മലയാളികള്‍ കാലങ്ങളായി കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത താരം ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.
മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളത്തിലെ തിരക്കുള്ള താരങ്ങളാണെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം കണ്ടെത്താറുണ്ടെന്നും എത്ര ഉയരത്തിലെത്തിയാലും അവര്‍ ആ സ്വഭാവം മാറ്റില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ഫാമിലി മാന്‍ എന്ന നിലയില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുപാട് മുന്നിലാണെന്നും താരം പറഞ്ഞു.
ഇന്ദ്രജിത് ആദ്യമുതലേ പെര്‍ഫക്ട് കുടുംബനാഥനാണെന്നും പൃഥ്വിരാജ് ആ കാര്യങ്ങള്‍ പഠിക്കാന്‍ കുറച്ച് സമയമെടുത്തെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ അമ്പലങ്ങളിലും മറ്റ് ഫാമിലി ഫങ്ഷനുകള്‍ക്കും പൃഥ്വി വല്ലപ്പോഴുമേ പങ്കെടുക്കാറുള്ളൂ എന്നും ആ സമയത്ത് പൃഥ്വിയുടെ കൂടെ ഫോട്ടോയെടുക്കാന്‍ കുടുംബക്കാര്‍ കാത്തിരിക്കുമെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
‘പൃഥ്വിക്ക് വന്ന മാറ്റം എടുത്തുപറയേണ്ടതാണ്. അലംകൃത വന്നതിന് ശേഷമാണ് പൃഥ്വി ഒരുപാട് മാറിയത്. അതിന് മുന്നേയൊക്കെ അവന്റെ സ്വഭാവം ഇപ്പോഴത്തേത് പോലെയല്ല. പണ്ട് പലരും പറയുമായിരുന്നു, ഇന്ദ്രന്‍ എന്നെപ്പോലെയും പൃഥ്വി സുകുവേട്ടനെപ്പോലെയുമാണെന്ന്. ഞാന്‍ ഇത് അവനോട് പറഞ്ഞിട്ടുമുണ്ട്. മോനെ, നീ നിന്റെ ജാഡ ഒന്ന് കുറച്ചേക്ക്, അത് മനപൂര്‍വമല്ല എന്ന് അമ്മക്കറിയാമെന്ന്.
ഇപ്പോള്‍ ഒരു നാലു കൊല്ലമായി അവന്‍ എല്ലാവരോടും നല്ല സ്‌നേഹത്തിലാണ് പെരുമാറാറുള്ളത്. സ്വന്തം മക്കള്‍ വളര്‍ന്ന് വരുമ്പോള്‍ എല്ലാവരും പഠിച്ചോളും. അലംകൃത വളര്‍ന്നു വന്നപ്പോഴാണ് പൃഥ്വിയില്‍ ഇങ്ങനെയൊരു മാറ്റമുണ്ടായത്. എല്ലാവരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാകുമെന്നേ എനിക്ക് പറയാനാകുള്ളൂ,’ മല്ലിക സുകുമാരന്‍ പറയുന്നു.
താനും ഇന്ദ്രജിത്തും എല്ലാവരുമായും പെട്ടെന്ന് സിങ്കാകുമെന്നും താരം പറഞ്ഞു. എന്നാല്‍ പൃഥ്വിക്ക് ആളുകളോട് സംസാരിച്ചു തുടങ്ങാന്‍ ചെറിയൊരു സ്റ്റാര്‍ട്ടിങ് ട്രബിളുണ്ടെന്നും പണ്ടുമുതലേയുള്ള സ്വഭാവമാണ് അതെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ ആരാധകര്‍ പോലും തന്നോട് ഇക്കാര്യം പറയാറുണ്ടെന്നും മല്ലിക പറയുന്നു.
Content Highlight: Mallika Sukumaran about the changes happened to Prithviraj after he became a father