| Thursday, 22nd October 2026, 10:14 pm

ഇസ്രഈല്‍ ബന്ധം: വിവരസുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാവിഗേഷന്‍ ആപ്പ് ഉപയോഗിക്കുന്നതിന് വിലക്ക്

ദേവിക ജയചന്ദ്രന്‍

ക്വാലാലംപൂര്‍: ഇസ്രഈലുമായി ബന്ധമുള്ളതിനാല്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നാവിഗേഷന്‍ ആപ്പായ വേസ്( WAZE) ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യ.

ഗൂഗിള്‍ എല്‍.എല്‍.സി.യുടെ ഉടമസ്ഥതയിലുള്ള വേസ് ഇസ്രഈലിലാണ് സ്ഥാപിതമായത്. കമ്പനിയുടെ രജിസ്റ്റര്‍ ചെയ്ത ആസ്ഥാനം ഇപ്പോഴും അവിടെയാണ്.

‘എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നാവിഗേഷന്‍ ആപ്പായ വേസ് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നു, ഇസ്രഈല്‍ ഭരണകൂടം വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള ഭീഷണിയില്‍നിന്ന് സര്‍ക്കാര്‍ വിവരങ്ങളും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം’, പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.

ചൊവ്വാഴ്ച അന്‍വര്‍ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സൈബര്‍ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിനെ ദീര്‍ഘകാലമായി ശക്തമായി വിമര്‍ശിക്കുന്ന മലേഷ്യയ്ക്ക് ആ രാജ്യവുമായി നയതന്ത്രബന്ധങ്ങളില്ല.

വാഹനയാത്രക്കാരില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് തത്സമയ ഗതാഗത വിവരങ്ങള്‍ നല്‍കുന്ന വേസിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം മലേഷ്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരിച്ചിട്ടില്ല.

വിലക്ക് എങ്ങനെയാണ് നടപ്പാക്കുകയെന്നോ അത് എങ്ങനെ നിരീക്ഷിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന രീതിയില്‍ ഇസ്രഈല്‍ ഭരണകൂടം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള രഹസ്യ സര്‍ക്കാര്‍ വിവരങ്ങളും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കപ്പെടണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മലേഷ്യയില്‍ വികസിപ്പിച്ച നാവിഗേഷന്‍ ആപ്പായ ടുജു(TuJu) പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാന്‍ അന്‍വര്‍ ഇബ്രാഹിം ഉപയോക്താക്കളോട് നിര്‍ദേശിച്ചു.

മലേഷ്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ് വേസ്. ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഗ്രാബ്(Grab)ന്റെ ഡ്രൈവര്‍മാര്‍ മറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്ക് പകരമായും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

വേസ് ആപ്പ് സാറ്റലൈറ്റ് സിഗ്‌നലുകളും ഡ്രൈവര്‍മാരില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചാണ് തത്സമയ ട്രാഫിക് വിവരങ്ങള്‍ നല്‍കുന്നത്. 2013ല്‍ ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഈ ആപ്പ് സ്വന്തമാക്കിയത്.

എന്നാല്‍ തങ്ങളുടെ ആപ്പ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി വേസ് രംഗത്തെത്തി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി കര്‍ശനമായ സ്വകാര്യതാ നയങ്ങളാണ് കമ്പനി പിന്തുടരുന്നതെന്നും ആഗോള ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഇസ്രഈല്‍ ബന്ധങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല.

Content  Highlight: Malaysia bans civil servants from using Israeli-made Waze navigation app

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more