മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ റിജാസിന്റെ വിചാരണ തടവ് ഇന്ന് 500 ദിവസം പിന്നിട്ടു. യു.എ.പി.എ കേസില്‍ നാഗ്പൂര്‍ ജയിലില്‍ കഴിയുന്ന റിജാസിന്റെ ജാമ്യ ഹരജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല. കേസില്‍ വിചാരണയും ആരംഭിച്ചിട്ടില്ല.
റിജാസിന് നീതി ആവശ്യപ്പെട്ട് നിലവില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുഖ്യധാരക്ക് പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍, ബദല്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമായി റിജാസിന്റെ നീതിക്കായി ആവശ്യപ്പെട്ടു. റിജാസ് സോളിഡാരിറ്റി ഫോറം എന്ന ഐക്യദാര്‍ഡ്യ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിന്‍ നടക്കുന്നത്.
റിജാസിന് ലഭിക്കേണ്ട നീതിയെക്കുറിച്ച് റിജാസ് സോളിഡാരിറ്റി ഫോറവും ഈ വിഷയത്തിലിടപെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. കേസിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. റിജാസ്് വിഷയത്തില്‍ സിവില്‍ സൊസൈറ്റിയും രാഷ്ട്രീയ സംഘടനകളും മാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങളും അവര്‍ ഉന്നയിക്കുന്നു.
റിജാസിന്റെ കേസില്‍ ജാമ്യ ഹരജി കോടതി ഇതുവരെ പരിഗണിച്ചില്ല എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നം. ഇത് റിജാസിന്റെ നീതിക്കായുള്ള നിയമവഴികളെ തടസ്സപ്പെടുത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് പല തവണ വിളിച്ചെങ്കിലും റെജാസിന്റെ ജാമ്യ ഹരജി കോടതി ഇതുവരെ പരിഗണിച്ചില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ ഹരി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജാമ്യത്തിനൊപ്പം ഡിസ്ചാര്‍ജ് പെറ്റീഷന്‍ കൂടിയുള്ള ജാമ്യഹരജിയാണ് സമര്‍പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഹരജി സമര്‍പിച്ചത്. അതിന് ശേഷം പത്ത് തവണയിലധികം കോടതി കേസ് വിളിച്ചെങ്കിലും ഇതുവരെ ജാമ്യ ഹരജി പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് മാസങ്ങളായി റിജാസിന്റെ ജാമ്യ ഹരജി ഫയല്‍ ചെയ്തിട്ട്. ഹിയറിങ് പല തവണ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. കേസ് പരിഗണിച്ചുകൊണ്ടിരുന്ന കോടതികളെയും ഇക്കാലയളവില്‍ പല തവണ മാറ്റി. ഇത് ജാമ്യ ഹരജി പരിഗണിക്കുന്നത് വൈകാന്‍ കാരണമായിട്ടുണ്ടെന്നും ഹരി പറഞ്ഞു.
യു.എ.പി.എ കേസ് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാര പരിധിയുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് കേസ് പരിഗണിക്കുന്ന പുതിയ കോടതി പറയുന്നത്. എന്നാല്‍ ഈ കോടതി തന്നെയാണ് യു.എ.പി.എ കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടി റിജാസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നുണ്ടെന്നും ഹരി ചൂണ്ടിക്കാട്ടി.
ജാമ്യം കോടതി തള്ളിയിരുന്നെങ്കില്‍ അതിനെതിരെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ സാധിക്കും. ഉമര്‍ ഖാലിദിന്റെ കേസിലും മറ്റും അങ്ങനെയാണ് നടന്നത്. എന്നാല്‍ റിജാസിനെതിരായ കേസില്‍ കോടതി ജാമ്യം പരിഗണിക്കുക പോലും ചെയ്യാത്തതിനാല്‍ ഇത് സാധ്യമല്ല. ജാമ്യം തള്ളിയിരുന്നെങ്കില്‍ പോലും മുന്നോട്ട് നിയമത്തിന്റെ വഴിയുണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ജാമ്യം പരിഗണിക്കാതെ വൈകിപ്പിക്കുന്നത് കാരണം ആ വഴിയില്ലാത്ത അവസ്ഥയായെന്നും ഹരി അഭിപ്രായപ്പെട്ടു.
യു.എ.പി.എ കേസുകളില്‍ തടവിലായാല്‍ 90 ദിവസത്തിന് ശേഷം ജാമ്യ ഹരജി സമര്‍പിക്കാന്‍ പറ്റും. എന്നാല്‍ അലിഖിത നിയമം പോലെ 180 ദിവസത്തിന് ശേഷം ബെയില്‍ പെറ്റിഷന്‍ ഫയല്‍ ഫയല്‍ ചെയ്യാറാണ് പതിവ്. 180 ദിവസത്തിന് ശേഷം ആ ഹരജി പരിഗണിക്കേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ 500 ദിവസം കഴിഞ്ഞിട്ടും ജാമ്യഹരജി കോടതി പരിഗണിച്ചില്ലെന്നും ഹരി ചൂണ്ടിക്കാട്ടി.
റെജാസിനെതിരായ കുറ്റപത്രത്തില്‍ പൊലീസ് ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും അവര്‍ വിവരങ്ങള്‍ വളച്ചൊടിക്കുകയാണെന്നും റിജാസ് സോളിഡാരിറ്റി ഫോറം സ്ഥാപകരിലൊരാളായ അഷ്ഫാഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ജെ.കെ.എല്‍.എഫ് സംഘടനയോടും മാവോയിസ്റ്റ് പാര്‍ട്ടിയോടും ബന്ധമുണ്ടെന്നതാണ് റെജാസിനെതിരെ പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. വേറിട്ട പ്രത്യയശാസ്ത്രങ്ങള്‍ വെച്ചുപുലര്‍ത്തുന്ന രണ്ട് സംഘടനകളുമായാണ് പൊലീസ് ഇത്തരത്തില്‍ ബന്ധം ആലോചിക്കുന്നത്. ഒരാള്‍ക്ക് എങ്ങനെ പരസ്പര വിരുദ്ധമായ രാഷ്ട്രീയങ്ങളില്‍ ഒരേ സമയം ഭാഗമാവാനാവുമെന്ന് അഷ്ഫാഖ് ചോദിച്ചു.
Rejaz
എസ്.ക്യു.ആര്‍ ഇല്യാസ്, വാഹിദ് ഷെയ്ഖ് എന്നീ വ്യക്തികളെ റിജാസ് കോണ്ടാക്ട് ചെയ്തതിനെയും പൊലീസ് വളച്ചൊടിക്കുകയാണെന്നും അഷ്ഫാഖ് പറഞ്ഞു. മുംബൈ സ്ഫോടനക്കേസ് പ്രതിയായ വാഹിദ് ഷെയ്ഖുമായി റെജാസിന് ബന്ധമെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മുംബൈ സ്ഫോടനക്കേസില്‍ കുറ്റവാളിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട വ്യക്തിയാണ് വാഹിദ് ഷെയ്‌ഖെന്നും ചൂണ്ടിക്കാട്ടി.
നിലവില്‍ കുറേ കാലമായി തടവുകാരുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചുവരികയാണ് വാഹിദ് ഷെയ്ഖ്. തടവുകാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിജാസ് ചെയ്തിരുന്നു. തന്റെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമയാണ് റിജാസ് വാഹിദ് ഷെയ്ഖുമായി ബന്ധപ്പെട്ടത്. പിന്നീട് കോഴിക്കോട് ഒരു മനുഷ്യാവകാശ കൂട്ടായ്മയുടെ ഉദ്ഘേടനത്തിനു വേണ്ടിയും റിജാസ് അദ്ദേഹത്തെ കോണ്ടാക്ട് ചെയ്തു. ഇത്തരത്തിലുള്ള ബന്ധത്തെയാണ് പൊലീസ് ദുരൂഹമായി ചിത്രീകരിക്കുന്നതെന്നും അഷ്ഫാഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
SQR Illyas
എസ്.ക്യു.ആര്‍ ഇല്യാസുമായുള്ള ബന്ധത്തെക്കുറിച്ചും സമാനമായ ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. ‘മുന്‍ സിമി നേതാവ് എസ്.ക്യു.ആര്‍ ഇല്യാസുമായി റിജാസിന് ബന്ധ’മെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവാണ് എസ്.ക്യു.ആര്‍ ഇല്യാസെന്ന് അഷ്ഫാഖ് ചൂണ്ടിക്കാട്ടി. വഖഫ് വിഷയവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയുടെ കാര്യത്തിനാണ് അദ്ദേഹത്തെ റിജാസ് ബന്ധപ്പെട്ടതെന്നും അഷ്ഫാഖ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്നവരും സിവില്‍ സമൂഹവും റിജാസിനെ അവഗണിക്കുകയാണെന്ന് സോളിഡാരിറ്റി ഫോറം പ്രതിനിധികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. റിജാസിനെതിരെ ഒരു വാര്‍ത്തയുടെ പേരില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തിരുന്നെന്നും പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ആ കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വിയില്‍ റെയ്ഡ് നടന്നപ്പോള്‍ ഇടത് പക്ഷവും കെ.യു.ഡബ്ല്യു.ജെയും റിപ്പോര്‍ട്ടറിനെ ഡിഫന്‍ഡ് ചെയ്തു. എന്നാല്‍ 50ലധികം സ്റ്റോറികള്‍ ചെയ്ത റിജാസിനെ അവഗണിക്കുകയാണ്.
റിജാസ് ചെയ്ത ഒരു വാര്‍ത്തയുടെ പേരില്‍ 2023ല്‍ കേരള പൊലീസ് കേസെടുത്തിരുന്നു. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ യോഗത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ പൊലീസ് ടാര്‍ഗറ്റ് ചെയ്യുന്നു എന്ന, 2023ല്‍ മക്തൂബ് മീഡിയയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരിലായിരുന്നു കേസ്. മക്തൂബ് എഡിറ്റര്‍ അസ് ലഹ്, ഈ റിപ്പോര്‍ട്ടില്‍ ക്വോട്ട് ചെയ്ത അഭിഭാഷകന്‍ അമീന്‍ ഹസന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കേസ്. അന്ന് ആ സാഹചര്യത്തില്‍ ആരും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും ഫോറം പ്രതിനിധികള്‍ ഓര്‍മിപ്പിച്ചു.
വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.എയില്‍ അംഗമായിരുന്നു റിജാസ്. വാര്‍ത്തയുടെ പേരില്‍ തനിക്കെതിരെ കേസെടുത്തതിനെതിര റിജാസും മറ്റൊരു ഡി.എസ്.എ പ്രവര്‍ത്തകനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത നവകേരള സദസ്സില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റെജാസിനെയും സുഹൃത്തിനെയും മര്‍ദിച്ചിരുന്നതായും ഫോറം പ്രതിനിധികള്‍ പറഞ്ഞു.
ഇപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവരാണ് അന്ന് റിജാസിനെതിരെ കേസെടുക്കുകയും അതില്‍ പ്രതിഷേധിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തതെന്നും ഫോറം ചൂണ്ടിക്കാട്ടി. മര്‍ദനം നടത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പകരം അന്നത്തെ പിണറായി സര്‍ക്കാരിന്റെ പൊലീസ് കേസെടുത്തത് മര്‍ദനമേറ്റ റെജാസിനും സുഹൃത്തിനും എതിരായിട്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസായിരുന്നു 2023ല്‍ മക്തൂബിലെ വാര്‍ത്തയുടെ പേരില്‍ കേസെടുത്തത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസ് നയത്തെ വിമര്‍ശിച്ചിരുന്ന യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും ആ വാര്‍ത്തയുടെ പേരില്‍ റിജാസിനെതിരെ ചുമത്തിയ കേസ് പിന്‍വലിച്ചില്ല. പുതിയ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കേസുകള്‍ പിന്‍വലിച്ച ചരിത്രമുണ്ട്. എന്നിട്ടും പുതിയ സര്‍ക്കാര്‍ 2023ലെ ആ കേസ് പിന്‍വലിക്കുന്ന കാര്യം പരിഗണിച്ചില്ലെന്നും സോളിഡാരിറ്റി ഫോറം പ്രതിനിധികള്‍ പറഞ്ഞു.
ഇപ്പോഴത്തെ കേസില്‍ നാഗ്പൂര്‍ പൊലീസ് റിജാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ പൊലീസ് ഭാഷ്യമാണ് അന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സോളിഡാരിറ്റി ഫോറം പ്രതിനിധികള്‍ പറഞ്ഞു. റിജാസിന്റെ വീട്ടുകാരെയോ സുഹൃത്തക്കളെയോ ബന്ധപ്പെട്ട് അതിന്റെ മറുവശം അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ അടക്കമുള്ള മാധ്യമങ്ങള്‍ ഉമര്‍ഖാലിദിന്റെ തടവിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇപ്പോഴാണ്. ഉമര്‍ ഖാലിദ് ഉന്നയിക്കുന്ന ഡിസന്റിന് സ്വീകാര്യത കിട്ടിയെന്ന് തോന്നിയപ്പോഴാണ് അവര്‍ ഈ വിഷയം പറയാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ സ്വീകാര്യത ലഭിച്ചാല്‍ മാത്രമേ മാധ്യമങ്ങള്‍ ഒരു പ്രശ്നം ഉന്നയിക്കൂ.
രാഷ്ട്രീയ പ്രബുദ്ധരെന്ന് അവകാശപ്പെട്ട് ധാര്‍മിക മേല്‍ക്കോയ്മ അവകാശപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ ഇടങ്ങളിലുള്ളവര്‍ സ്വന്തം നാട്ടില്‍ നടക്കുന്ന പ്രശ്നം അവഗിക്കുന്നുവെന്നും റിജാസ് വിഷയത്തോടുള്ള അവഗണയെക്കുറിച്ച് ഫോറം അഭിപ്രായപ്പെട്ടു. അവര്‍ റിജാസിന്റെ കാര്യം മനപ്പൂര്‍വം അവഗണിക്കുന്നു. മറ്റ് രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്നവര്‍ റെജാസിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് പോലും ആരും പ്രതിഷേധിച്ചിട്ടില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തനം ഒരു കുറ്റകൃത്യമല്ല എന്ന മുദ്രാവാക്യമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് റിജാസ് സോളിഡാരിറ്റി ഫോറം സ്ഥാപകരിലൊരാളായ നിഹാരിക ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഏത് തരത്തിലുള്ള ഭരണകൂടം ആണെങ്കിലും അതിന് മുന്നില്‍ മാധ്യമപ്രവര്‍ത്തനം കുറ്റകൃത്യം ആവരുത്. ആ സ്വാതന്ത്ര്യത്തിനായാണ് തങ്ങള്‍ വാദിക്കുന്നതെന്നും നിഹാരിക പറഞ്ഞു.
വാദം കേള്‍ക്കാന്‍ തുടങ്ങിയാല്‍ റിജാസിനെതിരായ കുറ്റപത്രം തള്ളിപ്പോകുമെന്നും നിഹാരിക അഭിപ്രായപ്പെട്ടു. വളരെ അവ്യക്തത നിറഞ്ഞതാണ് കുറ്റപത്രം. കേസില്‍ നിയമ നടപടികള്‍ വൈകിപ്പിക്കുകയാണ്. നിയമപരമായ നൂലാമാലകളിലൂടെ നിയമ നടപടികള്‍ വൈകിപ്പിക്കുക എന്നത് ഒരു ഭരണകൂട അജണ്ടയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആദ്യഘട്ടങ്ങളില്‍ റിജാസിന്റെ നീതിക്കായി ഓഫ് ലൈന്‍ പ്രൊട്ടസ്റ്റുകള്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നെന്നും നിഹാരിക പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിജാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുത്തവരെ വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും നിഹാരിക അറിയിച്ചു.
ഈ വിഷയത്തില്‍ ഐക്യപ്പെടുന്നവരില്‍ ഭീതിയുണ്ടാക്കാന്‍ പൊലീസിന്റെ ഇടപെടല്‍ കാരണമായിരുന്നു. എന്നാല്‍ പിന്നീട് അത്തരം ഭീതിയെ മറികടന്നുകൊണ്ടാണ് റിജാസിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനത്തില്‍ ആളുകള്‍ പങ്കാളികളായതും പങ്കാളികളാവാന്‍ ശ്രമിച്ചതും. അതിന് തെളിവാണ് ഈ മാസം ഗുഫ്തുഗു കളക്ടീവുമായി ചേര്‍ന്ന് സംഘടിപ്പിച്ച റിജാസ് ഐക്യദാര്‍ഢ്യ പരിപാടിയിലെ വലിയ പങ്കാളിത്തമെന്നും നിഹാരിക കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഫ്തുഗു കളക്ടീവ് എന്ന ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് സെപ്തംബര്‍ 13നായിരുന്നു റെജാസ് സോളിഡാരിറ്റി ഫോറം ഐക്യധാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ തടവുകാരുടെ ദിനാചരണവുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി.
കേന്ദ്ര സര്‍ക്കാരിനെയും സൈന്യത്തിന്റെ നടപടികളെയും വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടതുമായി ബന്ധപ്പെട്ട കേസിലായിരുന്നു റിജാസിനെ മഹാരാഷ്ട്ര പൊലീസ് 2025 മേയില്‍ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ലകഡ്ഗഞ്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Representetive Image
അന്ന് റിജാസിന്റെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളുടെ പേരില്‍ മാവോയിസ്റ്റ് ബന്ധവും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ജീവിതത്തെ കുറിച്ചും മാര്‍ക്‌സിസം-ലെനിനിസത്തെക്കുറിച്ചുമുള്ള ഓരോ പുസ്തകങ്ങളും ‘ഒണ്‍ലി പീപ്പിള്‍ മേക്ക് ദെയര്‍ ഓണ്‍ ഹിസ്റ്ററി’ എന്ന പുസ്തവുമായിരുന്നു ആ ഹോട്ടല്‍ റൂമില്‍ നിന്ന് പിടിച്ചെടുത്തത്.
റിജാസ് തോക്കുമായി നില്‍ക്കുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെക്കുറിച്ചും കേസിന്റെ എഫ്.ഐ.ആറില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അത് എയര്‍ ഗണ്‍ ആണെന്ന് പിന്നീട് തെളിഞ്ഞതായി കഴിഞ്ഞ വര്‍ഷം മെയില്‍ ദ വയറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍ഗോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ റിജാസ് അതിന് ശേഷം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് തിരിയുകയായിരുന്നു. തന്റെ പഠന കാലഘട്ടം മുതലേ റിജാസ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിലും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി സംഘടനയായ ഡി.എസ്.എയില്‍ അംഗമായിരുന്ന റിജാസ് മനുഷ്യാവകാശ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായിരിക്കെ ‘മക്തൂബ്’, ‘കൗണ്ടര്‍ കറന്റ്‌സ്’, ‘ഒബ്‌സര്‍വര്‍ പോസ്റ്റ്’ അടക്കമുള്ള മാധ്യമങ്ങളില്‍ റിജാസിന്റ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു റിജാസ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പൊലീസ് അതിക്രമങ്ങള്‍, ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, ആദിവാസി സമൂഹങ്ങളുടെ നേര്‍ക്കുള്ള വംശഹത്യ, സംഘപരിവാര്‍ അജണ്ടകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
റിജാസ് മുമ്പ് കര്‍ണാടകയില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി അഷ്ഫാഖ് പറഞ്ഞു. വയനാട്ടിലെ ആദിവാസി സമുദായാംഗങ്ങളെ കുഡഗില്‍ നിര്‍ബന്ധിത തൊഴിലിന് വിധേയമാക്കുന്നതിനെക്കുറിച്ച് മക്തൂബ് മീഡിയക്ക് വേണ്ടിയുള്ള ഒരു വാര്‍ത്ത ചെയ്യാന്‍ പോയപ്പോഴായിരുന്നു അത്. റിജാസ് മാവോയിസ്റ്റ് റിക്രൂട്ട്മെന്റിന് അവിടെയെത്തി എന്ന് ആരോപിച്ചായിരുന്നു അന്ന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നും അഷ്ഫാഖ് പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായതിനാല്‍ റിജാസിനെതിരായ ടാര്‍ഗറ്റിങ് പൊലീസിന് എളുപ്പമാകുന്നുവെന്നും അഷ്ഫാഖ് ചൂണ്ടിക്കാട്ടി. എസ്റ്റാബ്ലിഷ്ഡ് ആയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്നതിന്റെ അംഗീകാരവും പിന്തുണയുമുണ്ടാവും. എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന് അത് ലഭിക്കില്ലെന്നും അഷ്ഫാഖ് ചൂണ്ടിക്കാട്ടി.
Content Highlight: Malayali Journalist Rejaz M Sydeek in Jail More than 500 days in UAPA Case, No trial and Bail