ന്യൂദല്‍ഹി: രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വര്‍ഗമെന്ന് മലയാളികളെ വിളിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധവുമായി മലയാളികള്‍. റിപ്പബ്ലിക് ചാനലിന്റെയും അര്‍ണബ് ഗോസ്വാമിയുടെയും ഔദ്യോഗിക ഫേസ്ബുക് പേജുകളിലാണ് മലയാളികള്‍ പ്രതിഷേധവുമായെത്തിയിരിക്കുന്നത്.
പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് കീഴെയും മലയാളികള്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. രണ്ട് ഫേസ്ബുക്ക് പേജുകളും ഇപ്പോള്‍ മലയാളത്തിലുള്ള കമന്റുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഔദ്യോഗിക പേജില്‍ കേരളത്തിലെ പ്രളയക്കെടുതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ കടുത്ത അസംതൃപ്തിയുമായി മലയാളികള്‍ എത്തിയത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസം അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്കില്‍ നടത്തിയ ചര്‍ച്ചയിക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.
നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.
യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അര്‍ണാബ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ചോദിച്ചിരുന്നു
പ്രളയക്കെടുതിയില്‍ ഒരു സംസ്ഥാനം മുഴുവന്‍ വലഞ്ഞപ്പോള്‍ ഒരു വാക്ക് പോലും മിണ്ടാതിരുന്ന അര്‍ണബ് ഇപ്പോള്‍ മലയാളികളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ മാത്രമായി വന്നിരിക്കുകയാണ് എന്നത് മുതല്‍ തെറിവിളികള്‍ വരെയുണ്ട് കമന്റുകളുടെ കൂട്ടത്തില്‍. മലയാളത്തിലും ഇംഗ്ലിഷിലുള്ള കമന്റുകളില്‍ പ്രളയക്കെടുതിയില്‍ കേരളം നേരിട്ട നഷ്ടത്തിന്റെ കണക്കുകളും കേന്ദ്രം സഹായം അനുവദിക്കാതിരുന്നതിലുള്ള പ്രതിഷേധവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എത്രയൊക്കെ പറഞ്ഞാലും തനിക്കൊന്നും ഒരുകാലത്തും കാര്യങ്ങള്‍ മനസ്സിലാവില്ലെന്നും ചിലര്‍ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യം ലോകത്തിന് മുന്‍പില്‍ നാണംകെട്ടത് മലയാളിക്ള്‍ കാരണമല്ല, ചത്ത പശുവിനെക്കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിച്ച നാട്ടില്‍ മരിച്ച മനുഷ്യനെ ഉന്തുവണ്ടിയില്‍ കൊണ്ടുപോകേണ്ടി വന്നപ്പോഴാണെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.
ചില പ്രതികരണങ്ങള്‍ കാണാം