| Friday, 9th October 2026, 8:29 pm

‘സുകുമാരന്റെ മോനാണ്, അങ്ങനെ ഊതിയാൽ പറന്നുപോകുന്ന ആളൊന്നുമല്ല പൃഥ്വിരാജ്; മല്ലിക സുകുമാരൻ

അജ്മല്‍ കെ

പൃഥ്വിരാജ് സുകുമാരന്റെ തുടർച്ചയായ സിനിമാ പരാജയങ്ങളും ‘ഖലീഫ’യുടെ ബോക്സ് ഓഫീസ് പ്രകടനവും സംബന്ധിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി അമ്മ മല്ലിക സുകുമാരൻ. സിനിമകൾ വിജയിക്കാത്തതിന് പല കാരണങ്ങളുണ്ടാകാമെന്നും അതിന്റെ പേരിൽ പൃഥ്വിരാജിനെ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ള വിമർശനങ്ങൾ നടത്തുന്നത് ശരിയല്ലെന്നും മല്ലിക പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

തിയേറ്ററിൽനിന്ന് ഇറങ്ങുന്നവർ പോലും സിനിമയുടെ തിരക്കഥയെയും ക്യാമറയെയും കുറിച്ച് വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഇതിൽ പലതും മറ്റുള്ള സിനിമാപ്രവർത്തകർ പറയുന്നത് കേട്ടുപഠിച്ചുള്ള അഭിപ്രായങ്ങളാണെന്നും മല്ലിക പറഞ്ഞു.

മല്ലിക സുകുമാരൻ. Photo. Screen Grab/ Youtube

‘പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പോലും സിനിമ കഴിഞ്ഞ് തിരക്കഥയെക്കുറിച്ചും ക്യാമറയെക്കുറിച്ചുമൊക്കെ വിമർശിച്ചു പറയുന്നുണ്ട്. അതൊക്കെ മറ്റു സിനിമാപ്രവർത്തകർ പറയുന്നത് കേട്ടിട്ട് ഉപയോഗിക്കുന്ന വാചകങ്ങളാണ്. ചിലർ അറ്റാക്ക് ചെയ്യാൻ തയ്യാറായിട്ടാണ് വരുന്നത്. നെഗറ്റീവ് പറയാൻ മാത്രം വരുന്നവരുമുണ്ട്. സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടിട്ട് ഞാൻ ചിരിക്കുകയാണ് ചെയ്യാറ്,’ മല്ലിക പറഞ്ഞു.

സിനിമയുടെ സാമ്പത്തിക വിജയത്തെയും പരാജയത്തെയും കുറിച്ചുള്ള ചർച്ചകളെ മല്ലിക നിലപാട് വ്യക്തമാക്കി.

‘ഖലീഫ’യ്ക്ക് സാമ്പത്തികമായി നേട്ടമുണ്ടായോ നഷ്ടമുണ്ടായോ എന്ന കാര്യം പറയേണ്ടത് അതിന്റെ നിർമാതാക്കളാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കളക്ഷൻ കണക്കുകൾ മാത്രം വിശ്വസിക്കരുത്. സിനിമയുടെ യഥാർഥ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ അറിയുന്നവർക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം,’ അവർ അഭിപ്രായപ്പെട്ടു.

പൃഥ്വിരാജ് സിനിമകളിൽ വലിയ നഷ്ടമുണ്ടാകാതിരിക്കാൻ നിർമാതാക്കൾക്കൊപ്പം നിൽക്കുന്ന നടനാണെന്നും മല്ലിക പറഞ്ഞു.

‘രാജു അഭിനയിക്കുന്ന സിനിമകളിൽ വലിയ നഷ്ടം വരാതെ കാര്യങ്ങൾ മാനേജ് ചെയ്യാൻ ശ്രമിക്കുന്ന ഒരു നിർമാതാവിന്റെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റാണ്. അവനെക്കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കാറുണ്ട്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല. സിനിമാ മേഖലയിലുള്ളവർക്ക് അതറിയാം,’ നടി പറഞ്ഞു.

കേരളത്തിന്റെ അതിർത്തി വിട്ടുകഴിഞ്ഞാൽ പൃഥ്വിരാജിന് വലിയ സ്നേഹമാണ്. വിമർശകരായാലും പത്രക്കാരായാലും അവനെക്കുറിച്ച് നല്ലതേ പറയാറുള്ളൂ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

‘കേരളത്തിന്റെ അതിർത്തി വിട്ടുകഴിഞ്ഞാൽ പൃഥ്വിരാജിനെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ബോംബെയിൽ ബാഹുബലി ടീമും രാജമൗലി സാറുമൊക്കെയുള്ള ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. സെറ്റിൽ അവൻ എത്ര കൂളാണെന്നൊക്കെ അവർ പറയുന്നുണ്ട്. പൃഥ്വിരാജിനെ ഇവിടെനിന്ന് തേച്ചുമാച്ചുകളയേണ്ട ആളായിരുന്നെങ്കിൽ ഇത്രയും ദൂരം എത്തുമായിരുന്നോ? അവനെ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നതും വളർത്തിയതും വിമർശിക്കുന്നവരല്ലല്ലോ,’ മല്ലിക പറഞ്ഞു.

ഖലീഫ. Photo. IMDb

പൃഥ്വിരാജ് ഇനിയും പാൻ ഇന്ത്യൻ തലത്തിൽ വളരുമെന്ന ആത്മവിശ്വാസവും മല്ലിക പങ്കുവെച്ചു. വിമർശനങ്ങൾക്കിടയിലും സ്വന്തം കഴിവിലും നിലപാടുകളിലും വിശ്വാസമുള്ളയാളാണ് മകനെന്നും ജീവിതത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് പൃഥ്വിരാജിന് അറിയാമെന്നും മല്ലിക പറഞ്ഞു.

‘അവൻ ഇനിയും പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തും. എനിക്ക് എന്റെ മോനെക്കുറിച്ച് നല്ല വിശ്വാസമുണ്ട്. പെട്ടെന്ന് ഊതിയാൽ പറന്നുപോകുന്ന ആളൊന്നുമല്ല സുകുമാരന്റെ മോൻ. എങ്ങനെ ജീവിക്കണമെന്ന് അവനറിയാം,’ മല്ലിക സുകുമാരൻ പറഞ്ഞു.

Content Highlight: Mallika stated that there could be various reasons why films fail, and that it is not right to personally target Prithviraj because of it

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more