| Wednesday, 5th August 2026, 4:50 pm

കാര്‍ന്നോരുടെ സ്ഥാനത്ത് ടോണി സ്റ്റാര്‍ക്ക്, പാചകത്തിന് വോള്‍വറിനും ബ്രൂസും... സ്‌പൈഡര്‍മാന്റെ 90s സ്റ്റൈല്‍ കല്യാണം വൈറല്‍

അമര്‍നാഥ് എം.

എ.ഐയിലൂടെ എന്തും സാധ്യമാകുന്ന കാലമാണിത്. കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നുന്ന തരത്തില്‍ പക്കാ പെര്‍ഫക്ഷനോടെ സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ആളുകളെ ചിരിപ്പിക്കുന്നത്. മാര്‍വലിന്റെ സൂപ്പര്‍ഹീറോകളെ വെച്ചുകൊണ്ടുള്ള ഒരു മലയാളം വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.

മാര്‍വലിന്റെ ഐക്കോണിക് സൂപ്പര്‍ഹീറോ സ്‌പൈഡര്‍മാനെയും കാമുകി എം.ജെയെയും വെച്ചുകൊണ്ടുള്ള വീഡിയോയാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്. നോ വേ ഹോമിന് ശേഷം പിരിഞ്ഞ പീറ്റര്‍ പാര്‍ക്കറിനും എം.ജെയ്ക്കും 90s സ്റ്റൈല്‍ കല്യാണം എ.ഐയിലൂടെ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ഐ ഹഫിക്‌സ് എന്ന പേജാണ് വീഡിയോ പങ്കുവെച്ചത്.

‘പൂങ്കാറ്റേ പോയി ചൊല്ലാമോ’ എന്ന വിന്റേജ് ഗാനത്തിന്റെ അകമ്പടിയോടെ പക്കാ നാട്ടിന്‍പുറം സ്റ്റൈലിലുള്ള കല്യാണ വീഡിയോയാണിത്. കുടുംബത്തിലെ കാര്‍ന്നോരുടെ സ്ഥാനത്ത് ആര്‍.ഡി.ജെയുടെ ടോണി സ്റ്റാര്‍ക്കിനെയാണ് നിര്‍ത്തിയിട്ടുള്ളത്. കല്യാണത്തിന്റെ പാചകത്തിന് വോള്‍വറിനും ബ്രൂസും ചേര്‍ന്നപ്പോള്‍ ഭക്ഷണം വിളമ്പാന്‍ ബ്ലാക്ക് വിഡോയും ഹോക്ക് ഐയുമാണ് ഉള്ളത്.

എറെക്കാലത്തിന് ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളായ ക്യാപ്റ്റന്‍ അമേരിക്കയും ബക്കിയും തമ്മിലുള്ള കുശലാന്വേഷണവും വീഡിയോയില്‍ കാണാം. വേറെ യൂണിവേഴ്‌സാണെങ്കിലും സുഹൃത്തിന്റെ കല്യാണത്തിന് കാമുകിമാരെക്കൂട്ടിക്കൊണ്ട് ബാക്കിയുള്ള രണ്ട് പീറ്റര്‍ പാര്‍ക്കര്‍മാരും ( ആന്‍ഡ്രൂ, ടോബി) കല്യാണത്തിനെത്തിയിട്ടുണ്ട്. മണിയറക്കുള്ള മുല്ലമാല തയാറാക്കുന്നത് ഇവരാണ്.

‘ഗുരുസ്ഥാനത്ത്’ കാണുന്ന ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് കല്യാണത്തിന് വന്ന് പീറ്ററിനോട് കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാനാകും. സ്‌പൈഡര്‍മാന്‍ സീരീസുകളിലെ വില്ലന്മാരും കല്യാണത്തിനെത്തിയിട്ടുണ്ട്. ലോക്കി, വാന്‍ഡാ, സൈക്ലോപ്‌സ് എന്നിവര്‍ പന്തിയിലിരുന്ന ഭക്ഷണം കഴിക്കുന്നതും സാം വില്‍സണ്‍ കസേരയടുക്കുന്നതുമെല്ലാം പക്കാ റിയലിസ്റ്റിക്കായി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

‘ഹള്‍ക്കിനെ പോഞ്ഞിക്കരയാക്കി’, ‘വോള്‍വറിനെക്കൊണ്ട് സാമ്പാര്‍ വിളമ്പിച്ചത് നല്ല ഐഡിയ തന്നെ’, ‘സ്‌പൈഡര്‍മാന്‍; ബ്രാന്‍ഡ് മാര്യേജ് ഡേ’, ‘ഡോക്ടര്‍ സ്‌ട്രെയ്ഞ്ചിനെ കല്യാണത്തിന് വിളിക്കരുത്’, ‘ക്യാമറമാന്‍ മിക്കവാറും താനോസായിരിക്കും’ എന്നൊക്കെയാണ് കമന്റുകള്‍. പക്കാ ഒറിജിനലാണെന്ന് തോന്നുന്ന തരത്തില്‍ ഇങ്ങനെയൊരു വീഡിയോ ഒരുക്കിയ എഡിറ്ററെയും പലരും പ്രശംസിക്കുന്നുണ്ട്.

View this post on Instagram

A post shared by Hafiz (@ihafix)

Content Highlight: Malayalam AI video of Spiderman and Marvel characters viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more