മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഓരോ തവണയും ഒരു നാടിനെ ചുറ്റിപ്പറ്റിയാണ് നിന്നിട്ടുള്ളത്. ഉദയാ, നവോദയ തരംഗത്തിനിടയില്‍ ആലപ്പുഴയായിരുന്നു മലയാളസിനിമയുടെ ഹൃദയഭാഗം. പിന്നീട് വന്നവര്‍ സിനിമയെ അപ്പാടെ ചെന്നൈയിലേക്ക് പറിച്ചുനട്ടു. കോടമ്പാക്കത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളും എങ്ങുമെത്താതെ പോയ സിനിമാപ്രേമികളും ഒരുപാടാണ്.
ചെന്നൈയില്‍ ചുറ്റിപ്പറ്റി നിന്ന സിനിമ പിന്നീട് വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കോമ്പോയുടെ സിനിമളില്‍ വീണ്ടും കേരളത്തെ കാണാന്‍ സാധിച്ചു. 1990കള്‍ക്ക് ശേഷം മലയാളസിനിമ വള്ളുവനാട്ടിലേക്ക് ചുരങ്ങുകയായിരുന്നു. വരിക്കാശ്ശേരി മന, കാട്, കാവ്, കുളം എന്ന ലൂപ്പില്‍ ഒരുപാട് കാലം മലയാളസിനിമ ചുറ്റിത്തിരിഞ്ഞു.
വരിക്കാശ്ശേരി മനയില്‍ നിന്ന് മലയാളസിനിമയെ മോചിപ്പിച്ചത് ആഷിക് അബു, അമല്‍ നീരദടക്കമുള്ള സംവിധായകരാണ്. അതുവരെ മലയാളസിനിമ തിരിഞ്ഞുനോക്കാതിരുന്ന കൊച്ചിയെ തങ്ങളുടെ ഫ്രെയിമില്‍ ഇവര്‍ വരച്ചിട്ടു. മലയാളസിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച ഈ ടീമിനെ മട്ടാഞ്ചേരി മാഫിയ എന്ന് വിളിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തി.
എന്നാല്‍ കഴിഞ്ഞകുറച്ചുകാലങ്ങളായി മലയാളസിനിമ കൊച്ചിയെ കൈവിടുകയാണെന്ന കാര്യം എടുത്തുപറയേണ്ട ഒന്നാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും സിനിമ വ്യാപിച്ചിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തെ ഗ്രാമത്തിന്റെ കഥ വരെ ഇപ്പോള്‍ സിനിമയാകുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ടത് കോഴിക്കോട്, വയനാട് കണ്ണൂര്‍ ഭാഗത്തെ കേന്ദ്രീകരിച്ച് വരുന്ന സിനിമകളാണ്.
പല ബിഗ് ബജറ്റ് സിനിമകളുടെയും ഫസ്റ്റ് പ്രിഫറന്‍സ് കോഴിക്കോടാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2ന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കോഴിക്കോടായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരും ബേപ്പൂരിലുമായിട്ടായിരുന്നു ജയിലര്‍ 2ന്റെ കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായത്. രജിനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഈ ഷെഡ്യൂളില്‍ പങ്കെടുത്തു.
പൃഥ്വിരാജ് നായകനായെത്തുന്ന ഖലീഫയുടെ പ്രധാന ലൊക്കേഷനും കോഴിക്കോടാണ്. കോഴിക്കോട് ടൗണ്‍, ബേപ്പൂര്‍, മുക്കം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായത്. മോഹന്‍ലാലിന്റെ കാമിയോ സീനുകള്‍ മാത്രം എറണാകുളത്തും ചിത്രീകരിച്ചു. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ബാലന്റെ പ്രധാന ലൊക്കേഷനും വടക്കന്‍ കേരളമാണ്.
ഖലീഫ Photo: Theatrical poster
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, മംഗലാപുരം എന്നീ ലൊക്കേഷനുകള്‍ കാണിക്കുന്നുണ്ടെങ്കിലും പ്രധാനഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് വയനാടാണ്. ഷേര്‍ളിയും മകനും ഹോം നേഴ്‌സായെത്തുന്ന വീട് വയനാട്ടിലാണ്. അധികമാരും ശ്രദ്ധിക്കാത്ത ചേകാടി എന്ന ഗ്രാമത്തിന്റെ ഭംഗി അതിമനോഹരമായി ചിദംബരം പകര്‍ത്തിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്‍ നായകനായ ഒരു ദുരൂഹ സാഹചര്യത്തിലിന്റെ പ്രധാന ലൊക്കേഷനും വയനാടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ മുന്‍ സിനിമകള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ളവയാണെന്നതും ശ്രദ്ധേയമാണ്.
ബാലന്‍ Photo: Screen grab/ Zee Music
മലപ്പുറത്തിന്റെ കഥ പറയാന്‍ മുഹ്‌സിന്‍ പരാരിയും സംഘവും, തിരുവനന്തപുരം ഭാഗത്തിന്റെ കഥ പറയാന്‍ നിതീഷ് സഹദേവ്, അരുണ്‍ അനിരുദ്ധന്‍ എന്നിങ്ങനെ മലയാളസിനിമയെ ഒരിടത്ത് മാത്രം കെട്ടിയിടാതെ കേരളം മൊത്തം വ്യാപിപ്പിക്കാന്‍ കഴിവുള്ള ഒരുകൂട്ടം യുവാക്കളുള്ളത് അഭിമാനകരമായ കാര്യമാണ്.
Content Highlight: Malayalam Cinema focusing on Kozhikode and Wayanad for new locations
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ