അങ്കാറ: പാകിസ്ഥാന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായുള്ള ത്രിരാഷ്ട്ര ഉടമ്പടിയായ മക്ക പ്രതിരോധ കരാര്‍ തുര്‍ക്കി പാര്‍ലമെന്റില്‍ സമര്‍പിച്ചു. ഈ വര്‍ഷം ഓഗസ്റ്റിലാണ് തുര്‍ക്കിയും സൗദിയും പാകിസ്ഥാനും ത്രിരാഷ്ട്ര മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ തുര്‍ക്കി പാര്‍ലമെന്റില്‍ ഇന്ന് (ഒക്ടോബര്‍ 20, ചൊവ്വ) സമര്‍പിച്ചതായി റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ ഹൂത്തി വിമതരും സൗദി സൈനിക സഖ്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെയാണ് ഇപ്പോള്‍ ത്രിരാഷ്ട്ര കരാര്‍ തുര്‍ക്കി പാര്‍ലമെന്റിന് മുമ്പാകെ സമര്‍പിച്ചത്. ഹൂത്തികളുമായി ഏറ്റുമുട്ടല്‍ തുടരുന്ന സൗദിക്ക് നാറ്റോ അംഗരാജ്യമായ തുര്‍ക്കിയുമായും ആണവ ആയുധങ്ങള്‍ സ്വന്തമായുള്ള പാകിസ്ഥാനുമായും പ്രതിരോധ സഹകരണം ലഭ്യമാക്കുന്നതാണ് കരാര്‍.
ഓഗസ്റ്റില്‍ ഈ കരാര്‍ ഒപ്പുവെച്ചെങ്കിലും കരാറിലെ വ്യവസ്ഥകള്‍ മൂന്ന് രാജ്യങ്ങളും പൂര്‍ണമായി പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ വ്യവസ്ഥകള്‍ സംബന്ധിച്ച ഭാഗിക വിവരങ്ങള്‍ അന്ന് സംയുക്ത പ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഓരോ രാജ്യവും എന്തൊക്കെ ബാധ്യതകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നതടക്കമുള്ള വിവരങ്ങള്‍ ആ പ്രസ്താനയില് വ്യക്തമാക്കിയിരുന്നില്ല.
ഈ കരാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. നിലവില്‍ കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് സ്പീക്കര്‍ നുമാന് കുര്തുല്മുഷ്, തിരിച്ചെത്തിയ ഉടന്‍ തന്നെ കരാര്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മീഷന് കൈമാറുമെന്ന് ഈ വിഷയവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കരാറിന്റെ പൂര്‍ണരൂപം തങ്ങള്‍ക്ക് ലഭിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ ഉള്ളടക്കത്തിന്റെ പൂര്‍ണ രൂപത്തിന്റെ അനൗദ്യോഗിക വിവര്‍ത്തനം മിഡില്‍ ഈസ്റ്റ് ഐ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഉള്ളടക്കം അന്തിമ കരാറിന്റേതാണോ കരടിന്റേതാണോ എന്ന് വ്യക്തമല്ല.
തങ്ങളുടെ സായുധ സേനകളുടെ ഒരുമിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മൂന്ന് രാജ്യങ്ങളുടെയും പൊതുവായ താത്പര്യങ്ങള്‍ക്കനുസരിച്ച് പരസ്പര ബന്ധം കൂടുതല്‍ വികസിപ്പിക്കാനുള്ള സന്നദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് കരാറില്‍ പറയുന്നു. മൂന്ന് രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും ഇടയിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും നിലവിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കരാറിന്റെ ഉള്ളടക്കത്തില്‍ പറയുന്നു.
പരസ്പരം പരമാധികാരങ്ങളെ ആദരിച്ചും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ തത്വങ്ങള്‍, അന്താരാഷ്ട്ര നിയമം, അതത് രാജ്യങ്ങളിലെ നിയമങ്ങളിലെ പ്രസക്തമായ തത്വങ്ങള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടുമാണ് കരാര്‍ മുന്നോട്ട് പോവുക. പ്രതിരോധ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിലവിലുള്ള സഹകരണം, ഏകോപനം, സംയോജനം എന്നിവയെ ഒരു സംയുക്ത പ്രതിരോധ കരാറിന് കീഴില്‍ കൊണ്ടുവരാന്‍ സമ്മതിച്ചുവെന്നും ഉള്ളടക്കത്തില്‍ പറയുന്നു.
പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, പരമാധികാര തുല്യത, പ്രാദേശിക അഖണ്ഡത, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികളുടെ പവിത്രത എന്നീ തത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. അവ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് നല്‍കും. സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയ്ക്കെതിരെ സായുധ ആക്രമണം ഉണ്ടായാല്‍, പരസ്പര പിന്തുണയ്ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്നുവെന്നും ത്രികക്ഷി കരാറില്‍ പറയുന്നു.
‘ആഗോളതലത്തിലും പ്രാദേശികതലത്തിലും സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന്, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി സംയുക്ത ശ്രമങ്ങളും ഏകോപനവും നടത്തുന്നത് പ്രധാനമാണ്. ഭീകരവാദത്തെ നേരിടുന്നതില്‍ തങ്ങളുടെ ബന്ധപ്പെട്ട അധികാരികള്‍ക്കിടയിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു.
അന്താരാഷ്ട്ര വിഷയങ്ങളില്‍ പൊതുവായ നിലപാട് സ്വീകരിക്കുന്നതിനായി, പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘടനകളില്‍ തങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടത് പ്രധമാണ്.
തങ്ങള്‍ക്കിടയില്‍ പ്രതിരോധ മേഖലയിലും പ്രതിരോധ വ്യവസായ രംഗത്തും സഹകരണം കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നു,’ എന്നും കരാറില്‍ പറയുന്നു. മക്ക ഉടമ്പടിയില്‍ ഒപ്പുവെച്ച മൂന്ന് രാജ്യങ്ങളെയും കുറിച്ച് കക്ഷികള്‍ (പാര്‍ട്ടീസ്) എന്ന വാക്കാണ് കരാറിന്റെ ഉള്ളടക്കത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
ഓരോ കക്ഷിയുടെയും സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികളുടെ പവിത്രത എന്നിവ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും കക്ഷികള്‍ പരസ്പരം സഹകരിക്കേണ്ടതാണ്. ഏതെങ്കിലും ഒരു കക്ഷിയുടെ പ്രാദേശിക അഖണ്ഡത, പരമാധികാരം, അല്ലെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ എന്നിവയ്ക്ക് ഭീഷണിയോ അപകടമോ ഉണ്ടായാല്‍, അത്തരം ഭീഷണികളോ അപകടങ്ങളോ ഇല്ലാതാക്കാന്‍ ആവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും കക്ഷികള്‍ ഉപയോഗിക്കേണ്ടതാണ്.
കക്ഷികളില്‍ ഏതെങ്കിലും ഒന്നിനെതിരെ പുറത്തുനിന്നുണ്ടാകുന്ന സായുധ ആക്രമണം, എല്ലാ കക്ഷികള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കപ്പെടും. ഏതെങ്കിലും ഒരു ‘കക്ഷി’ മറ്റൊരു രാജ്യത്താലോ രാജ്യങ്ങളുടെ കൂട്ടായ്മയാലോ സായുധ ആക്രമണത്തിനോ സൈനിക കടന്നുകയറ്റത്തിനോ വിധേയമായാല്‍, ആക്രമണത്തിന് ഇരയായ കക്ഷിക്ക് മറ്റുള്ളവര്‍ ഉടന്‍ തന്നെ സഹായം നല്‍കേണ്ടതാണ്.
പരസ്പരം നല്കാന് കഴിയുന്ന എല്ലാവിധ സഹായങ്ങളും ഇതിനായി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണം. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51-ല്‍ അംഗീകരിച്ചിട്ടുള്ള ‘സ്വയം പ്രതിരോധത്തിനുള്ള അവകാശം’ വിനിയോഗിക്കാന്‍ പ്രാപ്തരാക്കണം. അതിനായി ആവശ്യമായ സഹായത്തെക്കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയ ശേഷം, നല്‍കേണ്ട പിന്തുണയുടെ വ്യാപ്തിയും സ്വഭാവവും കക്ഷികള്‍ തീരുമാനിക്കും. സൈനിക മാര്‍ഗ്ഗങ്ങളും ശേഷികളും ഉള്‍പ്പെടെ, തങ്ങളുടെ കൈവശമുള്ള വിഭവങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ പരസ്പരം സഹകരിക്കും.
ഈ കരാറിലെ ആര്‍ട്ടിക്കിള്‍ 2-ന് അനുസൃതമായി, പ്രതിരോധം, പ്രതിരോധ വ്യവസായം, സുരക്ഷ എന്നീ മേഖലകളില്‍ കക്ഷികള്‍ അടുത്ത സഹകരണത്തോടെ പ്രവര്‍ത്തിക്കും. തങ്ങളുടെ സായുധ സേനകള്‍ തമ്മിലുള്ള ബന്ധം വികസിപ്പിക്കും. കൂടാതെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണയിലെത്തിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.
അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങളില്‍ കക്ഷികള്‍ പതിവായി കൂടിയാലോചനകള്‍ നടത്തും. തങ്ങളുടെ സുപ്രധാന താല്‍പ്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങളെയും വെല്ലുവിളികളെയും ഇല്ലാതാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. ഇതിനായി ഒറ്റക്കും കൂട്ടമായുമുള്ള നടപടികള്‍ വികസിപ്പിക്കുന്നതില്‍ പരസ്പരം ഫലപ്രദമായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യും.
പ്രാദേശികവും അന്താരാഷ്ട്രവുമായ സ്ഥിരതയെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന, എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെ നേരിടുന്നതില്‍, പ്രവര്‍ത്തനതലത്തില്‍ ഉള്‍പ്പെടെ നിലവിലുള്ള സഹകരണവും സംയുക്ത ശ്രമങ്ങളും ശക്തിപ്പെടുത്തും.
യുദ്ധകാലത്തും സമാധാനകാലത്തും, തങ്ങളുടെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനായി, പ്രതിരോധ സ്ഥാപനങ്ങള്‍ തമ്മില്‍ ഉദ്യോഗസ്ഥരെ പരസ്പരം കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കും. സംയുക്ത പരിശീലന പരിപാടികള്‍, സൈനികാഭ്യാസങ്ങള്‍ എന്നിവയെയും പ്രോത്സാഹിപ്പിക്കും.
തങ്ങളുടെ സായുധ സേനകള്‍ക്ക് പരസ്പരം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള വിന്യാസങ്ങളും പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കും.
തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി, പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സാങ്കേതിക വികസനം, സംയുക്ത ഉല്‍പ്പാദനം, പ്രതിരോധ വ്യവസായ സംഘടനകള്‍ തമ്മിലുള്ള സഹകരണം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ഇതില്‍ താഴെ പറയുന്ന മേഖലകള്‍ ഉള്‍പ്പെടുന്നു:
1. സംയുക്ത പ്രതിരോധത്തിന് തന്ത്രപരമായ ദിശാബോധം നല്‍കുന്നതിനും, പ്രതിരോധ-സുരക്ഷാ സഹകരണം വികസിപ്പിക്കുന്നതിനും, ഈ കരാര്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുമായി, ഒരു ”സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി” രൂപീകരിക്കേണ്ടതാണ്.
വിദേശകാര്യ മന്ത്രിമാര്‍, പ്രതിരോധ മന്ത്രിമാര്‍, ജനറല്‍ സ്റ്റാഫ് മേധാവികള്‍ എന്നിവരടങ്ങുന്നതായിരിക്കും ഈ സമിതി. ഈ സമിതി വര്‍ഷത്തില്‍ രണ്ടുതവണ യോഗം ചേരേണ്ടതാണ്. ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ ഉന്നത നേതാക്കള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കൂടിക്കാഴ്ച നടത്താവുന്നതാണ്.
2. ആവശ്യമാണെന്ന് കരുതുന്ന പക്ഷം, സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റിക്ക് ഉപസമിതികള്‍ രൂപീകരിക്കാവുന്നതാണ്.
3. ഈ കരാറില്‍ വിഭാവനം ചെയ്തിട്ടുള്ള സഹകരണ മേഖലകള്‍ നടപ്പിലാക്കുന്നതിനായി, ആവശ്യമെങ്കില്‍ പരസ്പരം പ്രത്യേക കരാറുകളോ പ്രോട്ടോക്കോളുകളോ രൂപീകരിക്കേണ്ടതാണ്.
4. മറ്റ് രാജ്യങ്ങള്‍ക്ക് ഈ കരാറില്‍ ഭാഗമാവുന്നതിനുള്ള നടപടിക്രമങ്ങളും തത്വങ്ങളും സമവായത്തിലൂടെ തീരുമാനിക്കാനും അംഗീകരിക്കാനും സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
5. സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി, സൗദി അറേബ്യ ആസ്ഥാനമായി ഒരു സെക്രട്ടേറിയറ്റ് സ്ഥാപിക്കേണ്ടതാണ്.
ഈ സെക്രട്ടേറിയറ്റ്, സൗദി അറേബ്യയുമായി ഒരു ആസ്ഥാന കരാര്‍ ഒപ്പുവെക്കേണ്ടതാണ്. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം, സംഘടനാ ഘടന, രൂപീകരണം എന്നിവയെ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളും തത്വങ്ങളും പിന്നീട് സമവായത്തിലൂടെ തീരുമാനിക്കപ്പെടും.
6. സെക്രട്ടേറിയറ്റിന്റെ തലവനായി ഒരു സെക്രട്ടറി ജനറല്‍ ഉണ്ടായിരിക്കും. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ മാറിമാറി വരുന്ന ക്രമത്തിലായിരിക്കും ഇദ്ദേഹത്തെ നിയമിക്കുക. ആദ്യത്തെ സെക്രട്ടറി ജനറല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനിലെ പൗരനായിരിക്കും.
7. ഈ ആര്‍ട്ടിക്കിളിലെ വ്യവസ്ഥകള്‍ നിലവിലുള്ള സൈനിക സഹകരണ സമിതികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതല്ല.
രഹസ്യാന്വേഷണ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിനുമായി, പരസ്പരം സമ്മതിച്ച സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ വിവരങ്ങള്‍ കൈമാറേണ്ടതാണ്. വിവര സുരക്ഷ, ഡാറ്റാ സംരക്ഷണം, രഹസ്യസ്വഭാവം എന്നിവ പാലിച്ചുകൊണ്ടായിരിക്കണം ഇത് ചെയ്യേണ്ടത്.
സമാധാന കാലത്തോ യുദ്ധകാലത്തോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഇന്ധനം, സ്പെയര്‍ പാര്‍ട്സുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക് പിന്തുണ പരസ്പരം നല്‍കേണ്ടതാണ്.
അന്താരാഷ്ട്ര നിയമങ്ങളെയും ആഭ്യന്തര നിയമങ്ങളെയും ബാധിക്കാത്ത വിധത്തില്‍, ഈ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി ഈ കരാറിനെ അംഗീകരിക്കേണ്ടതാണ്. കൂടാതെ, ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ നിയമനടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടതാണ്.
ഈ കരാര്‍, ഇതിലെ കക്ഷികള്‍ നേരത്തെ ഒപ്പുവെച്ചിട്ടുള്ള അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് അവര്‍ക്കു ലഭിക്കുന്ന അവകാശങ്ങളെയോ ബാധ്യതകളെയോ ബാധിക്കുകയില്ല.
1. ഈ കരാറിന് കീഴില്‍ ലഭിക്കുന്ന, രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെയും രേഖകളുടെയും രഹസ്യസ്വഭാവം കക്ഷികള്‍ കാത്തുസൂക്ഷിക്കേണ്ടതും, അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കേണ്ടതുമാണ്.
2. രഹസ്യസ്വഭാവമുള്ള വിവരങ്ങളും രേഖകളും, ഈ കരാറിലെ കക്ഷികളല്ലാത്ത ഏതെങ്കിലും രാഷ്ട്രവുമായോ കമ്പനിയുമായോ വ്യക്തിയുമായോ പങ്കിടാന്‍ പാടില്ല.
3. രഹസ്യസ്വഭാവമുള്ള വിവരങ്ങളിലേക്കും രേഖകളും ലഭ്യമാക്കുന്നത് അത്യാവശ്യമായവര്‍ക്ക് മാത്രമായിരിക്കും. മതിയായ സെക്യൂരിറ്റി ക്ലിയറന്‍സ് ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഇതിനുള്ള അനുവാദമുണ്ടായിരിക്കുകയുള്ളൂ.
ഈ കരാറിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടോ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍, കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും സൗഹൃദപരമായി പരിഹരിക്കേണ്ടതാണ്.
പ്രധാന കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെയും ഈ കരാറില്‍ ഭേദഗതികള്‍ വരുത്താവുന്നതാണ്.
1. ഓരോ കക്ഷിക്കും ബാധകമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഈ കരാര്‍ അംഗീകരിക്കപ്പെടേണ്ടതാണ്. കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള അന്തിമ രേഖ ‘സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റി’യുടെ സെക്രട്ടേറിയറ്റില്‍ സമര്‍പ്പിക്കുന്ന തീയതി മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരും.
2. ഈ കരാര്‍ അനിശ്ചിതകാലത്തേക്ക് പ്രാബല്യത്തില്‍ തുടരും.
3. കരാര്‍ പ്രാബല്യത്തില്‍ വന്ന് 10 വര്‍ഷം പൂര്‍ത്തിയായ ശേഷം, ഏതെങ്കിലും കക്ഷിക്ക് ഈ കരാറില്‍ നിന്ന് പിന്മാറാവുന്നതാണ്. ഇതിനായി, പിന്മാറാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ്, നയതന്ത്ര മാര്‍ഗങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസം മുമ്പ് മറ്റ് കക്ഷികള്‍ക്ക് നല്‍കേണ്ടതുണ്ട്.
4. ഈ കരാര്‍ അവസാനിപ്പിക്കുകയോ അതില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്നത്, കരാര്‍ അവസാനിക്കുന്നതോ പിന്മാറുന്നതോ ആയ തീയതിക്ക് മുമ്പ് കക്ഷികള്‍ തമ്മില്‍ ധാരണയിലെത്തിയ നിലവിലുള്ള പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കുകയില്ല.
5. രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെയും രേഖകളുടെയും സംരക്ഷണം, അവ പുറത്തുപോകാതെ തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട കക്ഷികളുടെ ഉത്തരവാദിത്തങ്ങള്‍, കരാര്‍ അവസാനിച്ചതിന് ശേഷമോ അതില്‍ നിന്ന് പിന്മാറിയതിന് ശേഷമോ തുടര്‍ന്നും നിലനില്‍ക്കുന്നതാണ്.
Content Highlight: Malayalam Translation text of the Mecca defence pact signed by Turkey, Saudi Arabia and Pakistan