| Saturday, 7th March 2026, 8:44 am

ഇനിയും ഒ.ടി.ടി റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍; ബാന്ദ്രയും തങ്കമണിയും ബസൂക്കയും മുതല്‍ ബള്‍ട്ടി വരെ

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്ററില്‍ നിന്നുള്ള കളക്ഷനും സാറ്റലൈറ്റ് കളക്ഷനും പുറമെ കൊവിഡിന് ശേഷം സിനിമകള്‍ക്ക് തുറന്ന് കിട്ടിയ വലിയ വിപണിയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. നിര്‍മാതാക്കളെ സംബന്ധിച്ച് പുതിയൊരു വരുമാന മാര്‍ഗം എന്നതിലുപരി ഭാഷകളുടെ അതിര്‍വരമ്പുകളില്ലാതെ തങ്ങളുടെ ചിത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള നല്ലൊരു ചാനല്‍ കൂടിയായി ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് മഹാമാരി കാലഘട്ടത്തില്‍ തിയേറ്ററുകള്‍ പൂട്ടിയിടേണ്ട സാഹചര്യത്തില്‍ ഒ.ടി.ടി യില്‍ മാത്രം ചിത്രം റിലീസ് ചെയ്യുക എന്ന രീതിക്കും തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇത്തരത്തില്‍ പ്രത്യേകം ഒ.ടി.ടി റിലീസിന് മാത്രമായി സിനിമകള്‍ ഒരുക്കുന്നതും ഒരു ട്രെന്‍ഡായി മാറിയിരുന്നു. തിയേറ്ററുകളില്‍ കുറഞ്ഞ ദിവസങ്ങളുടെ പ്രദര്‍ശനത്തിനുശേഷം മാര്‍ക്കറ്റ് വാല്യൂ നഷ്ടപ്പെടാതെ ചിത്രം നേരിട്ട് ഒ.ടി.ടിക്ക് നല്‍കുന്നതും സ്ഥിരം കാഴ്ച്ചയാണ്.

ബസൂക്ക. Photo: Pinkvilla

എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും പല കാരണങ്ങളാലും ഇന്നും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ പറ്റാത്ത മലയാള ചിത്രങ്ങള്‍ നിരവധിയാണ്. ഏറ്റെടുക്കാന്‍ ആളില്ലാത്തതും, ചിത്രത്തിന് വാഗ്ദാനം ചെയ്ത തുകയും ആവശ്യപ്പെട്ട തുകയും തമ്മില്‍ ഒത്തുപോകാന്‍ സാധിക്കാത്തതും തുടങ്ങി നിരവധി കാരണങ്ങളാണ് പല ചിത്രങ്ങളുടെയും റിലീസ് അനിശ്ചിതത്ത്വത്തിലാക്കിയിരിക്കുന്നത്.

ഇതില്‍ പ്രധാനപ്പെട്ട ഒരു ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബസൂക്ക. ഡീനോ ഡെന്നീസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വലിയ ഹൈപ്പിലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനാകാതെ മോശം പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. മമ്മൂക്കയ്ക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം, തിരക്കഥ പറയാനെത്തിയ ഡീനോ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം സംവിധാനം ചെയ്യുകയായിരുന്നു. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

നിവിന്‍ പോളി നായകനായ രാമചന്ദ്ര ബോസ് ആന്‍ഡ് കോയാണ് ലിസ്റ്റില്‍ പ്രധാനപ്പെട്ട മറ്റൊരു ചിത്രം. ഹിറ്റ് ചിത്രം മാര്‍ക്കോയുടെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ദിലീപ് നായകനായെത്തിയ തങ്കമണിയും ബാന്ദ്രയുമാണ് ഇത്തരത്തില്‍ തിയേറ്റര്‍ റിലീസ് കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടിട്ടും ഒ.ടി.ടി റിലീസ് ലഭിക്കാത്ത രണ്ടു ചിത്രങ്ങള്‍. സമീപകാലത്തിറങ്ങിയ ദിലീപിന്റെ പരാജയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇവ രണ്ടും. രതീഷ് രഘുനാഥന്‍ സംവിധാനം ചെയ്ത ചിത്രം സൗത്ത് ഇന്ത്യയിലെ പ്രമുഖ ഒ.ടി.ടി സൈറ്റായ സെയ്‌ന ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. അരുണ്‍ ഗോപി സംവിധാനം ചെയ്ത് തമന്ന ബാട്ടിയ നായികയായെത്തിയ മാസ് ആക്ഷന്‍ ചിത്രം ബാന്ദ്രയുടെ കഥയും വ്യത്യസ്തമല്ല.

ബാന്ദ്ര, രാമചന്ദ്ര ബോസ് ആന്ഡ് കോ. Photo: IMDB

ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയാണ് റിലീസ് ചെയ്യാനാകാതെ കെട്ടികിടക്കുന്ന മറ്റൊരു ചിത്രം. തമിഴ് സെന്‍സേഷനായ യുവ സംഗീതഞ്ജന്‍ സായ് അഭ്യങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈമിലൂടെ ജനുവരി 9 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കരാറിലുള്ള പ്രശ്‌നങ്ങള്‍ കാരണം റിലീസ് നീളുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇവക്ക് പുറമെ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, മൈ ഗോഡ്, പ്രേതമുണ്ട് സൂക്ഷിക്കുക, പ്രാണ, 1774 വൈറ്റ് ആള്‍ട്ടോ, ഹാല്‍, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളും ഒ.ടി.ടി യിലേക്ക് അവസരം കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുന്നു.

Content Highlight: Malayalam Films which failed to get ott release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more