മലയാള സിനിമയിലെ ശ്രദ്ധേയ താരദമ്പതികളായിരുന്നു സുകുമാരനും മല്ലിക സുകുമാരനും. വില്ലൻ, നായകൻ, സ്വഭാവനടൻ തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായിരുന്നു സുകുമാരൻ. മറുവശത്ത് എഴുപതുകളിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായ മല്ലിക സുകുമാരൻ പിന്നീട് സ്വഭാവകഥാപാത്രങ്ങളിലൂടെയും അമ്മ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ സജീവമായി തുടർന്നു.
പൃഥ്വിരാജ്.photo.screen grab/youtube
അച്ഛന്റെയും അമ്മയുടെയും അഭിനയപാരമ്പര്യം പിന്തുടർന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും സിനിമയിലെത്തിയത്. ഇരുവരും ഇന്ന് കഥാപാത്ര തെരഞ്ഞെടുപ്പിലും സിനിമകളുടെ വൈവിധ്യത്തിലും മലയാള സിനിമയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാക്കളാണ്. മക്കൾ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളുടെ വ്യത്യസ്‌തകളെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ. ട്രൂ കോപ്പി തിങ്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി .
‘ഇന്ദ്രജിത്ത് സിനിമയിലേക്ക് വന്നത് എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തു കൊണ്ടാണ് . വില്ലനായും, കോമഡി കഥാപാത്രമായും, നായകനായും അവൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പൃഥ്വിരാജ് തുടക്കത്തിൽ തന്നെ നായകവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ രാജുവിന് ഒരു ഹീറോ ഇമേജ് വളരെ പെട്ടെന്ന് ലഭിച്ചു.
ഇന്ദ്രജിത്തിന്റെ കോമഡി ആദ്യമായി എല്ലാവരും ശ്രദ്ധിച്ചത് ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ‘അമർ അക്ബർ അന്തോണി ‘ പോലുള്ള സിനിമകളിൽ നല്ല കോമഡി റോളുകൾ അവൻ ചെയ്‌തിട്ടുണ്ട് . അതുപോലെ പൃഥ്വിരാജും കോമഡി വേഷങ്ങൾ ചെയ്തപ്പോൾ പ്രേക്ഷകർ അത് മികച്ച രീതിയിൽ സ്വീകരിച്ചു. രണ്ടുപേർക്കും എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് എല്ലാവരും പറയാറുണ്ട്.
എന്നാലും എനിക്ക് തോന്നുന്നത് ഇന്ദ്രജിത്തിനാണ് കൂടുതൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിച്ചിട്ടുള്ളത് എന്നാണ്. നല്ല വേഷമാണെങ്കിൽ അത് ചെയ്യാൻ അവൻ മടിയില്ല.
തുടക്കകാലത്ത് തന്നെ മലയാള സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് എത്തിക്കണമെന്നും മലയാള സിനിമയുടെ അംബാസഡറാകണമെന്നുമുള്ള പൃഥ്വിരാജിന്റെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് നോക്കുമ്പോൾ ആ ലക്ഷ്യത്തിലേക്ക് അവൻ എത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത് എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
‘പൃഥ്വിരാജിന് ആരോടും പകയോ മറ്റൊരാളുടെ വളർച്ചയിൽ അസൂയയോ ഇല്ല. ആത്മാർഥമായി കഷ്ടപ്പെടുന്ന ആളാണ് അവൻ. സിനിമയാണ് അവന്റെ ഏറ്റവും വലിയ പാഷൻ. ആ ജോലി അവനെ ഏൽപ്പിച്ചാൽ നൂറ് ശതമാനം ആത്മാർഥതയോടെ ചെയ്യും. എല്ലാ ഭാഷകളിലും പൃഥ്വിരാജിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ടെന്ന് എനിക്ക് അറിയാം, കാരണം അത് ഞാൻ നേരിട്ട് കേൾക്കുന്നത് ആണ്.
മലയാള സിനിമയെ തന്റെ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നായിരുന്നു അവൻ അംബാസഡർ ആകണമെന്ന് പറഞ്ഞതിന്റെ ഉദ്ദേശം. ദൈവാനുഗ്രഹം കൊണ്ട് അതിൽ ഒരുപരിധിവരെ വിജയിക്കാൻ എന്റെ മകന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം,’ മല്ലിക സുകുമാരൻ പറഞ്ഞു.
ഇന്ദ്രജിത്ത്.photo.screen grab/youtube