ക്വാലാലംപൂർ: 2026 മുതൽ 16 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് മലേഷ്യ. കുട്ടികളുടെ ആരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരു ആഗോള ആശങ്കയായി മാറിയിട്ടുണ്ടെന്നും രാജ്യം ചൂണ്ടിക്കാട്ടി.
സൈബർ ഭീഷണി, സാമ്പത്തിക തട്ടിപ്പുകൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ തുടങ്ങിയവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത രാജ്യം വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെയും മറ്റ് രാജ്യങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ സർക്കാർ പുനപരിശോധിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രി ദാതുക് ഫഹ്മി ഫഡ്‌സിൽ ഞായറാഴ്ച അറിയിച്ചു.
ഐ.പി.പി.ടി.എ.ആർ (Institut Penyiaran dan Penerangan Tun Abdul Razak) സംഘടിപ്പിച്ച ഓൺലൈൻ തട്ടിപ്പ് ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവർഷം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കമ്പനികൾ നോ യുവർ കസ്റ്റമർ ഐഡന്റിറ്റി വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
’16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുന്നതിനുള്ള സർക്കാർ തീരുമാനം അടുത്ത വർഷത്തോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടപ്പിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ഫഹ്മി ഫഡ്‌സിൽ പറഞ്ഞതായി ദി സ്റ്റാർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ഓസ്‌ട്രേലിയ അടുത്തമാസം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രായപരിധി ഏർപ്പെടുത്തുമെന്നും അത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങൾക്ക് അവരുടേതായ സമീപനങ്ങളുണ്ടാകാമെന്നും തങ്ങൾ അവ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി ഒന്ന് മുതൽ ഓൺലൈൻ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ നീക്കം വിശാലമായ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ഫഹ്മി പറഞ്ഞു.
കുട്ടികളുടെ സ്ക്രീൻ ടൈമിന് പകരം മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്, ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഗൂഗിൾ, മെറ്റാ എന്നീ കമ്പനികൾക്ക് മാനസികാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് അമേരിക്കയിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Content Highlight: Malaysia to introduce law banning social media accounts for those under 16