| Tuesday, 17th June 2025, 9:29 am

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററും സഹായിയും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗാസിയാബാദില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെയും സഹായിയെയും അറസ്റ്റ് ചെയ്ത് പൊലീസ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരെ സാമ്പത്തിക സഹായം നല്‍കാമെന്ന പേരില്‍ മതം മാറ്റിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ജൂണ്‍ 15 ഞായറാഴ്ചയാണ് അറസ്റ്റ് നടന്നത്.

സാഹിബാബാദില്‍ താമസിക്കുന്ന പാസ്റ്റര്‍ വിനോദ് കുഞ്ഞുമോനും സഹായിയുമാണ് അറസ്റ്റിലായത്. വിനോദ് മലയാളിയാണെന്നാണ് വിവരം. ഇവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബി.എന്‍.എസ് സെക്ഷന്‍ 115(2) (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 351(3) (മരണ ഭീഷണി), 352 (സമാധാന ലംഘനം) എന്നീ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബജ്‌രംഗ് ദള്‍ നേതാവ് പ്രബാല്‍ ഗുപ്ത നല്‍കിയ പരാതിയിലാണ് നടപടി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെ കബളിപ്പിച്ച് മതം മാറ്റിയെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ അന്വേഷണം തുടരുന്നതായി എ.സി.പി വേവ് സിറ്റി പ്രിയശ്രീ പാല്‍ പറഞ്ഞു. കുറച്ചധികം നാളുകളായി എല്ലാ ഞായറാഴ്ചയും ക്രോസിങ്‌സ് റിപ്പബ്ലിക്കിലെ രാഹുല്‍ വിഹാര്‍ കോളനിയില്‍ താമസിക്കുന്ന പ്രേം ചന്ദ് ജാതവിന്റെ വസതിയില്‍ പാസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താറുണ്ടെന്ന് എ.സി.പി പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രേം ചന്ദിന്റെ മാമോദിസ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിയില്‍ പറയുന്നത് പ്രകാരം, തന്റെ വീട്ടില്‍ നടന്നിരുന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പ്രേം ചന്ദ് പ്രോത്സാഹിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് മതപരിവര്‍ത്തനം നടന്നതെന്ന് എ.സി.പി പ്രിയശ്രീ പാല്‍ പറഞ്ഞു. സാമ്പത്തിക സഹായം നല്‍കാമെന്ന പേരിലാണ് മതപരിവര്‍ത്തനം നടത്തിയെന്നാണ് എ.സി.പി പറയുന്നത്.

എന്നാല്‍ പ്രേം ചന്ദിന്റെ വീട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും എല്ലാ ഞായറാഴ്ചയും പ്രാര്‍ത്ഥനകള്‍ മാത്രമേ നടന്നിരുന്നുവെന്നും അയല്‍വാസികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രേം ചന്ദ് മതപരിവര്‍ത്തനം നടത്തിയെന്ന വാദം ശരിയല്ലെന്ന് അയല്‍ക്കാരനായ സതീഷ് ആനന്ദ് പറഞ്ഞു.

Content Highlight: Malayali pastor and assistant arrested in Uttar Pradesh on charges of religious conversion

We use cookies to give you the best possible experience. Learn more