| Thursday, 5th February 2026, 7:00 pm

മലയാളികള്‍ കൂട്ടത്തോടെ തമിഴിലേക്കും തെലുങ്കിലേക്കും പോവുകയാണല്ലോ, അവസാന എന്‍ട്രിയായി മമ്മൂട്ടിയും

അമര്‍നാഥ് എം.

മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്നതാണ് പുതിയ ചര്‍ച്ചാവിഷയം. മുമ്പും പല നടന്മാരും തമിഴ്, തെലുങ്ക് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും എല്ലാ നടന്മാരും ഒന്നിച്ച് അന്യഭാഷാ സിനിമകള്‍ ചെയ്യുന്നത് ഇത് ആദ്യമായിരിക്കും. ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഫഹദ് ഫാസില്‍ വരെ അന്യഭാഷയില്‍ പ്രൊജക്ടുകള്‍ ചെയ്യുകയാണ്.

ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന D55ലാണ് മമ്മൂട്ടി ഭാഗമാകുന്നത്. അമരന് ശേഷം രാജ്കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടേത് ശക്തമായ കഥാപാത്രമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞദിവസമാണ് D55ന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്.

രജിനികാന്ത് നായകനായെത്തുന്ന ജയിലര്‍ 2 ആണ് മോഹന്‍ലാല്‍ ഭാഗമാകുന്ന അന്യഭാഷാ ചിത്രം. ആദ്യഭാഗത്തില്‍ വെറും അഞ്ച് മിനിറ്റ് കൊണ്ട് രോമാഞ്ചത്തിന്റെ കൊടുമുടിയിലെത്തിച്ച മാത്യൂസിന്റെ ഇത്തവണത്തെ വരവും ഗംഭീരമാകുമെന്ന് ഉറപ്പാണ്. ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യുവതാരങ്ങളില്‍ പൃഥ്വിയുടെ ലൈനപ്പിലും ചില അന്യഭാഷാ ചിത്രങ്ങളുണ്ട്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാരണാസിയില്‍ വില്ലനായി വേഷമിടുന്നത് പൃഥ്വിയാണ്. കുംഭ എന്ന കഥാപാത്രം പൃഥ്വിയുടെ കരിയറിലെ ബെഞ്ച്മാര്‍ക്കായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വാരണാസിക്ക് ശേഷം നാനി- സുജീത് ചിത്രത്തിലും പൃഥ്വി വില്ലന്‍ വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഫഹദും തെലുങ്കില്‍ ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍, ഓക്‌സിജന്‍ എന്നീ ചിത്രങ്ങളാണ് ഫഹദിന്റെ ലൈനപ്പില്‍. ഈ രണ്ട് സിനിമകളുടെയും ഷൂട്ട് നീണ്ടുപോകുന്നതിനാല്‍ ഫഹദിന് മലയാളത്തില്‍ സിനിമകള്‍ കമ്മിറ്റ് ചെയ്യാനാകുന്നില്ല. ഇതിനിടെ അനില്‍ രവിപുടി ഒരുക്കുന്ന പുതിയ ചിത്രത്തിലും ഫഹദ് ഭാഗമാകുന്നുണ്ടന്ന് അഭ്യൂഹങ്ങളുണ്ട്. ആവേശത്തിന് ശേഷം വെറും രണ്ട് സിനിമകള്‍ മാത്രമാണ് താരം മലയാളത്തില്‍ ചെയ്തത്.

നിവിന്റെ കാര്യവും വ്യത്യസ്തമല്ല. രാഘവ ലോറന്‍സ് നായകനായെത്തുന്ന ബെന്‍സില്‍ വില്ലനായാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. എല്‍.സി.യുവിലെ നാലാമത്തെ ചിത്രമായ ബെന്‍സ് അവസാനഘട്ട ഷൂട്ടിലാണ്. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ടൊവിനോ തോമസും തെലുങ്ക് സിനിമയുടെ തിരക്കിലാണ്. സലാറിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണില്‍ ടൊവിനോയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിനായി ടൊവിനോ നടത്തിയ വര്‍ക്കൗട്ട് വീഡിയോ അടുത്തിടെ വൈറലായിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് ഡ്രാഗണ്‍ ഒരുങ്ങുന്നത്.

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ദുല്‍ഖര്‍ പണ്ടേ അന്യഭാഷയില്‍ തിരക്കിലാണ്. കിങ് ഓഫ് കൊത്തക്ക് ശേഷം താരം ബാക്ക് ടു ബാക്ക് തെലുങ്ക് സിനിമകളാണ് ചെയ്തത്. ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം ഐ ആം ഗെയിമിന്റെ തിരക്കിലാണ്. ഈ സിനിമക്ക് ശേഷം തമിഴ്, തെലുങ്ക് പ്രൊജക്ടുകളാണ് ദുല്‍ഖറിനുള്ളത്. മലയാളികളുടെ പ്രിയ താരങ്ങള്‍ കൂട്ടത്തോടെ അന്യഭാഷാ സിനിമകള്‍ ചെയ്യുന്നത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

Content Highlight: Malayalam stars doing back to back projects in other Languages

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more