| Monday, 9th November 2026, 4:41 pm

രാവണന്റെ ടീമില്‍ രണ്ട് മലയാളികളും; രാമായണയില്‍ കൈയടി വാങ്ങി ശോഭനയും ഹരീഷ് ഉത്തമനും

അശ്വിന്‍ രാജേന്ദ്രന്‍

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാഹുബലിയ്ക്ക് പിന്നാലെ ഇന്ത്യന്‍ സിനിമാലോകത്ത് സജീവമായ ചര്‍ച്ചയായ വിഷയമായിരുന്നു ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളായ രാമായണത്തിനും മഹാഭാരതത്തിനും എന്നായിരിക്കും ഇത്തരത്തിലൊരു ചലച്ചിത്രാവിഷ്‌കാരം ലഭിക്കുക എന്നുള്ളത്. ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസിന്റെ ആദിപുരുഷ് വലിയ കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും കേവലം ട്രോള്‍ മെറ്റീരിയല്‍ മാത്രമായി ചിത്രം ഒതുങ്ങുകയായിരുന്നു.

നാലായിരം കോടി മുതല്‍ മുടക്കില്‍ രാമായണ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ സിനിമാ ലോകത്ത് ചര്‍ച്ചകളേറെയായിരുന്നു. നാലായിരം കോടി എങ്ങനെ ഉപയോഗിക്കുമെന്നും ചിത്രത്തിന് ഈ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്നടക്കം ഒട്ടനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണയാണ് ഇത്രയും മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്നത് എന്നറിഞ്ഞതോടെ പലരും മറ്റൊരു ആദിപുരുഷായിരിക്കും ചിത്രം എന്നും വിലയിരുത്തിയിരുന്നു.

രാമായണ. Photo: X.com

എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായിരുന്നു രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന രാമായണയെ കുറിച്ച് പ്രതീക്ഷയേകിയത്. ദംഗല്‍, ചിച്ചോരേ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ നിതിഷ് തിവാരി ഒരുക്കുന്ന ചിത്രം എന്നതിലുപരി രാമായണയ്ക്ക് വി.എഫ്.എക്സ് ഒരുക്കുന്നത് എട്ട് അക്കാദമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഡബിള്‍ നെഗറ്റീവ് സ്റ്റുഡിയോ ആണെന്നത് വലിയ ഹൈപ്പായിരുന്നു രാമായണയ്ക്ക് ഉണ്ടാക്കി നല്‍കിയത്.

ഈ പ്രതീക്ഷകളെയെല്ലാം അര്‍ത്ഥവത്താക്കി കൊണ്ട് മികച്ച ദൃശ്യവിരുന്നായിരുന്നു നിര്‍മാതാവായ നമിത് മല്‍ഹോത്രയും സംവിധായകന്‍ നിതിഷ് തിവാരിയും പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. രാവണനായി യഷും രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ വളരെ ചെറിയ കാസ്റ്റ് വരെ അഭിനന്ദനമര്‍ഹിക്കുന്നതായിരുന്നു.

ചിത്രത്തില്‍ കൈയടി നേടിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ മലയാളികളുടെ പ്രിയതാരമായ ശോഭനയും ഹരീഷ് ഉത്തമനുമുണ്ടായിരുന്നു. രാവണന്റെ അമ്മയായ കൈകസിയായിട്ടായിരുന്നു ചിത്രത്തില്‍ ശോഭന വേഷമിട്ടത്. ചിത്രത്തില്‍ രാവണന്റെ സഹോദരനായ വിഭീഷണനായിട്ടായിരുന്നു ഹരീഷ് ഉത്തമന്‍ വേഷമിട്ടത്.

ചിത്രത്തിന്റെ തുടക്കത്തിലെ യുദ്ധ രംഗം മുതല്‍ തന്നെ ശോഭനയുടെ കൈകസിയെ സംവിധായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഡീ ഏജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ സീനുകളില്‍ താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് രാവണന്റെ മാറ്റത്തിന് കാരണമാകുന്ന കൈകസിയുടെ സംഭാഷണമടക്കം ശോഭന കൈയടക്കത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലടക്കം മികച്ച സ്‌ക്രീന്‍ സ്‌പെയ്‌സ് ശോഭനയ്ക്കുണ്ട്. അതേസമയം കുറഞ്ഞ ഡയലോഗുകള്‍ മാത്രമാണ് ഹരീഷ് ഉത്തമന്റെ വിഭീഷണനുള്ളതെങ്കിലും അദ്ദേഹം തന്റെ ഭാഗം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ജഡായുവിനെ വധിച്ചുകൊണ്ട് സീതയെ അപഹരിച്ച് രാവണന്‍ ലങ്കയിലേക്ക് പറക്കുന്നതോടെയാണ് ആദ്യഭാഗത്തിന് അന്ത്യം കുറിക്കുന്നത്. രണ്ടാം ഭാഗത്തിലെ ലങ്കായുദ്ധത്തില്‍ ഈ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. ലോകത്തിന് മുമ്പില്‍ ഒരു ഇന്ത്യന്‍ ചിത്രമെന്ന രീതിയില്‍ മുമ്പോട്ട് വെക്കാന്‍ പറ്റിയ രാമായണത്തില്‍ രണ്ട് മലയാളി അഭിനേതാക്കളും പ്രധാനവേഷത്തിലെത്തിയ സന്തോഷത്തിലാണ് മലയാള സിനിമാ ലോകം.

Content Highlight: Malayalam actors shobhana and Harish Uthaman performance in Ramayana Part 1

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more