| Friday, 26th September 2025, 12:51 pm

'ദേശസ്‌നേഹികള്‍ക്കൊപ്പം സര്‍ക്കാരുണ്ട്'; മലേഗാവ് കേസില്‍ പുറത്തിറങ്ങി സര്‍വീസില്‍ കയറിയ കേണല്‍ പുരോഹിതിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2008 ലെ മാലേഗാവ് സ്‌ഫോടന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ കേണലായി സ്ഥാനക്കയറ്റം കിട്ടി സര്‍വീസില്‍ പ്രവേശിച്ച കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

ഇന്ത്യന്‍ സൈന്യത്തിലേക്ക് തിരിച്ചെത്തിയ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് അഭിനന്ദനമെന്നായിരുന്നു കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത്.

‘യൂണിഫോമില്‍ തിരിച്ചെത്തിയതിന് അഭിനന്ദനങ്ങള്‍ കേണല്‍ പുരോഹിത്, ധൈര്യത്തോടെയും സത്യസന്ധതയോടെയും രാജ്യത്തെ സേവിക്കുന്ന ദേശസ്നേഹികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു’ എന്നായിരുന്നു എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സിങ് പറഞ്ഞത്.

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴ് പേരെയും മുംബൈ എന്‍.ഐ.എ കോടതി ജൂലൈ 31 ന് കുറ്റവിമുക്തരാക്കിയിരുന്നു. കേസ് സംശയാതീതമായി സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടതി പറഞ്ഞത്.

മലേഗാവ് കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷം, കേണല്‍ പുരോഹിതിന് പൂനെയില്‍ ഗംഭീരമായ സ്വീകരണമായിരുന്നു ലഭിച്ചത്. ഇത്രയും വലിയൊരു സ്വീകരണം ഒരുക്കിയവരോടുള്ള നന്ദിയും പുരോഹിത് അറിയിച്ചിരുന്നു.

‘അവര്‍ എപ്പോഴും എന്നെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, കേസില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും കുറ്റവിമുക്തനാകുന്നതുവരെ ഇത്തരത്തിലുള്ള ഒരു ആഘോഷങ്ങളും വേണ്ടെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇത്തവണ കോടതി വിധി വന്നപ്പോള്‍ അവര്‍ അത് ആഘോഷിക്കണമെന്ന് പറഞ്ഞു. എനിക്ക് വരവേല്‍പ്പ് നല്‍കണമെന്ന് പറഞ്ഞു. അത് വേണ്ടെന്ന് പറയാന്‍ എനിക്ക് ആവില്ലായിരുന്നു. അവരോട് ഞാന്‍ എന്നും നന്ദിയുള്ളവനാണ്,’ പുരോഹിത് പറഞ്ഞു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്‌ഫോടനം നടന്നത്. മലേഗാവ് നഗരത്തിലെ ഭിക്കു ചൗക്കിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

കേസില്‍ 11 പേരായിരുന്നു കുറ്റക്കാരായി ഉണ്ടായിരുന്നത്. ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ പ്രജ്ഞ സിങ് ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

മുന്‍ എം.പി പ്രജ്ഞ സിങ് , മേജര്‍ (റിട്ടയേര്‍ഡ്) രമേഷ് ഉപാധ്യായ, സുധാകര്‍ ചതുര്‍വേദി, അജയ് രാഹിര്‍ക്കര്‍, സുധാങ്കര്‍ ധര്‍ ദ്വിവേദി (ശങ്കരാചാര്യ), സമീര്‍ കുല്‍ക്കര്‍ണി എന്നിവരുള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെയായിരുന്നു യു.എ.പി.എ അടക്കം ചുമത്തിയത്. എന്നാല്‍ കേസ് 2011 ല്‍ എന്‍.ഐ.എയ്ക്ക് കൈമാറി.

17 വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷം ഏഴ് പ്രതികളേയും തെളിവുകളുടെ അഭാവത്തില്‍ എന്‍.ഐ.എ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. കേസ് സംശയാതീതമായി സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതി പറഞ്ഞത്.

Content Highlight: Malegaon Blast Col. Purohit Return to Active Service Misister Giriraj Singh Congatulate

We use cookies to give you the best possible experience. Learn more