| Tuesday, 23rd July 2019, 9:44 am

'ലങ്കയ്ക്ക് ദുഃഖവെള്ളി'; ലസിത് മലിംഗ ഏകദിനം മതിയാക്കുന്നു; വെള്ളിയാഴ്ച അവസാനമത്സരം

സ്പോര്‍ട്സ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് വിരമിക്കുക. ജൂലൈ 26-നാണു മത്സരം.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോടു പറഞ്ഞു.

ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ മൂന്നാം സ്ഥാനത്താണ് 35-കാരനായ മലിംഗ. മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമാണ് മുമ്പിലുള്ളത്. അടുത്തിടെ കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. എന്നാല്‍ ആറാം സ്ഥാനത്തെത്താനേ ടീമിനായുള്ളൂ.

2011-ലാണ് മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത്. എന്നാല്‍ ഏകദിനത്തിലും ട്വന്റി20-യിലും കഴിഞ്ഞ എട്ടുവര്‍ഷമായി കളി തുടരുകയായിരുന്നു.

2004-ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് മലിംഗ.

We use cookies to give you the best possible experience. Learn more