മാലെ: ദൈര്‍ഘ്യമേറിയ പത്രസമ്മേളനം നടത്തി റെക്കോഡ് സ്വന്തമാക്കി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച വാര്‍ത്താ സമ്മേളനം 14 മണിക്കൂര്‍ 54 മിനിറ്റ് നീണ്ടുനിന്നതായി പ്രസിഡന്റ് ഓഫീസ് പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുയിസു തുടര്‍ച്ചയായി മറുപടി നല്‍കുകയായിരുന്നു. ഇതിനിടെ പ്രാര്‍ത്ഥനയ്ക്കുള്ള ഇടവേളകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
‘സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ണായക പങ്കിനെ പ്രസിഡന്റ് അംഗീകരിക്കുകയാണ് ചെയ്തത്. വസ്തുതാപരവും സന്തുലിതവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടിങ്ങിന്റെ പ്രാധാന്യമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലുടനീളം ഊന്നിപ്പറഞ്ഞത്,’ പ്രസിഡന്റ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
2025ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ 180 രാജ്യങ്ങളില്‍ മാലിദ്വീപ് 104-ാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ട് സ്ഥാനങ്ങളുടെ ഉയര്‍ച്ചയാണ് മാലിദ്വീപ് നേടിയത്. ഈ നേട്ടം ഉള്‍പ്പെടെയാണ് മുയിസു ആഘോഷമാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതിനുപുറമെ 15 മണിക്കൂറോളം നീണ്ട വാര്‍ത്താ സമ്മേളനത്തിലൂടെ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സ്വന്തമാക്കിയ റെക്കോഡാണ് മുയിസു തകര്‍ത്തത്. 2019 ഒക്ടോബറില്‍ സെലന്‍സ്‌കി 14 മണിക്കൂര്‍ പത്രസമ്മേളനം നടത്തിയിരുന്നു.
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാ ഷെന്‍കോയുടെ റെക്കോഡ് ഭേദിച്ചായിരുന്നു സെലന്‍സ്‌കിയുടെ വാര്‍ത്താ സമ്മേളനം. ഷെന്‍കോയുടെ വാര്‍ത്താ സമ്മേളനം ഏഴ് മണിക്കൂറിലധികം സമയമുണ്ടായിരുന്നു.
നിലവില്‍ മുയിസുവിന്റെ വാര്‍ത്താ സമ്മേളനം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത് അതിനായി തെരഞ്ഞെടുത്ത ദിവസമാണ്. ലോക മാധ്യമസ്വാതന്ത്ര ദിനത്തിലാണ് മുയിസു പത്രസമ്മേളനം നടത്തിയത്.
പൊതുജനങ്ങള്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് മുയിസു വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത്. 30ഓളം മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെ മാലിദ്വീപ് മുന്‍ പ്രസിഡന്റ് കൗതുകകരമായ മറ്റൊരു റെക്കോഡ് നേടിയിരുന്നു. 2009ല്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ കാബിനറ്റ് യോഗം നടത്തി പ്രസിഡന്റ് മുഹമ്മദ് നഷീദാണ് റെക്കോഡ് കരസ്ഥമാക്കിയത്. സ്‌കൂബ ഗിയറില്‍ തന്റെ കാബിനറ്റ് അംഗങ്ങളോടൊപ്പം അദ്ദേഹം കടലിലേക്ക് മുങ്ങുകയായായിരുന്നു.
Content Highlight: Maldives president Mohamed Muizzu breaks Zelensky’s record by holding 15-hour press conference