സമീപകാലത്ത് സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ ബിസിനസ് നടക്കുന്ന മേഖലയാണ് ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍. തിയേറ്ററുകളില്‍ നിന്നും കിട്ടുന്ന കളക്ഷന്‍ മാറ്റിനിര്‍ത്തിയാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ വരുമാനം ലഭിക്കുന്ന മാര്‍ക്കറ്റായും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മാറിയിരുന്നു. കൊവിഡിന് ശേഷം ഒ.ടി.ടി റിലീസിന് മാത്രമായി ചിത്രങ്ങള്‍ നിര്‍മിക്കുന്നതും ഇന്ന് സ്വാഭാവികമാണ്. മിന്നല്‍ മുരളി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായി റിലീസ് ചെയ്ത് വലിയ രീതിയില്‍ പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു.
കഴിഞ്ഞ മാസം 21ന് തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസില്‍ നിന്നും വലിയ കളക്ഷന്‍ നേടിയ ദൃശ്യം 3, പ്രൈം വീഡിയോ വഴി സ്ട്രീമിങ് ആരംഭിച്ചിരുന്നു. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തെ പ്രൈം വീഡിയോ സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ നിന്നും കാര്യമായി കളക്ഷന്‍ ലഭിക്കാതിരിക്കുകയും ഇതേതുടര്‍ന്ന് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കണ്ടെത്താന്‍ സാധിക്കാത്തതുമായ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ട മൂന്ന് ചിത്രങ്ങളും അവയുടെ പേരിലുള്ള സാദൃശ്യവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ബസൂക്ക. Photo: X.com
മമ്മൂട്ടി ചിത്രമായ ബസൂക്ക, നിവിന്‍ പോളി ചിത്രം ബോസ് ആന്‍ഡ് കോ, ദിലീപ് ചിത്രം ബാന്ദ്ര തുടങ്ങിയവയാണ് ചര്‍ച്ചയാകുന്ന മൂന്ന് ചിത്രങ്ങള്‍. മൂന്ന് ടൈറ്റിലും ‘ബ’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് എന്നതാണ് ഇവയിലെ കോമണ്‍ ഫാക്ടറായി പലരും കണ്ടെത്തിയിരിക്കുന്നത്.
ഡീനോ ഡെന്നീസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2025 ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബസൂക്ക. വലിയ ഹൈപ്പില്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രം തിയറ്റേറില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പിന്നീട് നാളിതുവരെ ചിത്രം സ്ട്രീം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ നിവിന്‍ പോളിയെ നായകനാക്കി 2025 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ. നിവിന്‍ പോളിയുടെ പരാജയ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം എന്നതിലുപരി കാര്യമായി ഒന്നും ചെയ്യാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. മുടക്കുമുതല്‍ തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിട്ട ചിത്രം ഇന്നുവരെ ഒ.ടി.ടിയിലൂടെ പുറം ലോകം കണ്ടിട്ടില്ല. സമാനമായ അവസ്ഥയാണ് ദിലീപ് ചിത്രം ബാന്ദ്രയ്ക്കും നേരിടേണ്ടി വന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയടക്കം എത്തിയിട്ടും നിരാശയായിരുന്നു ഫലം. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് ഒ.ടി.ടി റിലീസ് സാധ്യമായിട്ടില്ല.
രാമചന്ദ്ര ബോസ് ആന്‍ഡ് കോ. Photo: The Indian Express
ഈ മൂന്ന് ചിത്രങ്ങള്‍ക്ക് പുറമെ പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ, ദിലീപിന്റെ തന്റെ തങ്കമണി, ഉണ്ണിമുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളെല്ലാം ഒ.ടി.ടിക്കായുള്ള വെയിറ്റിങ് ലിസ്റ്റിലുള്ളവയാണ്.
Content Highlight: Malayalam movies that did not get ott release after years of theatre release