| Monday, 28th July 2025, 8:08 am

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം; ഹിന്ദുത്വരുടെ ആള്‍ക്കൂട്ട വിചാരണ ടി.ടി.ആറിന്റെ ഒത്താശയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത് ടി.ടി.ആര്‍ അന്യായമായി തടഞ്ഞുവെച്ചതിന് പിന്നാലെ.

ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്.

പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. നിലവില്‍ രണ്ട് കന്യാസ്ത്രീകളും ഇന്ന് (തിങ്കള്‍) ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളാണ്.

ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.

സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.

അതേസമയം സഹോദരന്‍ മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആള്‍ക്കൂട്ട വിചാരണ തുടരുകയായിരുന്നെന്നും വിവരമുണ്ട്. കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പുകള്‍ ആയതിനാല്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കാനായിരിക്കും കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ ഇനി ശ്രമിക്കുക.

എന്നാല്‍ പെണ്‍കുട്ടികളിലൊരാള്‍ മൊഴി മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കൊണ്ട് മൊഴി മാറ്റിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് പൂര്‍ണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പരസ്യമായി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരായ കേസ് കെട്ടിച്ചമതാണെന്ന് പറഞ്ഞ സി.ബി.സി.ഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ്, ഭരണഘനടക്കും രാജ്യത്തിനും എതിരെ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായും അറിയിച്ചിരുന്നു.

കന്യാസ്ത്രീകള്‍ക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം സി.ബി.സി.ഐ തള്ളുകയും ചെയ്തു. ഇതിനുപുറമെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയില്‍ ഛത്തീസ്ഗഡ് പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ഇടപെടലുണ്ടാകണമെന്ന് ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ ഹിന്ദുത്വവാദികളുടെ ആള്‍ക്കൂട്ട വിചാരണയില്‍ സമഗ്ര അന്വേഷണം വേണമെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്ക്ക് കത്തയക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു.

Content Highlight: The incident of the arrest of Malayali nuns in Chhattisgarh; The mob trial of Hindutva with the support of TTR

We use cookies to give you the best possible experience. Learn more