| Thursday, 1st October 2026, 1:10 pm

എന്ത് മലയാളം, അതൊക്കെ തെലുങ്ക് സിനിമയെന്ന് കരുതിയ ഞാന്‍ ലാല്‍ സാറിന്റെ ആ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടി :രാജമൗലി

ആര്യ.പി

മലയാള സിനിമയെക്കുറിച്ച് സംസാരിക്കവെ നടന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള തന്റെ ആദ്യകാല ഓര്‍മ പങ്കുവെക്കുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. മലയാള സിനിമയെ കുറിച്ച് കൂടുതല്‍ അറിയാതിരുന്ന കാലത്ത്, തെലുങ്ക് സിനിമയുടേതിനേക്കാള്‍ വലിയ നിലവാരമൊന്നും മലയാളത്തിനില്ലെന്നായിരുന്നു തന്റെ ധാരണയെന്നും എന്നാല്‍ മോഹന്‍ലാലിന്റെ ഒരു പ്രകടനം ആ ധാരണ തന്നെ മാറ്റിയെന്നും രാജമൗലി പറഞ്ഞു.

ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്തെ അനുഭവമാണ് രാജമൗലി പങ്കുവെച്ചത്. തന്റെ മൂത്ത സഹോദരി കടുത്ത മോഹന്‍ലാല്‍ ആരാധികയായിരുന്നെന്നും മലയാള സിനിമയെക്കുറിച്ച് അവര്‍ എപ്പോഴും സംസാരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് ഞാന്‍ ചെറുപ്പമാണ്. ചേച്ചി മലയാള സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇവര്‍ എന്താണ് ഈ പറയുന്നതെന്ന് ഞാന്‍ ചിന്തിക്കും. നമ്മുടെ തെലുങ്ക് സിനിമയുടെ അത്രയൊന്നും വരില്ലല്ലോ എന്നായിരുന്നു എന്റെ ധാരണ,’ രാജമൗലി പറഞ്ഞു.

പിന്നീട് ഒരിക്കല്‍ സഹോദരി മോഹന്‍ലാല്‍ അഭിനയിച്ച ഒരു സിനിമയിലെ ഒരു രംഗം കാണിച്ചുതന്നതോടെയാണ് തന്റെ ധാരണ മാറിയതെന്നും രാജമൗലി ഓര്‍ത്തെടുത്തു. സിനിമയുടെ പേര് അന്ന് അറിയില്ലായിരുന്നെന്നും മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ലാല്‍ സാറിന്റെ കഥാപാത്രം പോകുന്ന രംഗമായിരുന്നു അതെന്നും, എന്നാല്‍ ആ രംഗത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തന്നെ ഏറെ ഭയപ്പെടുത്തിയെന്നും രാജമൗലി പറഞ്ഞു.

‘തെലുങ്കില്‍ അത്തരത്തിലുള്ള രംഗങ്ങള്‍ കണ്ടിട്ടുള്ളത് നായകന്‍ ഭ്രാന്തനെപ്പോലെ സ്ത്രീയുടെ അടുത്തേക്ക് പോകുന്ന രീതിയിലാണ്. എന്നാല്‍ ഈ സിനിമയില്‍ ലാല്‍സാറിന്റെ കഥാപാത്രം മരങ്ങള്‍ക്കിടയിലൂടെ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് പോകുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് പേടിയാകും. അതാണ് എന്റെ ഒരു ഓര്‍മ,’ രാജമൗലി പറഞ്ഞു.

മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി താന്‍ കാണുന്നത് അഭിനയവും എഴുത്തുമാണെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ചെറിയ സിനിമകളായാലും വലിയ സിനിമകളായാലും, സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളായാലും പ്രണയവും ആക്ഷന്‍-ത്രില്ലറും ഉള്‍പ്പെടെയുള്ള സിനിമകളായാലും ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെ സിനിമകളോടുള്ള തന്റെ ഇഷ്ടവും രാജമൗലി തുറന്നുപറഞ്ഞു. ‘ദൃശ്യം’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും അടുത്തിടെ ‘ബ്രോ ഡാഡി’ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകൡ മോഹന്‍ലാല്‍ സാറിന്റെ സിനിമകളും ഉണ്ട്. ദൃശ്യം 1 ഉം 2 ഉം ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ബ്രോ ഡാഡി കണ്ടിരുന്നു. അതിലെ ഡയലോഗുകളൊക്കെ ഞാന്‍ ഫഹദിനോട് പറഞ്ഞിരുന്നു,’ രാജമൗലി പറഞ്ഞു.

Content Highlight: Malayalam cinema? I thought it was no match for Telugu cinema, but Lal sir’s performance left me stunned Rajamouli

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more