| Tuesday, 8th July 2025, 5:40 pm

ഇസ്രഈലിന്റെ ക്രൂരതകളെ ന്യായീകരിക്കാന്‍ ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ക്രിസ്ത്യന്‍ സയണിസം

ഡോ. മാത്യു മാവക്

അടുത്തിടെ അമേരിക്കയിലെ കണ്‍സര്‍വേറ്റിവ് ടോക്ക് ഷോയുടെ അവതാരകനായ ടക്കര്‍ കാള്‍സണുമായുള്ള ഒരു അഭിമുഖത്തില്‍ യു.എസ് സെനറ്റര്‍ ടെഡ് ക്രൂസ് ആഗോള രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കാജനകമായ ഒരു പ്രസ്താവന നടത്തി. വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതക്കുറവാണ് ടെഡ് ക്രൂസിന്റെ പരാമര്‍ശത്തിലുണ്ടായിരുന്നതെന്ന് ഗ്ലോബല്‍ പൊളിറ്റിക്‌സിനെക്കുറിച്ച് ധാരണയുള്ളവര്‍ക്ക് അതിവേഗം മനസിലാകും. തന്റെ പരാമര്‍ശത്തെ സാധൂകരിക്കാന്‍ ബൈബിളിലെ ഒരു വാക്യം വളച്ചൊടിക്കുകയാണ് അദ്ദേഹം ചെയ്തത്.

ടെഡ് ക്രൂസ് | ടക്കര്‍ കാള്‍സണ്‍

ബൈബിളിലെ ഉല്പത്തി 12:3 വാക്യമായിരുന്നു ടെഡ് ക്രൂസ് ഉദ്ധരിച്ചത്. ഏതൊരു ക്രിസ്ത്യന്‍ സയണിസ്റ്റിനെയും പോലെ അതിലെ പ്രസക്ത ഭാഗം ഒഴിവാക്കിക്കൊണ്ടായിരുന്നു ടെഡ് ക്രൂസ് ആ ബൈബിള്‍ വചനം ഉദ്ധരിച്ചത്.

ക്രിസ്ത്യന്‍ സയണിസം എന്ന വിശ്വാസവ്യവസ്ഥയ്ക്ക് മതപരമായ പിന്തുണ നല്‍കാന്‍ പലപ്പോഴും അവര്‍ ചെയ്യുന്ന കാര്യമാണ് ബൈബിള്‍ വചനത്തെ വളച്ചൊടിക്കുക എന്നത്. ഇസ്രഈലാണ് മനുഷ്യരാശിയുടെ കേന്ദ്രമെന്നും ഇസ്രഈലിലൂടെയാണ് ആദിയും അന്ത്യവുമെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കുകയായിരുന്നു ടെഡ് ക്രൂസ്.

ഇസ്രഈലി ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിക്കുന്ന ജൂത വിമര്‍ശകര്‍, ചരിത്രത്തെയും ദൈവശാസ്ത്രത്തെയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത നിരവധി അമേരിക്കന്‍ സുവിശേഷകര്‍ ഇസ്രഈലിനെ പിന്തുണക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലിങ്ക്ഡ്ഇന്നില്‍ ജൂത, ഇസ്രഈലി വ്യക്തികളുമായി ഞാന്‍ ഈ വിഷയം ചര്‍ച്ച നടത്തി.

ബൈബിളിനെക്കുറിച്ച് ധാരണയില്ലായ്മ, അന്ത്യകാലത്തെക്കുറിച്ചുള്ള അഭിനിവേശം, ആഗോള കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ വീക്ഷണങ്ങള്‍ എന്നിവ കൂടിച്ചേര്‍ന്ന ഒരു ‘ട്രെയിലര്‍-ട്രാഷ് കള്‍ട്ട്’ ആണ് ക്രിസ്ത്യന്‍ സയണിസമെന്ന് ഞാന്‍ അന്ന് പറഞ്ഞു. അതിന് മറുപടിയായി ചില ഇസ്രഈലികള്‍ ടെഡ് ക്രൂസിനെയും ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും മാറിമാറി ‘മെക്‌സിക്കന്‍’ എന്ന് വിളിച്ചു.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ബൈബിളിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരിലൂടെയും ബൈബിള്‍ വാക്യങ്ങളെ ദുരുദ്ദേശത്തോടെ ഉപയോഗിക്കുന്നവരിലൂടെയുമാണ് ക്രിസ്ത്യന്‍ സയണിസം വളരുന്നത്. പലപ്പോഴും ഇതൊരു പുരാതനമായ ആശയമായാണ് കണക്കാക്കാറുള്ളതെങ്കിലും അല്ലെന്നുള്ളതാണ് വാസ്തവം.

യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ സയണിസം ആരംഭിച്ചത് അടുത്തിടെയാണ്. പത്തൊന്‍മ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്രിസ്ത്യന്‍ സയണിസം ഉണ്ടായത്. അതേ സമയം തന്നെയാണ് രാഷ്ട്രീയ സയണിസവും ഉയര്‍ന്നുവന്നത്.

ബൈബിളിനെ ഒരു വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതിനുപകരം ക്രിസ്ത്യന്‍ സയണിസം ചെയ്യുന്നത് തങ്ങള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ബൈബിളിനെ വളച്ചൊടിക്കുന്നു എന്നതാണ്.

നിലവിലെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ബൈബിള്‍ വാക്യങ്ങളെ അവര്‍ വളച്ചൊടിച്ചിക്കുന്നു. പലപ്പോഴും വിവിധ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമായ യു.എസ് ഈ വളച്ചൊടിക്കലുകളിലൂടെ തങ്ങള്‍ നടത്തുന്ന അനന്തമായ സംഘര്‍ഷങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌

ഈ വളച്ചൊടിക്കല്‍ പലപ്പോഴും രക്തരൂക്ഷിതമായ യുദ്ധ സിദ്ധാന്തത്തിന് ദൈവശാസ്ത്രപരമായി ഒരു മറയായി വര്‍ത്തിക്കുന്നു. സൈനിക നടപടികള്‍ നടത്തുന്നതും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതും വിശുദ്ധമാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി ബൈബിളിലെ പ്രത്യേക വാക്യങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഇസ്രഈലിനെ ഒരു പുതിയ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം സോവിയറ്റ് യൂണിയനായിരുന്നു. ഇത് ചില പാശ്ചാത്യ ക്രിസ്ത്യാനികളെ, പ്രത്യേകിച്ച് അമേരിക്കന്‍ സുവിശേഷകരെ അത്ഭുതപ്പെടുത്തി. കാരണം അവര്‍ പൊതുവെ സോവിയറ്റ് യൂണിയനെ ഇസ്രഈല്‍ വിരുദ്ധരായായിരുന്നു കണ്ടിരുന്നത്.

സോവിയേറ്റ് യൂണിയന്‍ ഇസ്രഈലിനെ അംഗീകരിച്ചിട്ടും ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ സോവിയറ്റ് യൂണിയനെ, പ്രത്യേകിച്ച് റഷ്യയെ ലോകം അവസാനിക്കുന്നതിനു മുമ്പുള്ള അവസാന യുദ്ധങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന് ബൈബിളില്‍ പറയുന്ന, ശത്രുക്കളായ ഗോഗും മാഗോഗുമായി ചിത്രീകരിക്കാന്‍ വേണ്ടി ബൈബിള്‍ വാക്യങ്ങള്‍ പണിപ്പെട്ട് തിരയാന്‍ തുടങ്ങി. റഷ്യയെ ഒരുതരം ദുഷ്ട ശത്രുവായി കരുതാന്‍ അവര്‍ ഈ ബൈബിള്‍ ആശയങ്ങള്‍ ഉപയോഗിച്ചു.

ബൈബിളിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരിലൂടെയും ബൈബിള്‍ വാക്യങ്ങളെ ദുരുദ്ദേശത്തോടെ ഉപയോഗിക്കുന്നവരിലൂടെയുമാണ് ക്രിസ്ത്യന്‍ സയണിസം വളരുന്നത്

പല യാഥാസ്ഥിതികരും ഒരു മത നായകനായി കണ്ടിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ പോലും ശീതയുദ്ധത്തെ നന്മയും തിന്മയും തമ്മിലുള്ള ഒരു വലിയ, പ്രാപഞ്ചിക പോരാട്ടമായി വിശേഷിപ്പിക്കാന്‍ ബൈബിളിനെ തെറ്റായി വ്യാഖ്യാനിച്ചു. ഇപ്പോഴും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അമേരിക്കന്‍ സുവിശേഷകരും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും റഷ്യയെ ദൈവത്തിന്റെ നിത്യ ശത്രുവായി കരുതുന്നു.

റൊണാള്‍ഡ് റീഗന്‍

ഈ ഗ്രൂപ്പുകളുടെ വിശ്വാസങ്ങള്‍ ശക്തവും സ്വാധീനശക്തിയുള്ളതുമാണ്. അവയുടെ സ്വാധീനം എത്ര വലുതാണെന്ന കാര്യം നാം അവഗണിക്കരുത്. ഈ ചിന്താഗതി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതിന് മുമ്പ്, സെനറ്റര്‍ ക്രൂസ് തെറ്റായി ഉദ്ധരിച്ച ബൈബിള്‍ വാക്യം നമുക്ക് ഒന്ന് സൂക്ഷ്മമായി പരിശോധിക്കാം.

ക്രിസ്ത്യന്‍ സയണിസം; ബൈബിള്‍ വാക്യങ്ങളുടെ അപകടകരമായ ദുരുപയോഗം

ഇസ്രഈലിനുള്ള അമേരിക്കയുടെ ശക്തമായ പിന്തുണയെ ന്യായീകരിക്കാന്‍ സെനറ്റര്‍ ക്രൂസ് ബൈബിള്‍ വാക്യമായ ഉല്പത്തി 12:3 ഉപയോഗിച്ചു. എന്നാല്‍ അദ്ദേഹം ആ വാക്യത്തിന്റെ ഒരു ഭാഗം മാത്രം ഉദ്ധരിക്കുകയും ബാക്കിയുള്ളത് ഒഴിവാക്കുകയും ചെയ്തു എന്നത് പ്രധാനമാണ്.

‘നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് പൂര്‍ണമായ വാചകം.

ഇതിനര്‍ത്ഥം അബ്രഹാമിനെയും അവന്റെ സന്തതികളെയും പിന്തുണയ്ക്കുന്ന ആരെയും അനുഗ്രഹിക്കുമെന്നും അവരെ എതിര്‍ക്കുന്ന ആരെയും ശപിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്യുന്നു എന്നാണ്. എന്നാല്‍ അബ്രഹാമിലൂടെ ഭൂമിയിലെ എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെടുമെന്നാണ് ആ വാക്യത്തിന്റെ അര്‍ഥം. അതായത് അനുഗ്രഹം ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഇത് കാണിക്കുന്നു.

ഈ ബൈബിള്‍ വാക്യം (ഉല്പത്തി 12:3) യഥാര്‍ത്ഥത്തില്‍ ദൈവം അബ്രഹാമിന് നല്‍കിയ ഒരു വാഗ്ദാനമാണ്. ഈ വാക്യം അബ്രഹാമിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന യേശുക്രിസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്നു.

മറ്റൊരു ബൈബിള്‍ വാക്യം (ഗലാത്യര്‍ 3:16) അനുസരിച്ച്, ഒരു ജനതയോ കൂട്ടമോ മാത്രമല്ല, ഭൂമിയിലെ എല്ലാ ആളുകളെയും ദൈവവുമായി വീണ്ടും ഒന്നിപ്പിക്കാനോ അനുരഞ്ജിപ്പിക്കാനോ കഴിയുന്നത് യേശുവിലൂടെയാണ്. അതായത് യഥാര്‍ത്ഥ അനുഗ്രഹം ക്രിസ്തുവിലൂടെ എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ളതാണ്, അല്ലാതെ ഒരു വംശീയ അല്ലെങ്കില്‍ ദേശീയ വിഭാഗത്തിന് വേണ്ടിയുള്ളതല്ല.

ബൈബിളില്‍ പറയുന്ന അനുഗ്രഹം യേശു അല്ലെങ്കില്‍ മിശിഹാ വഴി ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ ആധുനിക ഇസ്രഈലിന് പലരും കല്പിച്ച് നല്‍കുന്ന പ്രത്യേകതയും ദൈവത്തിന്റെ കുഞ്ഞുങ്ങളെന്ന പേരിന്റെയും പ്രസക്തിയെന്താണ്?

റഷ്യയെ ഒരുതരം ദുഷ്ട ശത്രുവായി കരുതാന്‍ അവര്‍ ഈ ബൈബിള്‍ ആശയങ്ങള്‍ ഉപയോഗിച്ചു.

പരമ്പരാഗത ക്രിസ്ത്യന്‍ വിശ്വാസങ്ങളായ സോട്ടീരിയോളജിയെ അപേക്ഷിച്ച് ജൂത ദേശീയവാദ വീക്ഷണമായ ടാല്‍മുഡിക് എത്നോസെന്‍ട്രിസം ആണ് ടെഡ് ക്രൂസ് നടത്തുന്നത്. അതായത് ക്രൂസിന്റെ വീക്ഷണം, രക്ഷയെക്കുറിച്ചുള്ള ക്രിസ്തീയ വിശ്വാസങ്ങളേക്കാള്‍, ഇടുങ്ങിയ ജൂത ദേശീയതയുമായി യോജിക്കുന്ന ഒരു തരം ചിന്താഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്.

ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള റബ്ബി ചൈം റിച്ച്മാന്റെ ഈ ശ്രദ്ധേയമായ അവകാശവാദം അതിനുള്ള ഒരു ഉദാഹരണമാണ്. ‘നിങ്ങള്‍ ഒരു ജൂതനെ ആരാധിക്കുന്നു. (യേശുക്രിസ്തു) അതൊരു തെറ്റാണ്. നിങ്ങള്‍ ഞങ്ങളെയെല്ലാം അതായത് എല്ലാ ജൂതന്മാരെയും ആരാധിക്കണം, കാരണം ഞങ്ങള്‍ എല്ലാ ദിവസവും നിങ്ങളുടെ പാപങ്ങള്‍ക്കായി മരിക്കുന്നു. ഇസ്രഈല്‍ ദേശത്തെ ജൂത ജനതയാണ് ഓര്‍ക്കുകള്‍ക്കെതിരായ കോട്ട. (ദി ലോര്‍ഡ് ഓഫ് ദി റിംഗ്സിലെ ദുഷ്ടജീവികളുടെ ഒരു സാങ്കല്‍പ്പിക വംശത്തെയാണ് ഓര്‍ക്കുകള്‍ എന്ന് പറയുന്നത്) ശരിയല്ലേ? ഓര്‍ക്കുകള്‍ നിങ്ങളുടെ അടുത്തുള്ള ഒരു തിയേറ്ററിലേക്കല്ല, നിങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്,’ റബ്ബി ചൈം റിച്ച്മാന്‍ പറഞ്ഞു.

ചൈം റിച്ച്മാന്‍

ടോള്‍കീന്‍ എഴുതിയ ദി ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ പരാമര്‍ശിക്കുന്നത് മാറ്റിനിര്‍ത്തിയാല്‍ യഹൂദതരുടെ പ്രാമാണിക ലിഖിതസഞ്ചയമായ തല്‍മൂദില്‍ പോലും ഓര്‍ക്ക് എന്നൊരു പരാമര്‍ശം ഞാന്‍ കണ്ടിട്ടില്ല. ക്രൂസ് അംഗീകരിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ പ്രത്യയശാസ്ത്രത്തെയാണ് റിച്ച്മാന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഓര്‍ക്കുകള്‍ എന്നത് മേഖലയിലെ അറബികള്‍ക്ക് ഒരു വലിയ ഒരു വിശേഷണമാണെന്ന് പലരും സംശയിക്കുന്നു. കാരണം അറബികളില്‍ പലരും ഇസ്രഈലിന്റെ രഹസ്യ സഖ്യകക്ഷികളാണ്. പല അറബ് രാജ്യങ്ങളും അത് പരസ്യമായി പറഞ്ഞില്ലെങ്കിലും അവര്‍ ഇസ്രഈലുമായി സഹകരിക്കുന്നു.

ഇസ്രഈലി നിയന്ത്രണത്തെ ശക്തമായി ചെറുക്കുന്ന ഒരേയൊരു വിഭാഗം ഫലസ്തീനികള്‍ മാത്രമാണ്. ഇസ്രഈലിന്റെ ‘ദൈവം നല്‍കിയ’ പ്രത്യേകത എന്ന് ചിലര്‍ കരുതുന്ന അധികാരത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്ത ഫലസ്തീനെ ഇസ്രഈലിനെ പിന്തുണക്കുന്നവര്‍ ഒരു പ്രധാന, പരിഹരിക്കാനാവാത്ത പ്രശ്‌നമായി കാണുന്നു.

യഹൂദ ലിഖിതങ്ങളും ബൈബിളും പേര്‍ഷ്യക്കാരെക്കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. പേര്‍ഷ്യക്കാരെ (ഇറാനിയക്കാരെ) ഈ ഗ്രന്ഥങ്ങള്‍ ചരിത്രപരമായി ഒരു പോസിറ്റീവ് വെളിച്ചത്തിലാണ് കണ്ടിരുന്നതും. മഹാനായ സൈറസിനെപ്പോലുള്ള വ്യക്തികള്‍ ജൂത ജനതയെ സഹായിച്ചിരുന്നുവെന്നും ഇതില്‍ പറയുന്നു.

ഇറാന്‍ സുപ്രീം ലീഡര്‍ അലി ഖാംനഈ

പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, മതഗ്രന്ഥങ്ങളില്‍ പറയുന്ന ആ ഐക്യം ഇറാനും ഇസ്രഈലും തമ്മില്‍ ഇല്ല. ഇസ്രഈലും ഇറാനും തമ്മിലുള്ള ഐക്യത്തെക്കുറിച്ചുള്ള ബൈബിള്‍ ചരിത്രവുമായി യാതൊരു ബന്ധവുമില്ല ഇപ്പോഴത്തെ ചരിത്രത്തിന്. യഹൂദര്‍ മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുന്നുവെന്നും യഹൂദരെ ആരാധിക്കണമെന്നും ബൈബിള്‍ അധിഷ്ഠിതമായി ആവശ്യപ്പെടുന്ന റിച്ച്മാന്റെ തീവ്ര വീക്ഷണത്തെ ഇത് ചോദ്യം ചെയ്യുന്നു.

ഓരോ ജൂതനെയും ആരാധിക്കണം എന്ന റിച്ച്മാന്റെ ആശയം നമ്മള്‍ ഗൗരവമായി പിന്തുടരുകയാണെങ്കില്‍, അതിനര്‍ത്ഥം ഇസ്രഈല്‍ ചെയ്യുന്ന എല്ലാ ക്രൂരതയെയും പിന്തുണക്കണം എന്നാണോ? ഇസ്രാഈലില്‍ നിന്നും കുട്ടികള്‍ക്ക് നേരെ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്ത നമ്മള്‍ കണ്ടിരുന്നല്ലോ. അതും നാം പിന്തുണക്കണം എന്നാണോ? ഇസ്രഈലിനെ പിന്തുണക്കുക എന്നതിനര്‍ത്ഥം നമ്മുടെ സ്വന്തം മതപരവും ധാര്‍മ്മികവുമായ എല്ലാ വിശ്വാസങ്ങളും ഉപേക്ഷിക്കണമെന്നാണോ?

ക്രിസ്ത്യന്‍ സയണിസം; ഒരു തെറ്റായ മത വ്യാഖ്യാനം

ക്രിസ്ത്യന്‍ സയണിസം വെറുമൊരു വികലമായ രാഷ്ട്രീയ വീക്ഷണം മാത്രമല്ല അത് ക്രിസ്തുമതത്തിന്റെ വളച്ചൊടിച്ച പതിപ്പാണ്. ഇസ്രഈല്‍ സൈന്യത്തിന്റെ ഏതൊരു പ്രവൃത്തിയെയും, അത് എത്ര ക്രൂരമാണെങ്കിലും, ക്രിസ്ത്യന്‍ സയണിസം ന്യായീകരിക്കുന്നു. കാരണം ഇസ്രഈലികളെ പിന്തുണച്ചാല്‍ ദൈവം തങ്ങളെയും അനുഗ്രഹിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. അനന്തമായ യുദ്ധത്തെയും രാഷ്ട്രീയ വിശ്വസ്തതയെയും ന്യായീകരിക്കുന്നതിനുള്ള ഒരു ഉപകരണമായിട്ടാണ് അവര്‍ ബൈബിളിനെ കാണുന്നത്.

ക്രിസ്ത്യന്‍ സയണിസത്തിന്റെ മറ്റൊരു മോശമായ വശം ഇസ്രഈലികള്‍ ദൈവീകരാണെന്ന് സമര്‍ഥിക്കാനായി അവര്‍ ‘ദൈവത്തിന്റെ അത്ഭുതകരമായ അടയാളങ്ങള്‍’ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ലളിതമായ ശാസ്ത്രീയ വിശദീകരണമുണ്ടെങ്കില്‍ പോലും, വിചിത്രമായ മേഘങ്ങളോ വെളിച്ചങ്ങളോ പോലുള്ള പ്രകൃതിയിലെ സാധാരണ കാര്യങ്ങളെ അവര്‍ പലപ്പോഴും സ്വര്‍ഗത്തില്‍ നിന്നുള്ള സന്ദേശങ്ങളായി കാണുന്നു.

കാരണം അറബികളില്‍ പലരും ഇസ്രഈലിന്റെ രഹസ്യ സഖ്യകക്ഷികളാണ്

ഇത്തരത്തിലുള്ള ചിന്ത നിഷ്‌കളങ്കമല്ല. തങ്ങള്‍ പറഞ്ഞു പരത്തുന്ന കഥയുമായി പൊരുത്തപ്പെടുന്നതെന്തും വിശ്വസിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു സമൂഹത്തിന്റെ അടയാളമാണിത്.

മരങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം മിന്നിമറയുമ്പോള്‍ ആവേശഭരിതരാകുന്ന ജറുസലേമിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ ഒരു വീഡിയോ ഞാന്‍ ഒരിക്കല്‍ കണ്ടിരുന്നു. മരങ്ങള്‍ ചലിക്കുന്നത് കൊണ്ടും സൂര്യപ്രകാശം മൂലവുമുണ്ടാകുന്ന ഒരു സാധാരണ പ്രകാശപ്രഭാവം മാത്രമായിരുന്നു അത്. എന്നാല്‍ അവര്‍ക്ക് അത് മാലാഖമാരില്‍ നിന്നുള്ള ഒരു അടയാളമായിരുന്നു.

ബൈബിളിലെ അന്ത്യകാലവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇസ്രഈല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന വിശ്വാസത്തെ പിന്തുണക്കാന്‍ വേണ്ടി പല സാധാരണ കാര്യങ്ങളെയും ദൈവത്തില്‍ നിന്നുള്ള അടയാളങ്ങളായി ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ കാണുന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ അടയാളങ്ങള്‍ക്കായി തിരയുകയാണെങ്കില്‍, അവരുടെ വിവരണത്തെ പിന്തുണയ്ക്കാത്ത പല കാര്യങ്ങളും നടക്കുന്നുണ്ടല്ലോ, അതിലും ശ്രദ്ധ ചെലുത്തണം.

ഇനി അതിനുള്ളൊരു ഉദാഹരണം പറയാം. ഇസ്രഈല്‍ ഒരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ചതിനുശേഷം, ഒരു കാക്ക കൊടിമരത്തില്‍ പറക്കുന്ന ഇസ്രഈലി പതാക വലിച്ച് താഴെയിടുന്ന ദൃശ്യങ്ങള്‍ വന്നിരുന്നു. ജൂത പാരമ്പര്യത്തില്‍, കാക്കകളെ വിധിയുടെ അടയാളങ്ങളായി കാണാന്‍ കഴിയും. കാക്ക ഒരു ഫലസ്തീന്‍ പതാകയായിരുന്നു വലിച്ച് താഴെയിടുന്നതെങ്കില്‍, ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ അതിനെ ഒരു അത്ഭുതമായി പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ കാക്കയുടെ ദൃശ്യങ്ങള്‍ അവരുടെ സന്ദേശവുമായി പൊരുത്തപ്പെടാത്തതിനാല്‍ അവര്‍ അത് മനപൂര്‍വം അവഗണിച്ചു. ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ എത്രത്തോളം പക്ഷപാതപരമാണെന്ന് ഇത് കാണിക്കുന്നു.

ഈ പ്രത്യയശാസ്ത്രം രാഷ്ട്രീയത്തെ മാത്രമല്ല ബാധിക്കുന്നത്. അത് നിരപരാധികളായ ആളുകളെ കൊല്ലുകയും ചെയ്യുന്നു

ജൂത മിദ്രാഷില്‍, കാക്കയെ ഒരു പ്രതീകമായോ അടയാളമായോ കാണുന്നു. ബൈബിളില്‍, ഏലിയാ പ്രവാചകന്‍ കടുത്ത നിരാശയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഭക്ഷണം നല്‍കാന്‍ ദൈവം ഉപയോഗിച്ച പക്ഷിയായിരുന്നു അത്. അതിനാല്‍, കാക്കയെ ന്യായവിധിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്പോള്‍, ഇസ്രഈലി പതാക കാക്ക താഴെയിട്ടപ്പോള്‍ എന്ത് സന്ദേശമാണ് അതില്‍ നിന്നും ലഭിക്കുക?

ഇനി അതേ കാക്ക ഒരു ഫലസ്തീന്‍ അല്ലെങ്കില്‍ ഇറാനിയന്‍ പതാക വലിച്ചു താഴെയിട്ടു എന്ന് സങ്കല്‍പ്പിക്കുക. ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ വന്യമായി ആഘോഷിക്കുമായിരുന്നു. സ്വര്‍ഗത്തില്‍ നിന്നുള്ള സന്ദേശം എന്ന് വിളിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുമായിരുന്നു. പ്രവചന വെബ്സൈറ്റുകള്‍ അതിന്റെ അര്‍ത്ഥം വേഗത്തില്‍ വിശകലനം ചെയ്യും. എന്നാല്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ അവരുടെ വിശ്വാസങ്ങളോടോ വിവരണങ്ങളോടോ യോജിക്കാത്തതിനാല്‍, അവര്‍ അത് അവഗണിച്ചു.

ക്രിസ്ത്യന്‍ സയണിസ്റ്റ് ചിന്താഗതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. അടയാളങ്ങള്‍ അവരുടെ ആദര്‍ശങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മാത്രമേ അവര്‍ ആ അടയാളങ്ങളെ അംഗീകരിക്കുന്നുള്ളൂ. ഒരു അടയാളം അവരുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെങ്കില്‍ അത് ബൈബിളില്‍ നിന്നുള്ളതാണെങ്കില്‍ പോലും അവര്‍ അത് യാദൃശ്ചികമാണെന്ന് എഴുതിത്തള്ളുകയോ അല്ലെങ്കില്‍ അതില്‍ സാത്താനെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നു.

വാഗ്ദത്തഭൂമിയായ ഇസ്രഈലിനെ പിന്തുണച്ച അമേരിക്ക അനുഗ്രഹിക്കപ്പെടുന്നുണ്ടോ?

ഉല്പത്തി 12:3-ല്‍ പറയുന്ന ‘നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും…’ എന്ന വാദത്തെ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. ഈ വാക്യം ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ആധുനിക രാഷ്ട്രങ്ങള്‍ക്ക് ശരിക്കും ബാധകമാണെങ്കില്‍, ഇസ്രഈലിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായ അമേരിക്കയും യൂറോപ്പും മികച്ച പ്രകടനം കാഴ്ചവയ്ക്കണം. പക്ഷേ അതല്ല സംഭവിക്കുന്നത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

അമേരിക്ക വിഭജിക്കപ്പെട്ടിരിക്കുകയാണ്. ആഭ്യന്തരയുദ്ധത്തിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്രയും വലിയ വിഭജനമാണ് അവിടെയുള്ളത്. പല നഗരങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭവനരഹിതരും മയക്കുമരുന്നിന് അടിമകളായവരും അവിടെ വ്യാപകമാണ്. എന്നിരുന്നാലും, യു.എസ് എല്ലാ വര്‍ഷവും യാതൊരു നിബന്ധനകളും കൂടാതെ ഇസ്രഈലിന് കോടിക്കണക്കിന് ഡോളര്‍ സഹായം അയക്കുന്നു.

പടിഞ്ഞാറന്‍ യൂറോപ്പും മെച്ചപ്പെട്ട നിലയിലല്ല. വളര്‍ന്നുവരുന്ന രാഷ്ട്രീയ ഭിന്നതകള്‍, കുടിയേറ്റം, സാമ്പത്തിക അസമത്വം, വര്‍ധിച്ചുവരുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ എന്നിവ ഈ മേഖല നേരിടുന്നു.

ഇനി, കിഴക്കന്‍ ഏഷ്യയെയും തെക്കുകിഴക്കന്‍ ഏഷ്യയെയും നോക്കൂ, ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇവിടെയുള്ള മിക്ക രാജ്യങ്ങളും നിഷ്പക്ഷത പുലര്‍ത്തുന്നവരാണ്. ഈ പ്രദേശത്ത് വ്യത്യസ്ത വംശീയ വിഭാഗങ്ങളും മതങ്ങളും ഉള്‍പ്പെടുന്ന ഏകദേശം 2.4 ബില്യണ്‍ ജനങ്ങളുണ്ട്, എങ്കിലും അവിടെ വംശീയ ഭിന്നതയില്ല.

മ്യാന്‍മര്‍ ഒഴികെ അവിടങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പോലെ വലിയ യുദ്ധങ്ങളോ ആഴത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളോ ഇല്ല. കുടിയേറ്റവും താരതമ്യേനെ കുറവാണ്. സാമൂഹിക സമാധാനം കൂടുതലും നിലനിര്‍ത്തപ്പെടുന്നു. ചില പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ ഈ മേഖലയിലെ ഒരു രാജ്യവും ഇസ്രഈലിനെ പിന്തുണക്കുന്നുമില്ല. അവര്‍ ഇസ്രായേലിന് കോടികള്‍ നല്‍കുന്നില്ല, പക്ഷേ അവര്‍ കൂടുതല്‍ ‘അനുഗ്രഹീതരാണെന്ന്’ തോന്നുന്നു.

ഉല്പത്തി 12:3 പറയുന്നതനുസരിച്ച് ആരാണ് യഥാര്‍ത്ഥത്തില്‍ അനുഗ്രഹിക്കപ്പെടുന്നത്, ആരുടെ മേലാണ് ശാപം പതിക്കുന്നത്? അപ്പോള്‍ ആ ചോദ്യത്തിന് ഏതാണ്ട് ഉത്തരം ലഭിച്ചു.

അന്ധമായ വിശ്വസ്തതയുടെ അനന്തരഫലങ്ങള്‍ സാമ്പത്തിക തകര്‍ച്ചയോടെ അവസാനിക്കുന്നില്ല. ഇസ്രഈലിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകള്‍ സൃഷ്ടിക്കുന്ന നിഴല്‍ യുദ്ധങ്ങളെക്കുറിച്ചും നമ്മള്‍ വ്യാകുലപ്പെടേണ്ടതുണ്ട്. സിറിയയില്‍, ഭീകര ഗ്രൂപ്പുകള്‍ക്ക് ഇസ്രഈല്‍ പിന്തുണ നല്‍കുന്നത് വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്.

ഈ പ്രത്യയശാസ്ത്രം രാഷ്ട്രീയത്തെ മാത്രമല്ല ബാധിക്കുന്നത്. അത് നിരപരാധികളായ ആളുകളെ കൊല്ലുകയും ചെയ്യുന്നു. ജൂണ്‍ 22 ന് സെന്റ് ഏലിയാസ് ആന്റിയോക്കിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്കുള്ളില്‍ ഒരു ചാവേര്‍ ബോംബ് ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ കുറഞ്ഞത് പതിനഞ്ച് ക്രിസ്ത്യന്‍ വിശ്വാസികളെങ്കിലും കൊല്ലപ്പെട്ടു. ഇവ ഒറ്റപ്പെട്ട ദുരന്തങ്ങളല്ല. ക്രിസ്ത്യന്‍ സയണിസത്തിന്റെ ഫലങ്ങളാണിവ.

ക്രിസ്ത്യന്‍ സയണിസത്തിന്റെ യഥാര്‍ത്ഥ സ്വാധീനം

ഈ ക്രിസ്ത്യന്‍ സയണിസത്തെ നാം വെല്ലുവിളിക്കേണ്ട ആവശ്യകത എന്താണ്? സെനറ്റര്‍ ക്രൂസും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും പ്രോത്സാഹിപ്പിക്കുന്ന ഈ മതപരമായ പ്രത്യയശാസ്ത്രത്തിന് യഥാര്‍ത്ഥ ക്രിസ്തുമതവുമായി വലിയ ബന്ധമൊന്നുമില്ല.

സെനറ്റര്‍ ക്രൂസും മറ്റുള്ളവരും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളെ വെല്ലുവിളിക്കുകയും തിരുത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കാരണം മത്തായി 7:15ല്‍ ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നതുപോലെ, ചെമ്മരിയാടുകളായി നടിക്കുന്ന ചെന്നായ്ക്കളാണവര്‍.

ക്രിസ്ത്യന്‍ സയണിസം യേശുവിനെ അനുഗമിക്കുന്നതായി നടിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ അജണ്ടകള്‍ക്കും അധികാരത്തിനും വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് യഥാര്‍ത്ഥ ക്രിസ്ത്യന്‍ സമൂഹങ്ങളെ യുദ്ധത്തിന്റെ ഇരകളാക്കി മാറ്റുകയും ആധുനിക ഇസ്രഈലിനെ ഒരു വിശുദ്ധ വിഗ്രഹമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

വളരെ പഴയ ഒരു ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍, ഞാന്‍ ഒരു കാര്യം വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. ഈ കൊലപാതകികളായ വിഗ്രഹാരാധകരുമായി (1 കൊരിന്ത്യര്‍ 5:11ല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് പോലെ) ക്രിസ്തുമതത്തിന് ഒരു ബന്ധവുമില്ല. അവര്‍ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ അധിനിവേശ ശക്തികളായ രാഷ്ട്രങ്ങളുടെയും ക്രൂരരായ നേതാക്കന്മാരുടെയും ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണ് ചെയ്യുന്നത്. ‘അനുഗ്രഹിക്കപ്പെട്ടവന്‍ എന്നതിന്റെ അര്‍ത്ഥം ഇതാണെങ്കില്‍ നിങ്ങളുടെ സഭ യഥാര്‍ത്ഥത്തില്‍ എന്തിനെയാണ്, ആരെയാണ് ആരാധിക്കുന്നതെന്ന് ഗൗരവമായി ചിന്തിക്കണം.

content highlights: Malayalam translation of an article by Matthew Mavac on Christian Zionism

ഡോ. മാത്യു മാവക്

who researches systems science, global risks, geopolitics, strategic foresight, governance and Artificial Intelligence

We use cookies to give you the best possible experience. Learn more