പാലക്കാട്: നബിദിനവും തിരുവോണം ഒരുമിച്ച് ആഘോഷിച്ച് പാലക്കാട് യാക്കര മുറിക്കാവിലെ ജനങ്ങള്‍. കൃഷ്ണപിള്ള വായനശാലയും മുറിക്കാവ് ജമാഅത്ത് പള്ളിയും ചേര്‍ന്നാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. മുറിക്കാവ് ജമാഅത്ത് പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ദഫ്മുട്ടിയാണ് മാവേലിയെ വരവേറ്റത്.
ഒരു വശത്ത് ദഫ് മുട്ടും മറുവശത്ത് ചെണ്ട മേളവും ഉള്ള സൗഹാര്‍ദപരമായ കാഴ്ച ഒരുക്കിയാണ് മുറിക്കാവിലെ നാട്ടുകാര്‍ വേറിട്ട് നിന്നത്. നബിദിനവും തിരുവോണവും ഒരുമിച്ച് എത്തിയതോടെയാണ് ഇത്തരമൊരു കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.
ഇത് പോലെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമാണെന്ന് മാവേലിയായെത്തിയ ദാസ് കലാശാല പ്രതികരിച്ചു.
’32 വര്‍ഷമായി ഞാന്‍ മാവേലി വേഷം കെട്ടുന്നുണ്ട്. കൂടാതെ അഞ്ച് വര്‍ഷമായി ഞാന്‍ മാവേലിയായി ഇവിടെയെത്തുന്നുണ്ട്. ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാണ്,’ ദാസ് കലാശാല പറഞ്ഞു.
നബിദിനവും തിരുവോണവും ഒന്നിച്ച് ആഘോഷിച്ച് കേരളം മികച്ചൊരു സന്ദേശമാണ് നല്‍കുന്നതെന്നും ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും മുറിക്കാവ് നിവാസികള്‍ പറഞ്ഞു.
പാലക്കാട് മാത്രമല്ല, കേരളത്തിലാകെ മലയാളികള്‍ നബിദിനവും തിരുവോണവും ഒന്നിച്ചാണ് ആഘോഷിക്കുന്നത്. വെറുപ്പും ഇതര മത വിദ്വേഷവും പ്രചരിക്കുന്ന ഇക്കാലത്ത് ഒരുമിച്ച് ആഘോഷിച്ച് ലോകത്തിന് മുന്നില്‍ ഒരു നല്ലൊരു മാതൃക സൃഷ്ടിക്കുകയാണ് മലയാളികള്‍.
വ്യത്യസ്ത മതങ്ങളുടെ രണ്ട് ആഘോഷങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ എങ്ങനെയായിരിക്കണമെന്ന സ്‌നേഹത്തിന്റെ സന്ദേശമാണ് മലയാളികള്‍ ലോകത്തിന് മുമ്പില്‍ വെക്കുന്നത്. മതം മനുഷ്യന്റെ നന്മക്കും ഉത്സവങ്ങള്‍ കൂട്ടായ്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ളതെന്ന് ഒരിക്കല്‍ കൂടി തെളിക്കുന്നതാണ് ഈ കാഴ്ചകളെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
Content Highlight: Malayali celebrates Thiruvonam and Nabi dinam together