| Friday, 3rd July 2026, 7:24 am

രജിനിയും കൂടി മലയാളത്തില്‍ സംസാരിച്ചാല്‍ ഈ പടം മലയാളത്തില്‍ ഇറക്കാം, മലയാളികളുടെ പെരുന്നാളുമായി ജയിലര്‍ 2

അമര്‍നാഥ് എം.

ടൈഗര്‍ വീണ്ടും വേട്ടക്ക് ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. 2023ല്‍ ബോക്‌സ് ഓഫീസിനെ അടിച്ച് തൂഫാനാക്കിയ ജയിലറിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത് സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ജയിലര്‍ 2 റിലീസിന് തയാറെടുക്കുകയാണ്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ റിലീസ് ഡേറ്റ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആവേശവും സസ്‌പെന്‍സും ഒരുപോലെ നിലനിര്‍ത്തിയ ടീസര്‍ സോഷ്യല്‍ മീഡിയക്ക് തീയിട്ടു. ചിത്രത്തിലെ പ്രധാന താരങ്ങളെ മിന്നായം പോലെ കാണിച്ചുകൊണ്ട ടീസറില്‍ രജിനിയുടെ മുഖം കാണിച്ചില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. അനിരുദ്ധിന്റെ ബി.ജി.എമ്മും ടീസറിനെ കൂടുതല്‍ ഗംഭീരമാക്കി.

ജയിലര്‍ 2 Photo: Filmy Enthusiast/ Facebook

എന്നാല്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ജയിലര്‍ 2ലെ മലയാളി സാന്നിധ്യമാണ്. ഒരു ലോഡ് മലയാളി താരങ്ങള്‍ ജയിലര്‍ 2ന്റെ ഭാഗമാണ്. ആദ്യഭാഗത്തില്‍ പ്രധാന വില്ലനും നായകന്റെ കൂട്ടുകാരനും മലയാളിയായിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മനും മോഹന്‍ലാലിന്റെ മാത്യുവും തിയേറ്ററുകളെ ഇളക്കിമറിച്ചു. രണ്ടാം ഭാഗത്തില്‍ മലയാളികളെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, അന്ന രാജന്‍, സുജിത് ശങ്കര്‍, വിദ്യാ ബാലന്‍, ഹക്കിം ഷാ, മിര്‍ണ മേനോന്‍ എന്നിവരാണ് ജയിലര്‍ 2ന്റെ ഭാഗമായിട്ടുള്ള മലയാളികള്‍. മോഹന്‍ലാല്‍, വിനായകന്‍ എന്നിവര്‍ അതിഥിവേഷത്തിലും എത്തുന്നതോടെ മലയാളി താരങ്ങളുടെ ഡൊമിനന്‍സാണ് ചിത്രത്തില്‍ ഉണ്ടാവുക. ഫഹദ്, ഷൈന്‍ ടോം ചാക്കോ എന്നിവരുടെ സാന്നിധ്യം ഷൂട്ടിന്റെ സമയത്ത് ഉയര്‍ന്നുകേട്ടെങ്കിലും സ്ഥിരീകരണമില്ല.

ജയിലര്‍ 2 Photo: Screen grab/ Sun Pictures

ആദ്യഭാഗത്തെക്കാള്‍ ശക്തരായ വില്ലന്മാരെയാണ് ഇത്തവണ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് നേരിടാനുള്ളത്. എസ്.ജെ. സൂര്യയാണ് പ്രധാന വില്ലന്‍. പുതിയ ചില താരങ്ങള്‍ കൂടി മുത്തുവേല്‍ പാണ്ഡ്യന്റെ സഹായികളായി എത്തുന്നുണ്ട്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃതിക് റോഷനും ചിത്രത്തിന്റെ ഭാഗമാണ്. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെയായിരുന്നു ഈ വേഷത്തില്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ഡേറ്റ് ഇഷ്യൂ കാരണം ഹൃതികിന് നറുക്ക് വീഴുകയായിരുന്നു.

ചെന്നൈ, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങള്‍ക്കൊപ്പം കേരളത്തിലും ജയിലര്‍ 2ന്റെ ഷൂട്ട് നടന്നിരുന്നു. അട്ടപ്പാടി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രധാന ഷെഡ്യൂള്‍ ചിത്രീകരിച്ചത് വലിയ വാര്‍ത്തയായി. വന്‍ ഹൈപ്പിലെത്തുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വിജയദശമിയടക്കം ആറ് ദിവസത്തെ ഫ്രീ റണ്ണാണ് ചിത്രത്തിന് ലഭിക്കുക.

Content Highlight: Malayalam Artists presence in Jailer 2 teaser

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more