| Tuesday, 20th January 2026, 7:55 am

1,000 വിക്കറ്റുകളോ?!ചരിത്രത്തിലെ 218ാമനും നാലാമനും; ഐതിഹാസിക നേട്ടത്തില്‍ ലങ്കന്‍ സിംഹം

ആദര്‍ശ് എം.കെ.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 1,000 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കന്‍ താരം മലിന്ദ പുഷ്പകുമാര. 2026 മേജര്‍ ലീഗ് ടൂര്‍ണമെന്റില്‍ ബദറൂലിയ സ്‌പോര്‍ട്‌സ് ക്ലബ്ബ് – മൂര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മത്സരത്തിലാണ് പുഷ്പകുമാര ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിന് മുമ്പ് 998 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം വിക്കറ്റിന് പിന്നാലെ 1,000 എന്ന മാജിക്കല്‍ നമ്പറിലുമെത്തി.

മൂര്‍സ് താരം സൊഹാന്‍ ഡി ലിവേറയെ വീഴ്ത്തി 999ലെത്തിയ പുഷ്പകുമാര പസിന്ധു സൂര്യഭണ്ഡാരയെ വീഴ്ത്തി 1,000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് എന്ന ഏതൊരു ബൗളറുടെയും സ്വപ്‌ന നേട്ടവും പൂര്‍ത്തിയാക്കി.

മലിന്ദ പുഷ്പകുമാര

മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പേരില്‍ നിലവില്‍ 1,005 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണുള്ളത്.

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം ശ്രീലങ്കന്‍ താരമാണ് പുഷ്പകുമാര. ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരന്‍, രംഗനെ ഹെറാത്ത്, ദിനുക ഹെട്ടിയരാച്ചി എന്നിവരാണ് ഇതിന് മുമ്പ് ആയിരം റെഡ് ബോള്‍ വിക്കറ്റുകള്‍ നേടി ലങ്കന്‍ താരങ്ങള്‍.

മുത്തയ്യ കരിയറില്‍ 1,374 ഫസ്റ്റ് ക്ലാസ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രംഗന ഹെറാത്ത് 1080 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 1001 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് ദിനുകയുടെ സമ്പാദ്യം.

ക്രിക്കറ്റ് ചരിത്രത്തില്‍ ആയിരം ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ നേടുന്ന 218ാം താരമായും മലിന്ദ പുഷ്പകുമാര ചരിത്രമെഴുതി.

മലിന്ദ പുഷ്പകുമാര

ആക്ടീവ് പ്ലെയേഴ്‌സില്‍ വെറും മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഈ ചരിത്ര നേട്ടത്തിലെത്താന്‍ സാധിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റ് കണ്ട എക്കാലത്തെയും മികച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (1,143), സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം സൈമണ്‍ ഹാര്‍മര്‍ (1,020) എന്നിവരാണ് നിലവില്‍ കളിക്കളത്തില്‍ തുടരുന്നവരില്‍ ആയിരം ഫസ്റ്റ് ക്ലാസ് വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കിയത്.

ആന്‍ഡേഴ്‌സണ്‍ 2021ല്‍ ഈ നേട്ടത്തിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് ഹാര്‍മര്‍ തന്റെ പേരിന് നേരെ ഈ നേട്ടമെഴുതിച്ചേര്‍ത്തത്.

860 ഫസ്റ്റ് ക്ലാസ് വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ ഭാവി ഇതിഹാസം നഥാന്‍ ലിയോണാണ് ആക്ടീവ് പ്ലെയേഴ്‌സില്‍ ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേടിയ നാലാമന്‍.

20 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരിയറില്‍ പുഷ്പകുമാര പലപ്പോഴായും വിക്കറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. ശ്രീലങ്കയ്ക്കായി വെറും നാല് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചതെങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഈ 38കാരന്‍ ഇതിഹാസതുല്യനായി തിളങ്ങി.

മലിന്ദ പുഷ്പകുമാര. Photo: Sri Lanka Cricket/x.com

കണക്കുകളനുസരിച്ച് 173 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ താരം കളത്തിലിറങ്ങി. 306 ഇന്നിങ്‌സില്‍ നിന്നും 20.02 ശരാശരിയിലും 38.2 സ്‌ട്രൈക് റേറ്റിലുമാണ് താരം പന്തെറിഞ്ഞത്. 3.13 ആണ് എക്കോണമി.

10/37 ആണ് ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 16/110 എന്ന ഒരു മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.

ഫസ്റ്റ് ക്ലാസ് കരിയറില്‍ 53 ഫോര്‍ഫറും 86 ഫൈഫറും നേടിയ താരം 28 ടെന്‍ഫറും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

Content Highlight: Malinda Pushpakumara becomes 4th Sri Lankan to complete 1000 First Class wickets

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more