എഡിറ്ററായി കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് മഹേഷ് നാരായണൻ. ഒപ്പം സിനിമ നിർമാണത്തിലും കൈ വെച്ചിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോൾ അദ്ദേഹം സംവിധാനം നിർവഹിച്ച മാലിക് എന്ന ചിത്രത്തെപ്പറ്റി സംസാരിക്കുകയാണ് മഹേഷ് നാരായണൻ.
‘ഡിജിറ്റലിനുവേണ്ടി ഒരു സിനിമയേ ചെയ്തിട്ടുള്ളൂ. സീ യു സൂൺ. പക്ഷേ, മാലിക്ക് ഒ.ടി.ടി റിലീസ് ചെയ്യേണ്ടിവന്നു. അത് തിയേറ്ററിലേക്കുവേണ്ടി ചെയ്തതാണ്. കോവിഡ് കാലമായിരുന്നു. രണ്ടുവർഷത്തോളം ആ സിനിമ പെട്ടിയിലിരുന്നു. കോവിഡ് കാലത്ത് കേരളത്തിലാണ് തിയേറ്ററുകൾ ആദ്യം അടച്ചതും ഏറ്റവും ഒടുവിൽ തുറന്നതും.
ആ സമയത്ത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരത്തിൽ പ്രതിസന്ധി നേരിട്ട സിനിമയായിരുന്നു മാലിക്കും. ഞങ്ങളുടെ നിർമാതാവിന് മുടക്കുമുതലെങ്കിലും കിട്ടണമെന്ന തോന്നലിലാണ് അത് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. അതിന്റെ ഏറ്റവും സങ്കടം അനുഭവിച്ചത് ആ സിനിമയുടെ ശബ്ദമേഖലയിൽ പ്രവർത്തിച്ചവരാണ്. മ്യൂസിക് ചെയ്ത സുഷിൻ, ശബ്ദമിശ്രണം ചെയ്ത വിഷ്ണു. വിഷ്ണുവിന് ഈ സിനിമയിൽ നാഷണൽ അവാർഡ് കിട്ടി. പക്ഷേ, അവാർഡ് കമ്മിറ്റി മാത്രമേ ഈ സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ളൂ. പിന്നീട് എപ്പോഴെങ്കിലും മാലിക് തിയേറ്ററിൽ റീറിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ മഹേഷ് നാരായണൻ പറഞ്ഞു.
മലയൻകുഞ്ഞിന്റെ തിരക്കഥ താനായിരുന്നുവെന്നും ആദ്യം ഒ.ടി.ടിയിലേക്ക് പ്ലാൻ ചെയ്ത ആ ചിത്രത്തിലേക്ക് സംഗീത സംവിധായകനായി എ.ആർ. റഹ്‌മാൻ വന്നപ്പോഴാണ് ആ സിനിമയുടെ തിയേറ്റർ സാധ്യതകൾ തങ്ങൾ ചിന്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു പ്ലാറ്റ്‌ഫോമും ഒന്നിച്ചുപോകണം എന്നാണ് തനിക്കുതോന്നുന്നത്. രണ്ടിലും രണ്ടു സ്വഭാവത്തിലുള്ള സിനിമകളാണെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
തിയേറ്ററിൽ കാണേണ്ടവ അവിടെത്തന്നെ കാണണമെന്നും പഴയതുപോലെയല്ല, ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കഥ തുടങ്ങി ഇരുപതാമത്തെ മിനിറ്റിലായിരിക്കും കഥയുടെ പുരോഗതി മാറുകയെന്നും ഇന്നത് അഞ്ചാമത്തെ മിനിട്ടിൽ സംഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് അത്രയും ക്ഷമയില്ലെന്നും മൊബൈൽ ഫോണിൽ എല്ലാ എന്റർടെയിൻമെന്റും അവർക്ക് കിട്ടുമെന്നും പറഞ്ഞ അദ്ദേഹം, ആസ്വാദനനിലവാരം കൂടിയ കാര്യങ്ങളുണ്ടെങ്കിലേ സിനിമകാണാൻ ആളുണ്ടാവൂ എന്നും കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Malik was stuck for two years; OTT release feels like it should at least get the money back says Mahesh Narayanan