മികച്ച സിനിമകൾ സംവിധാനം ചെയ്യുന്നതിൽ മാത്രമല്ല അഭിനയരംഗത്തും കഴിവ് തെളിയിച്ച നിരവധി സംവിധായകർ മലയാളസിനിമയിൽ ഉണ്ട്. ക്യാമറക്ക് പിന്നിൽ നിന്ന സംവിധായകർ ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയപ്പോഴും മലയാളി പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ചു.
ബേസിൽ ജോസഫ്
നിഷ്കളങ്കമായ തമാശകളിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകപ്രീതി നേടിയ സംവിധായക-നടനാണ് ബേസിൽ ജോസഫ്.’കുഞ്ഞിരാമായണം’, ‘ഗോദ’, ‘മിന്നൽ മുരളി’ എന്നീ മൂന്ന് സിനിമകളിലൂടെ മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ പേരിനൊപ്പം ബേസിൽ തന്റെ പേരും ചേർത്തുവെച്ചു.
ബേസിൽ ജോസഫ്.Photo:Wikipedia
സംവിധായകനാകുന്നതിന് മുൻപ് തന്നെ ബേസിൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ‘ഹോംലി മീൽസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ബേസിലിന്റെ അഭിനയരംഗത്തെ അരങ്ങേറ്റം.ചിത്രത്തിൽ ‘ബേസിൽ’ എന്ന എഡിറ്ററുടെ കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്. ആദ്യമായി സംവിധാനം ചെയ്ത ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിലും ബേസിൽ വേഷമിട്ടിരുന്നു. പിന്നീട് ‘മായാനദി’, ‘ജയ ജയ ജയ ജയ ഹേ’, ‘ഗുരുവായൂരമ്പല നടയിൽ’, ‘വാഴ 1’, ‘അജയന്റെ രണ്ടാം മോഷണം’, ‘പൊന്മാൻ’, ‘അതിരടി’ എന്നിവയാണ് ബേസിൽ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
ചിദംബരം
ജാൻ.എ.മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ’ എന്നീ മൂന്ന് ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയെഴുതിയ സംവിധായകനാണ് ചിദംബരം. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റിനു ശേഷം ‘ബാലൻ’ എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടാൻ ചിദംബരത്തിന് സാധിച്ചു.
ചിദംബരം.Photo:Screengrab
ദൃശ്യമികവിലൂടെ കഥ പറയുന്ന സംവിധായകൻ എന്നതിനുമപ്പുറം മികച്ചൊരു അഭിനേതാവ് കൂടിയാണ് ചിദംബരം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ ‘ആർമിയാസ്’ എന്ന പോലീസ് കഥാപാത്രമായിട്ടാണ് ചിദംബരം വേഷമിട്ടത്.
ജീൻ പോൾ ലാൽ (ലാൽ ജൂനിയർ)
‘ഹണി ബീ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച്ച സംവിധായകനാണ് ജീൻ പോൾ ലാൽ. ‘ഹായ് അയാം ടോണി’, ‘ഹണി ബീ 2: സെലിബ്രേഷൻസ്’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘സുനാമി’, ‘നടികർ’ എന്നിവയാണ് ജീൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
ജീൻ പോൾ ലാൽ.Photo:Instagram
അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ‘അണ്ടർവേൾഡ്’ എന്ന സിനിമയിലൂടെയാണ് ജീൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിൽ ‘സോളമൻ’ എന്ന പ്രധാന വില്ലൻ കഥാപാത്രത്തെയാണ് ജീൻ അവതരിപ്പിച്ചത്. ‘മഞ്ഞുമ്മൽ ബോയ്സിൽ’ ‘സിജു’ ആയി എത്തിയ ജീൻ, ‘ബാലൻ’ എന്ന സിനിമയിൽ ‘പവിത്രൻ’ എന്ന പൊലീസ് കഥാപാത്രമായി എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചു.
വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ.Photo:The News Minute
ഗായകനായി സിനിമാലോകത്ത് തുടക്കം കുറിച്ച്, പിന്നീട് നടനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം തിളങ്ങിയ ബഹുമുഖ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. ജോണി ആന്റണി സംവിധാനം ചെയ്ത ‘സൈക്കിൾ’ (2008) എന്ന ചിത്രത്തിലെ ‘റോയ്’ എന്ന കഥാപാത്രത്തിലൂടെയാണ് വിനീത് അഭിനയത്തിൽ അരങ്ങേറുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് 2010-ൽ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ വിനീത് സ്വതന്ത്ര സംവിധായകനാകുന്നത്.
പിന്നീട് തട്ടത്തിൻ മറയത്ത്, തിര , ഒരു വടക്കൻ സെൽഫി , ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിനിമകൾ വിനീത് സംവിധാനം ചെയ്തു.
ദിലീഷ് പോത്തൻ
സാധാരണക്കാരന്റെ ജീവിതത്തെ ക്യാമറക്കണ്ണിലൂടെ ദൃശ്യവത്കരിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ.
മലയാള സിനിമയിൽ ‘പോത്തേട്ടൻ ബ്രില്യൻസ്’ എന്ന വാക്ക് തന്നെ സൃഷ്ടിച്ച റിയലിസ്റ്റിക് സിനിമകളുടെ വക്താവാണ് അദ്ദേഹം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സ്വതന്ത്ര സംവിധായകനാകുന്നത്.
എന്നാൽ സംവിധായകനാകുന്നതിന് മുൻപ് തന്നെ ആഷിഖ് അബു സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ‘സാൾട്ട് എൻ പേപ്പർ’ എന്ന ചിത്രത്തിലൂടെ ദിലീഷ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. ചിത്രത്തിൽ ഒരു സിനിമാ സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്.
പിന്നീട് ‘ജോസഫ്’, ‘മാലിക്’, ‘ഭീഷ്മപർവം’, ‘റോന്ത്’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ പ്രധാന വേഷങ്ങളിലെത്തി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
Content Highlights:Malayalam Directors Who Excelled in Acting