| Friday, 30th October 2026, 8:47 am

മലയാളത്തിലും ഇത്തരം പ്രമേയമുള്ള സിനിമകൾ ദഹിക്കാത്തവരുണ്ട്; ഒ.ടി.ടി. റിലീസിനു പിന്നാലെ ചർച്ചയായ് ഡൊറോത്തി

അനുപമ കെ. സീത

വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അത്ഭുതമാണ് ഡൊറോത്തി പോലെയുള്ള സിനിമകൾ. കാർത്തിക് സുബ്ബരാജിന്റെ സിനിമ കരിയറിലെ പത്താമത്തെ ചിത്രമാണിത്. സെപ്റ്റംബർ 25-ന് തിയേറ്ററിലെത്തിയപ്പോൾ തൊട്ട് ഇപ്പോൾ ഒ.ടി.ടി. റിലീസായിട്ടും സിനിമയെ ചുറ്റി പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായ് തുടരുകയാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തെയും ജാതികൊലകളെയും ആൺമേധാവിത്തത്തെയും ലിംഗരാഷ്ട്രീയത്തെയും കൃത്യമായ് അടയാളപ്പെടുത്താൻ ഡൊറോത്തിക്ക് കഴിഞ്ഞിട്ടുണ്ട്. സനന്ത്, കീർത്തി സുരേഷ്, റിഷികാന്ത്‌ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിയേറ്റർ റിലീസിന് പിന്നാലെ തന്നെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് കാർത്തിക് നേരിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് സംവിധായകൻ കുത്തികയറ്റിയ പോലെയും സംവിധായകൻ ഇനി ട്രാൻസ്‌ജെൻഡർ ആണോ എന്ന രീതിയിലൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.

‘ഇനി സംവിധായകനും ട്രാൻസ്‌ജെണ്ടറാണോ, അവസാനത്തെ ചുംബന രംഗം സംവിധായകൻ അടിച്ചേൽപ്പിച്ചതാണ്, #BoycottDorothy, തമിഴ് സംസ്കാരത്തെ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്ത സിനിമ, ‘ തുടങ്ങിയ കമന്റുകളായിരുന്നു അവയിൽ ചിലത്.

ഡൊറോത്തി.Photo.Screen Grab/Instagram.com

തമിഴ് സംസ്കാരത്തെ അപമാനിച്ചു എന്ന രീതിയിൽ തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകൾ സിനിമ ബഹിഷ്കരിക്കണമെന്ന് വരെ പറഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. അതേസമയം ഒരു അഭിമുഖത്തിൽ, തന്റെ തമിഴ് ജനതയിലുള്ള വിശ്വാസത്തിന്റെ പുറത്താണ് താൻ ഈ ചിത്രം ചെയ്തതെന്ന് കാർത്തിക് പറഞ്ഞിരുന്നു. അതേ തമിഴ് ജനതയിലെ ഒരു വിഭാഗമാണ് സിനിമയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുമ്പോട്ട് വന്നത്.

ഒക്ടോബർ 23നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ഒരു വശത്തു നിന്നും സിനിമക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ഒരു വിഭാഗം ആളുകൾക്ക് ഇപ്പോഴും സിനിമയുടെ രാഷ്ട്രീയത്തെയും പ്രമേയത്തെയും അംഗീകരിക്കാനാവുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. അതിന്റെ പ്രതിഫലനങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിലെ മോശവും അറപ്പുളവാക്കുന്ന തരത്തിലുള്ള കമന്റുകൾ.

തിയേറ്റർ റിലീസിന് ശേഷം തമിഴ് ഇന്ഡസ്ട്രിയെക്കാൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നുമാണ് ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണ ലഭിച്ചത്. തമിഴിൽ നിന്നും മോശം പ്രതികരണങ്ങൾ സിനിമക്ക് ലഭിച്ചപ്പോൾ മലയാള സിനിമ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. എന്നാൽ ഒ.ടി.ടി. റിലീസിനു പിന്നാലെ മലയാളികളും മോശം പ്രതികരണങ്ങളുമായ് രംഗത്തെത്തിയിരുന്നു.

മലയാളത്തില്‍ ഡൊറോത്തിക്ക് മുമ്പേ ഇതേ പ്രമേയം സംസാരിച്ച മുംബൈ പൊലീസ്, മൂത്തോന്‍, കാതല്‍ തുടങ്ങിയ സിനിമകൾക്കും ഇതേ രീതിയിലുള്ള പ്രതികരണങ്ങൾ ലഭിച്ചിരുന്നു. തമിഴ് ഇൻഡസ്ട്രിയിലേത് പോലെ ഇതൊന്നും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത ഒരു വിഭാഗം ആളുകൾ മലയാളത്തിൽ ഇപ്പോഴും ഉണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Content Highlight: Malayalam audiences find the film’s theme unacceptable; Dorothy becomes a topic of discussion following its O.T.T. release.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more