| Thursday, 14th October 2021, 4:37 pm

കറുത്തമ്മയായും പരീക്കുട്ടിയായും അഭിനയിക്കാന്‍ പറ്റിയ ഇന്നത്തെ താരങ്ങള്‍ ആര്; മറുപടിയുമായി മധുവും ഷീലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മധുവും ഷീലയും. വര്‍ഷങ്ങള്‍ക്കിപ്പുറവും നല്ല സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ പഴയകാല സിനിമാ അനുഭവും സിനിമയിലെ സൗഹൃദത്തെ കുറിച്ചും സംസാരിക്കുന്ന മധുവിന്റേയും ഷീലയുടേയും ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു സിനിമയിലെ രസകരമായ ചില അനുഭവങ്ങളെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഇവര്‍ സംസാരിച്ചത്.

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന ചോദ്യത്തിന് മരിച്ചുപോയ നടന്മാരില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ളയാള്‍ ശങ്കരാടിയാണെന്നായിരുന്നു മധുവിന്റെ മറുപടി. ജീവിച്ചിരിക്കുന്നവരില്‍ മോഹന്‍ലാലുമായാണ് ഏറ്റവും അടുപ്പമെന്നും മധു പറയുന്നു. കൂടുതല്‍ പടം മോഹന്‍ലാലുമൊത്ത് ചെയ്തതുകൊണ്ടു കൂടിയാവാം അതെന്നും മധു കൂട്ടിച്ചേര്‍ത്തു.

തന്നെ സംബന്ധിച്ച് മലയാള സിനിമയില്‍ പുരുഷന്മാരില്‍ ഏറ്റവും അടുത്ത സുഹൃത്ത് മധു സാര്‍ ആണെന്നും സ്ത്രീ സുഹൃത്ത് ടി.ആര്‍ ഓമനയാണെന്നുമായിരുന്നു ഷീലയുടെ മറുപടി. താന്‍ സിനിമയില്‍ വന്ന കാലം മുതല്‍ തന്റെ അമ്മയായി അഭിനയിക്കുന്ന ആളാണ് ടി.ആര്‍ ഓമനയെന്നും അവരെ വലിയ ഇഷ്ടമാണെന്നും ഷീല പറയുന്നു.

ഷീലയെ ആദ്യമായി കണ്ടപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് ‘ഈ പെണ്ണ് കൊള്ളാലോ’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മധുവിന്റെ മറുപടി. ഷീല അതിന് മുന്‍പ് ഒരു സിനിമയിലോ മറ്റോ അഭിനയിച്ചിട്ടേ ഉള്ളൂ. അതുകൊണ്ട് ഞാന്‍ കണ്ടിട്ടില്ല. ആദ്യമായി കാണുന്നത് തനിക്കൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോഴാണ്, മധു പറഞ്ഞു.

സിനിമയില്‍ തനിക്ക് കൂടുതല്‍ പ്രയാസം പ്രണയം അഭിനയിക്കാനാണെന്ന് മധു പറഞ്ഞപ്പോള്‍ തന്നെ സംബന്ധിച്ച് സങ്കടം അഭിനയിക്കാനായിരുന്നു ബുദ്ധിമുട്ടെന്നായിരുന്നു ഷീലയുടെ മറുപടി. ‘ദു:ഖപുത്രി എന്ന് പറഞ്ഞാല്‍ അന്ന് ശാരദയാണ്. ഞാന്‍ എല്ലാ തരം ക്യാരക്ടറുകളും അഭിനയിക്കുന്ന ആളാണ്. നട്ടുച്ചയ്ക്ക് റിഫ്‌ളക്ടറൊക്കെ ഇട്ട ശേഷം കണ്ണില്‍ ഗ്ലിസറിനൊക്കെ തേച്ചുകൊണ്ട് ചെരുപ്പില്ലാതെ പാറപ്പുറത്തുകൂടി നടന്നുപോയി ‘അയ്യോ എന്നെ വിട്ടിട്ടു പോകല്ലേ’ എന്നൊക്കെ സങ്കടത്തില്‍ പറയണം. അപ്പോള്‍ ഞാന്‍ വിചാരിക്കും എനിക്ക് ഈ സിനിമാ ലോകമേ വേണ്ട, ഉള്ളതുമതി ഞാന്‍ പോയ്‌ക്കോളാം എന്ന്, ഷീല പറയുന്നു.

മധുസാറുമൊന്നിച്ചുള്ള പ്രണയരംഗങ്ങളൊക്കെ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് രസകരമായ ഒരു അനുഭവമായിരുന്നു ഷീല പങ്കുവെച്ചത്.

ഞാന്‍ എന്റെ മകനെ ഗര്‍ഭിണിയായിരിക്കുന്ന സമയം. ഒന്‍പത് മാസം ആയിട്ടുണ്ടാകും. ആ ഷൂട്ട് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രസവിച്ചു. ആ സമയത്ത് മധു സാറുമൊത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. പാട്ട് രംഗമാണ് എടുക്കുന്നത്. മധു സാറിനാണെങ്കില്‍ വലിയ വയറുണ്ട്. ഞങ്ങള്‍ രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന ഒരു രംഗമാണ്. അപ്പോഴാണ് രസം ഞങ്ങള്‍ക്ക് നേരെ നേരെ നില്‍ക്കാന്‍ കഴിയില്ല. കാരണം എനിക്കും വയറുണ്ട്, പുള്ളിക്കും വയറുണ്ട്. ഒടുവില്‍ ഡാന്‍സ് മാസ്റ്റര്‍ വന്നിട്ട്, തത്ക്കാലം നിങ്ങള്‍ പിറകില്‍ ഇങ്ങനെ ചാരി നിന്നാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് അത് ഷൂട്ട് ചെയ്തത്, (ചിരി) ഷീല പറഞ്ഞു.

ഇന്നത്തെ തലമുറയില്‍ ആരെയെങ്കിലും കറുത്തമ്മയും പരീക്കുട്ടിയുമായി സജസ്റ്റ് ചെയ്യേണ്ടി വന്നാല്‍ ആരുടെ പേരായിരിക്കും പറയുകയെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാനേയും കാവ്യാ മാധവനേയും പറയുമെന്നായിരുന്നു ഷീലയുടെ മറുപടി.

പരീക്കുട്ടിയായി ദുല്‍ഖറിനെ തന്നെ പറയുമെന്നും കറുത്തമ്മയുടെ കാര്യത്തില്‍ എന്റെ മനസില്‍ ഒരു പേര് വരുന്നില്ലെന്നുമായിരുന്നു മധുവിന്റെ മറുപടി. കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ആരാണെന്ന ചോദ്യത്തിന് അത് ചോദിക്കേണ്ടതുണ്ടോ നസീര്‍ തന്നെയാണെന്ന് ഷീല മറുപടി നല്‍കിയപ്പോള്‍ തന്റെ കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയെന്ന് തോന്നിയത് കവിയൂര്‍ പൊന്നമ്മയെ ആണെന്നായിരുന്നു മധുവിന്റെ മറുപടി. ഏതോ ഒരു സിനിമയില്‍ ഭാര്യയായും അമ്മയായും തങ്ങള്‍ അഭിനയിച്ചുട്ടുണ്ടെന്നും ബാക്കിയുള്ളവരെ ശത്രുക്കളാക്കാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഈ മറുപടി പറഞ്ഞതെന്നും ചിരിച്ചുകൊണ്ട് മധു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malayalam Actors Madhu and Sheela about Their Films

Latest Stories

We use cookies to give you the best possible experience. Learn more