2026 ല്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരുന്ന ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ധുരന്ധര്‍ 2. രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായി മാറിയ ധുരന്ധറിന്റെ രണ്ടാം ഭാഗമായിട്ടായിരുന്നു ധുരന്ധര്‍ 2 തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുളള വിലക്കിനെ നേരിട്ട് 1400 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നത്.
മമ്മൂട്ടിയും ദേവദത്തും. Photo: Dool News
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പുറത്തിറങ്ങിയ സ്‌പൈ ആക്ഷന്‍ ത്രില്ലറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ധുരന്ധര്‍. ആദിത്യ ധറിന്റെ മുന്‍ ചിത്രങ്ങള്‍ക്ക് സമാനമായി മോദി സ്തുതിയും അല്പം പ്രൊപ്പഗണ്ടയും ആദ്യഭാഗത്തുണ്ടായിരുന്നുവെങ്കിലും മേക്കിങ്ങിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താന്‍ ധുരന്ധറിന് സാധിച്ചിരുന്നു. എന്നാല്‍ ഇന്നലെ (വ്യാഴം) പുറത്തിറങ്ങിയ ധുരന്ധര്‍ 2 വില്‍ നരേന്ദ്ര മോദിയെയും നിലവിലെ കേന്ദ്ര ഗവണ്‍മെന്റിനെയും വെള്ള പൂശാന്‍ വേണ്ടി മാത്രമെടുത്ത ചിത്രമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പ്രൊപ്പഗണ്ടെക്കെതിരെ എഴുത്തുകാരനായ ദേവദത്ത് ഷാജി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭീഷ്മപര്‍വ്വത്തിന്റ തിരക്കഥാകൃത്തും ധീരന്‍ സിനിമയുടെ സംവിധായകനുമായ ദേവദത്ത് ധുരന്ധറിന്റെ മേക്കിങ്ങുമായി ബന്ധപ്പെട്ടാണ് തന്റെ അഭിപ്രായം അറിയിച്ചത്. ഒരു തെറ്റായ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി ഹൈ ക്വാളിറ്റി മേക്കിങ്ങില്‍ ചിത്രമെടുത്താലും അതിലെ ടെക്‌നിക്കല്‍ സ്‌കില്ലുകള്‍ മാനിപുലേഷനുള്ള ടൂള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുകയെന്നാണ് ദേവ്ദത്ത് തന്റെ അക്കൗണ്ടില്‍ കുറിച്ചത്.
മോദി സര്‍ക്കാരിന്റെ ഭരണത്തിലെ ഏറ്റവും വലിയ പരാജയമായ നോട്ട് നിരോധനത്തെയടക്കം വലിയ വിജയമായി കണക്കാക്കുന്ന രീതിയിലാണ് ചിത്രത്തില്‍ ആദിത്യ ധര്‍ അവതരിപ്പിച്ചിരിക്കുന്നത്. നടപടി രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നാണെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ അഭിപ്രായമുന്നയിച്ച സാഹചര്യത്തിലാണ് കൊമേഷ്യല്‍ ചിത്രമായ ധുരന്ധറില്‍ മോദി ഗവണ്‍മെന്റിന്റെ അബദ്ധങ്ങളെ സംവിധായകന്‍ വെളുപ്പിക്കുന്നത്.
ആദിത്യ ധറും നരേന്ദ്ര മോദിയും.
നോര്‍ത്ത് ഇന്ത്യന്‍ പ്രേക്ഷകരെ ബ്രെയിന്‍ വാഷ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിയ ചിത്രത്തില്‍ കേരളത്തില്‍ സജീവമായിരുന്ന നിരോധിത സംഘടനയായ പി.എഫ്.ഐയെയും പരാമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നുമാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിനാവിശ്യമായ പണം വരുന്നതെന്നാണ് സിനിമയിലെ പരാമര്‍ശം. സിനിമയെന്ന നിലയില്‍ ധുരന്ധര്‍ മികവ് പുലത്തുമ്പോഴും പ്രത്യക്ഷമായി കടത്തുന്ന അജണ്ടകള്‍ വാസ്തവവിരുദ്ധമാണെന്നാണ് പലരുടെയും അഭിപ്രായം.
Content Highlight: Malayalam writer and director Devdath Shaji talks about Dhurandhar 2’s propaganda