| Tuesday, 8th July 2025, 5:31 pm

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമന്‍ പൗരനെ വധിച്ച കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ്. ജൂലൈ 16ന് വധശിക്ഷ നടപ്പിലാക്കണമെന്ന് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിടുകയായിരുന്നു. പ്രസ്തുത ഉത്തരവ് ജയില്‍ മേധാവിക്ക് കൈമാറി.

യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ സാമുവല്‍ ജെറോമാണ് വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. അതേസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം നിമിഷയുടെ വധശിക്ഷ സ്ഥിരീകരിച്ചിട്ടില്ല.

വധശിക്ഷാ തീരുമാനം സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തിന്റെ മാപ്പ് ലഭിക്കാതിരുന്നതാണ് വധശിക്ഷാ നടപടിക്ക് കാരണമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ വധശിക്ഷയില്‍ ഇളവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അഭിഭാഷകര്‍ വിലയിരുത്തുന്നത്.

യെമന്‍ സ്വദേശിയായ തലാല്‍ അബ്ദു മഹ്ദിയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2017ലായിരുന്നു കൊലപാതകം.

തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. എന്നാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തി പീഡനത്തിന് ഇരയാകാന്‍ ശ്രമിച്ചതോടെ നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് തലാലിനെ കൊലപ്പെടുത്തുകയായിരുന്നു.

തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷക്കെതിരെയുള്ള കേസ്. 2017 മുതല്‍ നിമിഷ സനയിലെ ജയിലില്‍ കഴിയുകയാണ്.

വധശിക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയും ഇറാനും ഉൾപ്പെടെ ഇടപെടല്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.  ജനുവരിയില്‍ നിമിഷപ്രിയ ഹൂത്തികളുടെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂത്തികളാണെന്ന് ഇന്ത്യയിലെ യെമന്‍ എംബസി അറിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിമിഷപ്രിയക്കായി ഇറാന്‍ ഇടപെടല്‍ നടത്തിയത്.

വധശിക്ഷയില്‍ ഇളവ് തേടി നിമിഷയും യെമന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെയും നിമിഷ സമീപിച്ചിരുന്നു.

മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരിയും യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയിരുന്നു. 2020ലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. രാജ്യത്തെ പരമോന്നത കോടതി ഇത് ശരിവെച്ചതായും പ്രസിഡന്റ് അനുമതി നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: Malayali nurse Nimishapriya’s death sentence ordered

We use cookies to give you the best possible experience. Learn more