രസികന്‍, അണ്ണന്‍ തമ്പി, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഹരിമുരളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലതാരമായി തിളങ്ങിയ ഹരിമുരളി പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ രസികനില്‍ ബാലതാരമായെത്തിയ ഹരിമുരളി വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് അണ്ണന്‍ തമ്പിയില്‍ സിദ്ദിഖിന്റെ ബാല്യകാലമവതരപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ക്ക് പുറമെ സീരിയലിലും ഹരിമുരളി വേഷമിട്ടിട്ടുണ്ട്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ പതിനഞ്ചാം വയസ്സില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ദുബൈയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടില്‍ മടങ്ങിയെത്തി ജോലിക്കൊപ്പം തന്നെ എഴുത്തുകളുമായി മുന്നോട്ട് പോകുകയായിരുന്നു.
Content Highlight: Malayalam Actor Harimurali Found dead at his home