| Saturday, 24th February 2018, 10:31 am

ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ചതിന് 'മാപ്പ് പറഞ്ഞ് ' മാതൃഭൂമി; വിമര്‍ശനം ശക്തമായപ്പോള്‍ നിലപാട് തിരുത്തി മുഖ്യധാരാ മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്ര മാധ്യമങ്ങളുടെ രീതിയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രണ്ടാം ദിവസം തിരുത്തലിന് തയ്യാറായി മുഖ്യധാരാ മാധ്യമങ്ങള്‍.

“പൊലീസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; മോഷണക്കേസ് പ്രതി മരിച്ചു” എന്ന തലക്കെട്ടില്‍ ഇന്നലെ ചരമക്കോളത്തില്‍ വാര്‍ത്ത നല്‍കിയ മാതൃഭൂമിയാണ് വലിയ തിരുത്തലിന് തയ്യാറായത്. മധൂ മാപ്പ് എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ മാസ്റ്റ് ഹെഡ്ഡിലാണ് മാതൃഭൂമി ഇന്ന് വാര്‍ത്ത നല്‍കിയത്.

“”മധൂ, ഞങ്ങള്‍ മാപ്പുചോദിക്കുന്നു. നിന്റെ കാട് കയ്യേറിയതിന്, നിനക്കുള്ളത് കാലങ്ങളായി കട്ടുതിന്നതിന്, നിന്റെ പേര് പറഞ്ഞ് കോടികള്‍ കീശയിലാക്കിയതിന്, സമ്പൂര്‍ണ സാക്ഷരരെങ്കിലും ശ്വാസം അറ്റുപോകാറായപ്പോള്‍ നിന്റെ കണ്ണുകളില്‍ തെളിഞ്ഞ നിസ്സായതയുടേയും നിഷ്‌ക്കളങ്കതയുടേയും ഭാഷ മനസിലാകാതെ പോയതിന് കനിവിന്റെ ഒരു തുള്ളി വെള്ളം പോലും നിന്റെ വരണ്ടുതളര്‍ന്ന ചുണ്ടില്‍ ഇറ്റിച്ചു തരാത്തതിന്, നിന്റെ ജന്മം പാഴാക്കിയതിന്…..””- എന്നായിരുന്നു മാതൃഭൂമിയുടെ ഒന്നാം പേജിലെ വാചകങ്ങള്‍.

“”മലയാളിയായി ജനിച്ചുപോയി, കൊലയാളിയായ മനസ്സുമായി നിലയറ്റ വാക്കേ കുടിച്ചുതീര്‍ക്കൂ, അലയൊഴിയേന്തുന്നൊരുപ്പുവെള്ളം”” എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളും മാതൃഭൂമി കൊടുത്തു.

മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പിടികൂടിയ ആദിവാസി യുവാവ് മരിച്ചു എന്ന തലക്കെട്ടില്‍ കോഴിക്കോട് എഡിഷനിലെ ചരമക്കോളത്തില്‍ ഇന്നലെ വാര്‍ത്ത നല്‍കിയ ദേശാഭിമാനിയും ഇന്ന് വാര്‍ത്ത ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

“”ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസില്‍ 10 പേര്‍ കസ്റ്റഡിയില്‍”” എന്ന ഒന്നരക്കോളം വാര്‍ത്തയാണ് നല്‍കിയത്. എങ്കിലും വിശപ്പിന്റെ പേരിലാണ് മധുവിനെ തല്ലിക്കൊന്നത് എന്ന കാര്യം വാര്‍ത്തയിലില്ല. എങ്കിലും സി.പി.ഐ.എം പാര്‍ട്ടി സമ്മേളന വാര്‍ത്തയാണ് ദേശാഭിമാനിയുടെ ലീഡ്.

തല്ലിക്കെടുത്തുമോ നിങ്ങളെന്റെ വിശപ്പിനെ എന്നുചോദിച്ചാണ് മലയാള മനോരമ വാര്‍ത്തയില്‍ തിരുത്തല്‍ നടത്തിയത്.

“മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മരിച്ചു”- എന്നായിരുന്നു മലയാള മനോരമയുടെ പാലക്കാട് എഡിഷനില്‍ ഇന്നലെ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ കോഴിക്കോട് എഡിഷനില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു എന്നാക്കി തലക്കെട്ട് മാറ്റിയിരുന്നു.

കാടിന്റെ മകനോട് നാടിന്റെ കാടത്തം എന്നാണ് കേരളകൗമുദിയുടെ ഇന്നത്തെ തലക്കെട്ട്. എന്നാല്‍ കാടത്തമല്ല നാടത്തമാണ് മധുവിനെ കൊന്നതെന്ന കാര്യം കേരളകൗമുദിയും വിസ്മരിച്ചു. അതേസമയം എല്ലാ പത്രങ്ങളുടേയും ഇന്നത്തെ മുഖപ്രസംഗവും മധുവിന്റെ കൊലപാതകം തന്നെയാണ്.

മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും ചിത്രങ്ങളും തലേദിവസം വൈകീട്ടോടെ തന്നെ പുറത്തുവന്നിട്ടും പുലര്‍ച്ചെയോടെ മാത്രം അച്ചടിക്കുന്ന പത്രങ്ങളില്‍ മധുവിനെ മോഷ്ടവായി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ രീതിക്കെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

We use cookies to give you the best possible experience. Learn more