന്നും അവർ പറയുന്നു.

തനിക്ക് ഇതിലും നല്ല കഥാപാത്രങ്ങൾ ചെയ്യാമായിരുന്നുവെന്ന് പണ്ട് തോന്നിയിട്ടില്ലെന്നും എന്നാൽ ഇന്ന് തോന്നുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അന്ന് തനിക്ക് കുടുംബമായിരുന്നു പ്രധാനമെന്നും അവർ പറയുന്നു.

Content Highlight: Mallika Sukumaran on her children’s favorite movies

We use cookies to give you the best possible experience. Learn more